District News
സുൽത്താൻ ബത്തേരി: ബീനാച്ചി റിസോർട്ട് സംഘർഷത്തിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ സിപിഎമ്മും പോലീസും സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് യുഡിഎഫ് സുൽത്താൻ ബത്തേരി നീയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മാർച്ചിനിടയിലേക്ക് പോലീസ് ഇടിച്ചു കയറി മനപ്പൂർവം പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടക്കുന്നതെന്ന് എംഎൽഎ ആരോപിച്ചു. സംഷാദ് മരയ്ക്കാർ, കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, ടി.പി. രാജശേഖരൻ, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര, ബാബു പഴുപ്പത്തൂർ, ഉമ്മർ കുണ്ടാട്ടിൽ, എൻ.എ. അസൈനാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: മത്സരയോട്ടത്തിൽ ഏർപ്പെട്ടതായി പരാതിയുള്ള സ്വകാര്യ ബസ് ഇടിച്ച് ഒക്ടോബർ മൂന്നിന് രാമനാട്ടുകരയിൽ മധ്യവയസ്ക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) ആർടിഒക്കും നിർദേശം നൽകി.
മത്സരയോട്ടത്തെകുറിച്ചും അപകടത്തിൽപ്പെട്ടയാളുകളെ രക്ഷിക്കാൻ ശ്രമിക്കാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതിനെ കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കണം.15 ദിവസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. നവംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തസ്ലീമ (54) യാണ് മരിച്ചത്.
കോഴിക്കോട്-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘ടീപീസ് ’ എന്ന ബസാണ് ഇടിച്ചത്. തസ്ലീമയുടെ ഭർത്താവിന് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം തട്ടിയതായി മനസിലാക്കിയപ്പോൾ ബസ് ഡ്രൈവറും കണ്ടക്റ്ററും ബസിന്റെ താക്കോലുമെടുത്ത് സ്ഥലത്ത് നിന്നും മുങ്ങിയതായി പറയുന്നു.
ഇത്തരം നടപടികൾ മനുഷ്യരഹിതമാണെന്ന് കമ്മീഷന് വിവരങ്ങൾ കൈമാറിയ പത്രപ്രവർത്തകൻ ഇർഷാദ് കല്ലമ്പാറ പറഞ്ഞു. റോഡിലുണ്ടായിരുന്ന ബസ് ഫറോക്ക് പോലീസ് ക്രെയിനിന്റെ സഹായത്തോടെയാണ് നീക്കം ചെയ്തത്. പാലക്കാട്ടേയ്ക്ക് സർവീസ് നടത്തുന്ന ‘റൊസാരിയോ’ എന്ന ബസുമായി മത്സരയോട്ടത്തിലായിരുന്നു ഇടിച്ച ബസ് എന്ന് പറയപ്പെടുന്നു. കമ്മീഷനിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ്(ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെ(43)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരു ഇന്ദിര നഗറിലെ ഹോട്ടലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ബുനനാഴ്ച പിടികൂടിയ പ്രതിയെ ഇന്നലെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയാണ് പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024ൽ ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് ജോലി ലഭിക്കാതെ വന്നതോടെ ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നൂറിലധികം പരാതികളാണുള്ളത്.
പലരില്‍ നിന്നായി ഏകദേശം നാലു കോടി രൂപയോളം തട്ടിയതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ 500 ഓളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പത്തനംതിട്ട: നാട്ടുകാര്‍ തടഞ്ഞുവച്ചയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്(44) ആണ് അറസ്റ്റലായത്.
ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതിനേ തുടര്‍ന്ന് രാജനെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു.
ഏനാത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.
Kerala
വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.
Kerala
ആലപ്പുഴ:mഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പോലീസുകാർക്ക് മർദനം. ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിലാണ് സംഭവം.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ യുവാക്കളുടെ സംഘം ചേർന്ന് പോലീസിനെ വളഞ്ഞു.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹസീർഷ. ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ എന്നിവർക്കാണ് പരിക്കേറ്റത്.
Kerala
തിരുവനന്തപുരം: ബധിരയും മൂകയുമായ വയോധികയെ അയൽവാസി വീട് കയറി ആക്രമിച്ചു. തിരുവനന്തപുരം പുലയനാർ കോട്ടയിലാണ് സംഭവം.
ഗിരിജാ ദേവിക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതിർത്തി തർക്കമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു. വയോധിക വീട്ടില്‍ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവ് പിടിയിൽ. ജീവനക്കാർ ചേർന്ന് പിടികൂടി യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. സ്വകാര്യ ലേഡീസ് ഹോസ്റ്റലിൽ രാത്രി പത്തോടെയാണ് സംഭവം.
പ്രതി മദ്യ ലഹരിയിലാണെന്നാണ് സംശയം. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
District News
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.
തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു.
ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു.
രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ നാട്ടുകാർ ബാലകൃഷ്ണന്റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകൾ. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലാണ്. കൈവിരലുകൾ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലായിരുന്നു.
