ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
Tags : Peace Gaza Pakistan withdraws support US plan