ഗാന്ധിനഗര്‍: ഭാര്യക്കെതിരേ അപവാദപ്രചാരണം നടത്തിയ മുന്‍ ജീവനക്കാരനെ ക്വട്ടേഷന്‍ നല്കി ആക്രമിച്ചെന്ന കേസില്‍ എസ്എച്ച് മൗണ്ടിലെ കടയുടമയെ പ്രതിചേര്‍ത്തു പോലീസ്. അക്രമികളെയും കടയുടമയെയും തമ്മില്‍ പരിചയപ്പെടുത്തിയ പൊതുപ്രവര്‍ത്തകനെയും പ്രതിചേര്‍ത്തതായാണ് വിവരം.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുണ്ടായ അക്രമങ്ങളില്‍ അഞ്ചു പേരെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
മെഡിക്കല്‍ കോളജിന്റെ പരിസരത്ത് വച്ച് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പണം കവരുകയും ചെയ്തിരുന്നു. ഈ കേസില്‍ പൂവന്തുരുത്ത് സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിയെ പിടികൂടിയതോടെയാണ് കേസിനു പിന്നില്‍ ക്വട്ടേഷനാണെന്നു വ്യക്തമായത്.
ആക്രമണത്തിന് ഇരയായ യുവാവ് എസ്എച്ച് മൗണ്ടിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. കടയുടമയുടെ ഭാര്യയ്ക്കെതിരേ ഇയാള്‍ അപവാദ പ്രചരണം നടത്തിയെന്ന് പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് കേസ്.
പൊതുപ്രവര്‍ത്തകനായ നേതാവാണ് ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട യുവാവിനെ കടയുടമയ്ക്ക് പരിചയപ്പെടുത്തിയതെന്നു പറയുന്നു.
Tags : Police