ഒടുവിൽ നാട്ടുകാരുടെ ഇടപെട്ട് ബാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.
Kerala
ചെങ്ങന്നൂർ: ചില്ലറ വിൽപനയ്ക്കായി കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലം താലൂക്കിൽ കൊടിയത്തൂർ സ്വദേശിയായ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ (30) ആണ് നൈറ്റ് പെട്രോളിംഗിനിടെ അറസ്റ്റിലായത്.
ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ബാഗിൽ സൂക്ഷിച്ചിരുന്ന 1116 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആവശ്യക്കാർക്ക് ചില്ലറയായി വിൽപ്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഇയാൾ സഞ്ചരിച്ചുകൊണ്ടിരുന്ന കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതോടെ, ഷാഫി പറമ്പിലിന് നേരെ ലാത്തി ചാർജ് നടത്തിയില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു.
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു.
പേരാമ്പ്ര ഗവൺമെന്റ് സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.
ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
NRI
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജർമൻ പോലീസിന് അധികാരം നല്കുന്നു. ജർമൻ മന്ത്രിസഭ ഇതിനുള്ള നിയമം അംഗീകരിച്ചു. ഇനി പാർലമെന്റിൽ പാസാകണം. യൂറോപ്യൻ രാജ്യങ്ങളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുകയും പതിനായിരം യാത്രക്കാർ കുടുങ്ങുകയുമുണ്ടായി.
ഡെന്മാർക്ക്, ബെൽജിയം രാജ്യങ്ങളിലും അജ്ഞാതഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിൽ റഷ്യ ആണെന്നു സംശയിക്കുന്നതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണി മറികടക്കാനായി ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന സെൻസറുകളും സംവിധാനങ്ങളും ഉപയോഗിച്ച് പ്രത്യേക മതിൽ സ്ഥാപിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ ആവശ്യപ്പെട്ടിരുന്നു.
Kerala
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
Kerala
ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്.
ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്യുടെ കാരവാന് പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പോലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു.
അതേസമയം, കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു. അപകടം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണുള്ളത്. മറ്റ് അംഗങ്ങളെ സംഘത്തലവനായ അസ്ര ഗാര്ഗിന് തീരുമാനിക്കാം.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
വിജയ്യുടെ കാരവാൻ നാമക്കൽ പോലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് കൈമാറിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ട് എടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പോലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കരൂരിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘ദുരന്തമുണ്ടായ ഉടൻ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കൾക്കു പറ്റിയ ഗുണമല്ലെന്നു പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമാണ്. എത്രയോ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. പക്ഷേ, നേതാക്കൾക്ക് ഒട്ടും പശ്ചാത്താപമില്ല.’ -കോടതി പറഞ്ഞു.
ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്ഐടി) സംഭവം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
Kerala
മലപ്പുറം: പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയൽ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെ 35 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂർ ടൗണിൽ തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു.
തുടർന്ന് വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാർഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. പൊയിലൂരിലാണ് സംഭവം.
പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് മർദിച്ചതെന്ന് മർദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് പറഞ്ഞു.
പരിക്കേറ്റ കുട്ടികളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ വാഹനപരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ. തിരുവണ്ണാമലയിലാണ് സംഭവം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയെ സഹോദരിയുടെ മുന്നിൽവച്ചാണ് പോലീസുകാർ പീഡിപ്പിച്ചത്. സംഭവത്തിൽ തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി.
ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പോലീസുകാർ കേട്ടില്ല. പോലീസുകാർ പീഡനത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
പുലർച്ചെ നാലോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് സൂപ്രണ്ട് സുധാകറും ഡപ്യൂട്ടി സൂപ്രണ്ട് സതീഷും ആശുപത്രി സന്ദർശിച്ചു. അഞ്ച് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും യുവതികൾക്കു വേണ്ട സഹായത്തിനുമായി ചുമതലപ്പെടുത്തി. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
NRI
കോട്ടയം: കുവൈറ്റിലെ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ എട്ട് മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ കോട്ടയത്ത്. 10 കോടിയോളം രൂപ വായ്പ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്ക്കെതിരേയാണ് പരാതി.
വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 60 ലക്ഷം മുതല്‍ 1.20 കോടി രൂപവരെ ബാങ്കിന് കുടിശികയായവര്‍ ഇക്കൂട്ടത്തിലുണ്ട്.
അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിലെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. കോവിഡ് വ്യാപന സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്.
2020ല്‍ എടുത്ത വായ്പകളുടെ മേല്‍ 2022ല്‍ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈറ്റില്‍ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. ബാങ്കിന്റെ പരാതിയില്‍ പറയുന്ന മേല്‍വിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഒരു കോടിയില്‍ അധികം രൂപ തിരിച്ചടയ്ക്കാനുള്ള ചിലര്‍ ഇപ്പോഴും വിദേശത്താണെന്നതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ളവ നല്കുന്നതില് വിദഗ്ധ ഉപദേശം പോലീസ് തേടിയേക്കും.
സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള തെളിവ് നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. ബാങ്ക് അധികൃതര്‍ നല്കിയ തെളിവുകളില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് കേസുകള്‍ എടുത്തിരിക്കുന്നത്.
മറ്റൊരു രാജ്യത്തെ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയായതിനാല് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സമാന സ്വഭാവത്തിലുള്ള കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
Kerala
കണ്ണൂർ: പോലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ അഞ്ച് പേർക്കെതിരെ കേസ്. ഈ മാസം 16-ാം തീയതി നടന്ന സംഭവത്തിലാണ് നടപടി.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറുകയും യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടാതെ, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. ശേഷം സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
ദൃശ്യം പ്രചരിച്ചതിനു പിന്നാലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് പ്രതികൾ പോലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യംപിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് ടൗൺ പോലീസ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Kerala
ആലപ്പുഴ: കൊലക്കേസ് പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്.
1994ൽ ചെറിയനാട് കുട്ടപ്പ പണിക്കർ(71)എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയപ്രകാശ്. ഇയാളുടെ മർദനത്തിൽ പരിക്കേറ്റ കുട്ടപ്പ പണിക്കർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ജയപ്രകാശ് ബോംബെയ്ക്ക് മുങ്ങിയിരുന്നു. മരണവാർത്ത അറിഞ്ഞതോടെ വിദേശത്തേക്കും പോയി. ഇതോടെ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 1999ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഇയാളെ പിടികൂടാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചെന്നിത്തലയിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഈ വീട് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഓണത്തിന് ഭാര്യ വീട്ടിലെത്തിയ പ്രതിയെ പോലീസ് കൈയോടെ പിടികൂടി.
Kerala
തിരുവനന്തപുരം: ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍ ലംഘിച്ച് പോലീസിലെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. ഞായറാഴ്ച കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
എസ്ഐയും അസോസിയേഷൻ ഭാരവാഹികളുമടക്കം റീൽസിലുണ്ട്. പോലീസിലെ റീൽസ് ചിത്രീകരണം പരിധി കടന്നതോടെയാണ് ഡ്യൂട്ടിക്കിടെ റീൽസ് എടുക്കുന്നത് വിലക്കികൊണ്ട് ഡിജിപി ഉത്തരവിറക്കിയത്.
പോലീസ് യൂണിഫോമിൽ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ചിത്രീകരണം പാടില്ലെന്നായിരുന്നു ഉത്തരവ്.
Kerala
കൊല്ലം: പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പോലീസ് റെയ്ഡ് നടത്തിയത്.
പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ചതിന് വലപ്പാട് രണ്ടു യുവതികളെ നാടുകടത്തി. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് കരയാമുട്ടം ചിക്കവയലിൽവീട്ടിൽ സ്വാതി(28), വലപ്പാട് ഈയാനിവീട്ടിൽ ഹിമ(25) എന്നിവരെയാണ് കാപ്പപ്രകാരം ഒരുവർഷത്തേയ്ക്ക് നാടുകടത്തിയത്.
2025 ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരിട്ടിരുന്നു. ഉത്തരവുലംഘിച്ച് മരണവീട്ടിൽകയറി ആക്രമണംനടത്തിയതിനെ തുടർന്നാണ് യുവതികളെ നാടുകടത്തിയത്.
ഇരുവരും വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ചാക്കേസിലും വീടുകയറി ആക്രമണംനടത്തിയ കേസിലും അടിപിടിക്കേസിലും ഉൾപ്പടെ നാല് ക്രിമിനൽകേസുകളിലെ പ്രതികളാണ്.
വലപ്പാട് സിഐ കെ. അനിൽകുമാർ, എസ്ഐ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിനു പ്രധാന പങ്കുവഹിച്ചു.
Kerala
കോഴിക്കോട്: തിക്കോടിയില്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്, ഇയാളുടെ ഭാര്യയും സ്കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന് പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
വിജയന്റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.
Kerala
കൊച്ചി: ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്.
എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്റെ തലയ്ക്കാണ് പരിക്കേറ്റത്.
National
ലക്നോ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വസതിക്കു നേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവയ്പുണ്ടായത്. പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
സെപ്റ്റംബര്‍ 12ന് പുലര്‍ച്ചയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവയ്പ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പോലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്.
ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞത്.
യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അക്രമികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തെന്നും അത് തടയുന്നതിനിടെയാണ് പ്രതികള്‍ക്ക് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രതികള്‍.
Kerala
തൃശൂർ: പീച്ചി പോലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി.വി. രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നൽകുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മാത്രമാണ്.
അഡീഷണല്‍ എസ്പിക്ക് രതീഷ് നല്കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. ദിനേശനെ വായില്‍ ബിരിയാണി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടര്‍ന്നാണ് ഹോട്ടൽ മാനേജറേയും ഡ്രൈവറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതെന്നുമാണ് രതീഷ് പറയുന്നത്. എന്നാൽ താന്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് രതീഷിന്റെ ന്യായീകരണം .
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ.പി. ഔസേപ്പിനേയും മകനേയുമാണ് എസ്ഐ മർദിച്ചത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്.
National
ബംഗളൂരു: ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പോലീസിന് ലഭിച്ചതായാണ് വിവരം. കോളജിലെ ചില പൂര്‍വ വിദ്യാർഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
NRI
ഹൂസ്റ്റൺ: മദ്യപിച്ച് വാഹനമോടിച്ചതിന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സ്പെഷ്യൽ ഡെപ്യൂട്ടിമാരായ ഡുംഗ് ഹോംഗ്, അരിയാന ഐസിസ് മാർട്ടിനെസ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അരിയാന മാർട്ടിനെസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
മോശം പെരുമാറ്റ കുറ്റത്തിനാണ് ഇവരെ പിരിച്ചുവിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങി.
Kerala
കോഴിക്കോട്: അധ്യാപകന് ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിയെ പോലീസ് രക്ഷിച്ചു. പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സ്കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥി സ്കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ അധ്യാപകരെ വിവരമറിയിച്ചു.
അധ്യാപകര്‍ ഉടന്‍ വടകര പോലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാർഥിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി. പോലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാർഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് ട്രെയിൻ വരുന്നതിനിടെ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാർഥിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
Kerala
പത്തനംതിട്ട: അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു.
ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
National
ന്യൂഡൽഹി: ശമ്പളം മുൻകൂറായി നൽകാത്തതിനെ തുടർന്ന് തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് 4.5 ലക്ഷം രൂപ കവർന്ന ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. ഡൽഹിയിലെ ദ്വാരക ജില്ലയിലെ നജഫ്ഗഡിലാണ് സംഭവം.
സംഭവം നടന്ന് എട്ടു മണിക്കൂറിനുള്ളിൽ പ്രതികളെ ദ്വാരക പോലീസിന്റെ ആന്റി-ബർഗ്ലറി സെൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 3.14 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നജഫ്ഗഡിലെ താമസക്കാരനായ മുകുൾ ജെയിനിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 4.5 ലക്ഷം രൂപ കാണാതായിരുന്നു. പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് മുഖം മറച്ച് ഗോഡൗണിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയിരുന്നു. തുടർന്നാണ് പണം കവർന്നത്.
സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. മുംതാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സംഭവ സമയം ഇയാളുടെ ലൊക്കേഷൻ ഗോഡൗണിൽ ആയിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി.
ചോദ്യം ചെയ്യലിൽ, ശമ്പളം മുൻകൂറായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാനും തന്റെ തൊഴിലുടമയെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ മോഷണം നടത്തിയതെന്നും മുംതാസ് പോലീസിനോടു പറഞ്ഞു.
Kerala
തൊടുപുഴ: ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിനെ മകൻ ക്രൂരമായി മർദിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ്(84) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ, ടേബിൾ ഫാനും ഫ്ലാസ്കും ഉപയോഗിച്ച് ആണ്ടവരെ മർദിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു.
സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മണികണ്ഠനെ രാജാക്കാട് പോലിസാണ് കസ്റ്റഡിയിൽ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ആളാണ് ആണ്ടവർ.
Kerala
തൃശൂർ: 1പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ജീവനൊടുക്കി. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് മരിച്ചത്.
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് തോക്കെടുത്ത് ആകാശത്തേയ്ക്ക് നിറയൊഴിച്ചത് പരിഭ്രാന്തി പരത്തി. ഇൻഡോറിലെ മാൽപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന രാത്രി മത്സരത്തിനിടെയാണ് സംഭവം.
സംഭവസമയം സ്റ്റേജിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. യുവാവ് ഒന്നിലധികം പ്രാവശ്യം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
തോക്കുമായി ഇയാൾ എങ്ങനെ സ്റ്റേഡിയത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗീകാരോപണ പരാതി. ഗവേഷക വിദ്യാർഥിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2020ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പോലീസ് വേടനെതിരെ കേസെടുത്തത്.
സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞ വേടൻ അവിടെ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരി കേരളത്തിന് പുറത്താണുള്ളത്. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലമോ തീയതിയോ അറിയിക്കണമെന്ന് പരാതിക്കാരിയോട് സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. വേടനെതിരായ മറ്റൊരു ബലാത്സംഗ പരാതി കേസിൽ ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.
Kerala
ആലപ്പുഴ: ചേർത്തലയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്.
കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു.
ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഗുരുഗ്രാം: ഹരിയാനയിൽ യൂട്യൂബർ എൽവീഷ് യാദവിന് വീടിന് നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നീരജ് ഫരീദ്പുരിയ-ഹിമാൻഷു ഭൗ സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരാണ് പിടിയിലായത്.
ഗൗരവ് സിംഗ് എന്ന നിക്ക (22), ബിഹാറിലെ കൈമൂർ ജില്ലയിൽ നിന്നുള്ള ബിസിഎ വിദ്യാർഥി ആദിത്യ തിവാരി (19) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രോഹിണിയിലെ ഷഹ്ബാദ് ഡയറിയിലെ ഖേര കനാലിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഡൽഹിയിൽ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് എസിപി രാഹുൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പുരൺ പന്ത്, രവി തുഷിർ, ബ്രഹം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.
"പ്രതികളിൽ ഒരാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കാൻ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ വെടിവയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുവരെയും കീഴടക്കി'.-ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.
ഇവരിൽ നിന്ന് ഒരു പിസ്റ്റൾ, നാല് ലൈവ് കാട്രിഡ്ജുകൾ, ഒരു മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
ജയിലിൽ കഴിയുന്ന ഗുണ്ടാനേതാക്കളായ നീരജ് ഫരീദ്പുരിയയുടെയും കൂട്ടാളിയായ ഹിമാൻഷു ഭാവുവിന്റെയും നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇരുവരും നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ ശ്രമിച്ചുവെങ്കിലും സംഘത്തലവൻമാരുടെ നിർദേശപ്രകാരം ഡൽഹിയിൽ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.
ഓഗസ്റ്റ് 17 ന് പുലർച്ചെയാണ് മോട്ടർസൈക്കിളിലെത്തിയ മൂന്നുപേർ ഗുരുഗ്രാമിലെ സെക്ടർ 56 ലെ എൽവിഷ് യാദവിന്റെ വസതിക്ക് നേരെ വെടിവച്ചത്. സംഭവത്തിന് പിന്നാലെ ആക്രമികൾ ഓടിരക്ഷപെട്ടിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ അപരിചിതൻ പരസ്യമായി ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹൂഗ്ലിയിലെ ഉത്തർപാറയിലെ ഒരു മധുരപലഹാരക്കടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടി മുത്തശിക്കൊപ്പമാണ് ഒരു മധുരപലഹാര കടയിലെത്തിയത്. ഇരുവരും കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒരു മധ്യവയസ്കൻ ഇവരെ സമീപിക്കുകയും കുട്ടിയോട് സംസാരിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾ അനുവാദമില്ലാതെ കുട്ടിയുടെ തലയിൽ തലോടുകയും കവിളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ കുട്ടിയുടെ കവിളിൽ ചുംബിച്ചു. തൊട്ടുപിന്നാലെ ഇയാൾ കുട്ടിയുടെ ചുണ്ടിലും ചുംബിക്കാൻ ശ്രമിച്ചു.
എന്നാൽ കുട്ടി പിന്നിലേയ്ക്ക് മാറിപോയി. പെൺകുട്ടി മുത്തശിയോട് ചേർന്ന് നിൽക്കുമ്പോൾ ഇയാൾ കുട്ടിയുടെ തോളിൽ കൈവയ്ക്കുകയും വായിലേക്ക് വിരൽ കടത്തുകയും ചെയ്തു.
ഈ സമയമത്രെയും മറ്റ് ആളുകൾ വരുകയും പോവുകയും ചെയ്യുന്നുണ്ടെങ്കിലും ആരും സംഭവം ശ്രദ്ധിച്ചില്ല. മുത്തശിക്കും കാര്യമൊന്നും മനസിലായില്ല.
സംഭവത്തിൽ പ്രതിയെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി.
ബെൽഗഢ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർസി ഗ്രാമത്തിലാണ് സംഭവം. ഓം പ്രകാശ് ബത്തം എന്നയാളാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.
ശിവാനി ഝ എന്ന യുവതിയെയാണ് ഓം പ്രകാശ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിന് ശിവാനിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു.
വിവാഹത്തിന് പിന്നാലെ ഇരുവരും ദാബ്രയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 19ന് ഹർസിയിലെത്തിയ ഓം പ്രകാശിനെ ഭാര്യയുടെ ബന്ധുക്കൾ വളഞ്ഞു.
ശിവാനിയുടെ അച്ഛൻ, സഹോദരൻ, മറ്റ് ബന്ധുക്കൾ, അയൽക്കാർ എന്നിവർ ചേർന്ന് ഓം പ്രകാശിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബം ഗ്വാളിയോറിലെ ജയരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓം പ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണത്തെ തുടർന്ന് പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവാനിയുടെ പരാതിയിൽ നാല് പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ദ്വാരിക പ്രസാദ് ഝാ, രാജു ഝാ, ഉമ ഓജ, സന്ദീപ് ശർമ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ചപ്പോഴാണ് അസദുള്ള രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് അസദുള്ള.
നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.
Kerala
കൊച്ചി: കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പോലീസിൽ അറിയിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം.
പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഇതു ശ്രദ്ധിക്കാം
ഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു വന്‍ തട്ടിപ്പ് ആണ്.
നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ചിലപ്പോള്‍ ഫോണ്‍ തന്നെയോ ഹാക്ക് ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. ജാഗ്രത പാലിക്കൂ, സംശയാസ്പദ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.
Kerala
ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിറിന് മുൻകൂർ ജാമ്യത്തിൽ തുടരാം. സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി.
കേസിലെ പരാതിക്കാരൻ അരൂര്‍ സ്വദേശി സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതോടെ, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചു.
ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നുമാണ് സിറാജ് പരാതി നല്‍കിയിരുന്നത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ്‍ ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ്‍ വിളിയും ഫോണ്‍ വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം. സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർ ലാത്തി വീശുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യരുത്. സംഘർഷ സാഹചര്യങ്ങൾ മുൻകൂട്ടി കാണാനാകണം. ഇതിനനുസരിച്ചുള്ള ക്രമീകരണം ഒരുക്കണം. സംഘർഷ സാഹചര്യത്തിൽ പോലീസുകാർക്കു പരിക്ക് ഏൽക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ ധരിക്കണം.
സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നടപടികളാകണം പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പൊതുസമൂഹത്തിൽ കളങ്കമുണ്ടാക്കുന്ന നടപടികൾ പാടില്ല. പോലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
വരുന്ന 31നു സർവീസിൽ നിന്നു വിരമിക്കുന്ന ഡിജിപി ഹരിനാഥ് മിശ്രയ്ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിലാണ് ഹരിനാഥ്മിശ്ര.
യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയെ കൂടാതെ എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത്, പി.വിജയൻ, എം.ആർ.അജിത്കുമാർ, ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: കേരളത്തില്‍ പോക്സോ കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിനായി 20 പോലീസ് ജില്ലകളിലും നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രത്യേക അന്വേഷണ സംഘം രുപവത്കരിക്കുന്നതിന്റെ ഭാഗമായി 2025 ഏപ്രിലില്‍ 304 തസ്തികകള്‍ രൂപവത്കരിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്ലുകള്‍ നിലവിലുള്ള 16 പോലീസ് ജില്ലകളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് എന്നു പുനര്‍നാമകരണം ചെയ്ത് ഡിവൈഎസ്പിമാര്‍ക്ക് അധിക ചുമതല നല്കി.
നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാലു ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്സിപിഒ, അഞ്ച് സിപിഒമാര്‍ എന്നിങ്ങനെയാണ് 16 അംഗ സംഘം രൂപവത്കരിച്ചിരിക്കുന്നത്. പോക്സോ കേസ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിനു ജൂണിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളും ആവശ്യമാണ്. എക്സിക്യൂട്ടീവ്, ടെക്നിക്കല്‍, ഭരണ വിഭാഗങ്ങളിലായി മൊത്തം 500 ഓളം പേര് പ്രത്യേക വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
ഒരു വര്‍ഷം ശമ്പളത്തിനും മറ്റുമായി 21.68 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. പരാതികളിലുള്ള വര്‍ധനവും പോലീസുകാരുടെ കുറവും കാരണം മൊത്തത്തിലുള്ള കേസ് അന്വേഷണം ഇഴയുന്നതിനിടെ പോക്സോ കേസ് അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘം രൂപവത്കരിക്കുന്നതു നീതിനിര്‍വഹണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
നീതി ഇനി വേഗത്തില്‍:
ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീലം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നീതിന്യായ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2012ലാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോക്സോ) നടപ്പാക്കിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നഷ്ടപരിഹാരവും നിയമം ഉറപ്പാക്കുന്നു. പ്രത്യേക കോടതികള്‍ വഴി കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കും പോക്സോ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് പോലീസ് പരാതി രേഖപ്പെടുത്തേണ്ടത്. കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തണം.
അടിയന്തര വൈദ്യ പരിചരണവും വൈദ്യ പരിശോധനയും താമസംവിനാ ലഭ്യമാക്കണം. മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണം. പ്രത്യേക കോടതിയിലും ശിശുക്ഷേമ സമിതിയിലും കേസ് റിപ്പോര്‍ട്ട് ചെയ്യണം.
ലോക്കല്‍ പോലീസ് നടത്തുന്ന പോക്സോ കേസ് അന്വേഷണത്തില്‍ ഇത്തരം നടപടികളില്‍ പലപ്പോഴും വീഴ്ചയും കാലതാമസവുമുണ്ടാകാറുണ്ട്. പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഇത്തരം പരാതികള്‍ക്കു കുറവുണ്ടാകും.
Kerala
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം.
രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
Kerala
തൃശൂർ: പുതുക്കാട് കമിതാക്കൾ ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മം ചെയ്യാന്‍ അസ്ഥികൾ പെറുക്കി സൂക്ഷിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവർഷം മുമ്പാണ് അവിവാഹിതരായ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. കുട്ടി മരിച്ചതിന് ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം യുവതി കുഞ്ഞിന്റെ അസ്ഥികൾ യുവാവിനെ ഏൽപിച്ചു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകി. കുട്ടി മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് അസ്ഥികള്‍ പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.
District News
തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട് വയസുകാരൻ കുറ്റക്കാരനെന്നു കോടതിയുടെ കണ്ടെത്തൽ. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കത്തിൽ വീട്ടിൽ അഫ്സലിനെ ആണ് തിരുവനന്തപുരം പോക്സോ ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
രണ്ടായിരത്തി ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് കാരണം പ്രതിക്ക് ജാമ്യം നൽകാതെയാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. കുറ്റംചെയ്തത് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി എന്നാ അപൂർവതകൂടി ഈ കേസിനുണ്ട്.
പേരൂർക്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന വി.സൈജു നാഥ്, ജി അരുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം ഹാജരാക്കിയത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാകാൻ യുപിഎസ്സി യോഗം അംഗീകരിച്ച ഡിജിപിമാരുടെ പട്ടികയിൽ സീനിയർമാരായ നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ തന്നെ ഇടം നേടി. ഇവരിൽ സീനിയറായ നിതിൻ അഗർവാളാകും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ നിർദേശിക്കാൻ സാധ്യത. അടുത്ത ദിവസങ്ങളിൽ മൂന്നു പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി നിശ്ചയിക്കും. 30നാണ് നിലവിലെ ഡിജിപി ഷെയ്ക് ദർബേഷ് സാഹിബിന്റെ കാലാവധി കഴിയുന്നത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നാലാമത്തെ ഡിജിപിയായ മനോജ് ഏബ്രഹാമിന്റെ ഫയൽ യുപിഎസ്സി പരിഗണിച്ചില്ല.
നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ സംസ്ഥാന പോലീസ് മേധാവിയുടെ കേന്ദ്ര പട്ടികയിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നു നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള യുപിഎസ്സി യോഗം ഉച്ചയ്ക്ക് 12നു തുടങ്ങിയെങ്കിലും 15- 20 മിനിറ്റ് മാത്രമാണു നീണ്ടത്. സീനിയോരിറ്റിയും സർവീസ് രേഖകളും ഐബി റിപ്പോർട്ടുമാണ് പരിഗണിച്ചത്. വിജിലൻസ് കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവരെ ഒഴിവാക്കാൻ നിശ്ചയിച്ചിരുന്നു. യുപിഎസ്സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രസേനയുടെ മേധാവി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനം നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത്കുമാർ എന്നിവരുടെ പേരുകൾ യുപിഎസ്സി ഉൾപ്പെടുത്തിയില്ല.
ബിഎസ്എഫ് മേധാവിയായിരിക്കെ കേന്ദ്രം മാതൃ കേഡറിലേക്കു മടക്കി അയച്ച നിതിൻ അഗർവാൾ നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ്. രവത ചന്ദ്രശേഖർ കഴിഞ്ഞ 10 വർഷമായി ഐബിയിലാണ്. യോഗേഷ് ഗുപ്ത നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്.
District News
കടുത്തുരുത്തി: മാന്‍വെട്ടത്തെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വടക്കേവിള അയത്തില്‍ പുത്തന്‍വിള വീട്ടില്‍ നജീമുദീന്‍ (52) നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.
തിരുവനന്തപുരം ബീമാപ്പള്ളിയില്നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍നിന്ന് എട്ടര പവന് സ്വര്‍ണവും 25,000 രൂപയും പാലക്കാട് വടക്കഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഒരു വീട്ടില്‍ നടത്തിയ മോഷണത്തിനിടെ രണ്ട് വാച്ചുകളും കവര്‍ന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
മാന്‍വെട്ടത്തെ മോഷണ ദിവസത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്ന് മഴക്കോട്ടിട്ട ഒരാള്‍ പോകുന്നത് കണ്ടിരുന്നു. ഇയാളുടെ ദൃശ്യം വ്യക്തമല്ലായിരുന്നു. കുറുപ്പന്തറ കവലയിലെത്തി ഓട്ടോറിക്ഷയില്‍ ഇയാള്‍ കയറി കുറവിലങ്ങാട് ഇറങ്ങി. ഇങ്ങനെ ഒരാള്‍ പുലര്‍ച്ചെ വന്ന് ഓട്ടം വിളിച്ചിരുന്നതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
കുറവിലങ്ങാടുനിന്ന് ബസില്‍ കയറിപ്പോയ ഇയാളുടെ സാന്നിധ്യം കൂത്താട്ടുകുളത്തും പിന്നീട് വടക്കന്‍ പറവൂരിലും പോലീസ് സംഭവ ദിവസം കണ്ടെത്തി. സംഭവദിവസം ഏറ്റുമാനൂരില്‍ വരെ താന്‍ വന്നിരുന്നതായും മോഷണം നടത്താനായി ശ്രമിച്ചെങ്കിലും ഒരിടത്തും കയറാനായില്ലെന്നും നജീമുദീന്‍ പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച നജീമുദീനെ വടക്കഞ്ചേരി പോലീസിന് കൈമാറിയതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് പറഞ്ഞു.
കസ്റ്റഡിയിലാകുന്നത് 22 ദിവസത്തിന് ശേഷം
കഴിഞ്ഞ മേയ് 31-ന് രാത്രിയിലാണ് മാന്‍വെട്ടം നെടുതുരുത്തി മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സാവശ്യത്തിനായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയിലായിരുന്നു.
ജൂണ്‍ ഒന്നിന് രാവിലെ പത്തിന് ജോയി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയുടെ അടിവശത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും മരുമകന് ബിനുവിന്റെയും മാല, വള, കമ്മല്‍, മോതിരങ്ങള്‍ ഉള്‍പ്പെടെയുള്ള 32 പവന് സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ഇതിനൊപ്പമുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. ജോയിയുടെ സമീപത്തെ വീട്ടില്‍ താമസക്കാരില്ല. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
District News
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുടമാളൂർ അമ്പാടി ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ജയിംസ് ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 19ന് രാത്രിയിൽ ജനറൽ ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന തലയാഴം സ്വദേശി മണിക്കുട്ടനുമായുണ്ടായ തർക്കത്തെത്തുടർന്ന് കത്തിക്ക് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധിക്കേസുകളിൽ പ്രതിയാണ്.
District News
ഏറ്റുമാനൂർ: ബാറിലെ വാക്കുതർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പേരൂർ ഇഞ്ചിക്കാല വീട്ടിൽ മുഹമ്മദ് റാഫി(41)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11നു വൈകുന്നേരം തവളക്കുഴിയിലെ ബാർ ഹോട്ടലിനു സമീപം റോഡരികിൽവച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദിക്കുകയും ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്ഐമാരായ അഖിൽദേവ്, മനോജ് കെ.കെ, എസ്സിപി ഒമാരായ ജിജോ, ജോമി, സുനിൽ കുര്യൻ, സിപിഒമാരായ അനീഷ് വി.കെ, അജിത് എം. വിജയൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
മാങ്ങാനം: സൂപ്പർ മാർക്കറ്റിൽ സാധനം മേടിക്കാൻ കാറിൽനിന്നിറങ്ങവേ പഴ്സ് നഷ്ടപ്പെട്ട പത്തനംതിട്ട സ്വദേശിനിക്ക് ഓട്ടോ ഡ്രൈവറുടെയും വഴി യാത്രക്കാരന്റെയും ഇടപെടൽ മൂലം പണവും രേഖകളും അടങ്ങിയ പഴ്സ് തിരികെ ലഭിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാങ്ങാനം മോർ സൂപ്പർ മാർക്കറ്റിൽ സാധനം മേടിക്കാൻ കാറിൽനിന്നിറങ്ങി തിരികെ കാറിൽ കയറിയ പത്തനംതിട്ട കൊറ്റനാട് സ്വദേശിനി സൂസമ്മ ചെറിയാന്റെ കൈയിൽനിന്നാണ് പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായത്.
ആ സമയം അതുവഴി എത്തിയ ഓട്ടോ ഡ്രൈവർ പെരുമ്പായിക്കാട് പൊന്നാറ്റിൽ രാജേഷ്, സ്കൂട്ടർ യാത്രികനായ വാഴൂർ ഈസ്റ്റ് മണ്ണിപ്ലാക്കൽ ഏബ്രഹാം തോമസ് എന്നിവർക്കാണ് പഴ്സ് ലഭിച്ചത്.
ഇരുവരും ചേർന്ന് പഴ്സ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ഡ്രൈവിംഗ് ലൈസൻസിൽനിന്നു ലഭിച്ച അഡ്രസ് പ്രകാരം ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ വച്ച് പഴ്സ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
District News
കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗാന്ധിനഗർ ഉണ്ണി ഈശോ പള്ളിക്കു സമീപത്തുനിന്നാണ് എംഡിഎംഎ വിൽപ്പനക്കാരായ മാഞ്ഞൂർ കാരിവേലിപ്പറമ്പിൽ സനീഷ്(38), ആർപ്പൂക്കര മുളയ്ക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര തടത്തിൽപറമ്പിൽ നൗഫൽ എന്നിവരെ ജില്ലാ ഡാൻസാഫ് ടീമുംഗാന്ധിനഗർ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളിൽനിന്ന് 04.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
District News
സ്ലീവാപുരം: കത്തിയുമായി വീടുകളിൽ അതിക്രമിച്ചു കയറി യുവാവ് ആളുകളെ ഭീഷിണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ ബിജുവിനെതിരേ നാട്ടുകാര്‍ കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളില്‍ പരാതി നല്കി.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് സ്ലീവാപുരത്താണ് സംഭവം. കശാപ്പിന് ഉപയോഗിക്കുന്ന കത്തിയുമായി യുവാവ് ആളുകളെ ആക്രമിച്ചെന്നു പരാതിയില്‍ പറയുന്നു. ഇയാളുടെ ആക്രമണത്തില്‍ തെന്നാട്ടില്‍ എബിന് ജോണിന് കഴുത്തില്‍ മുറിവേറ്റു. സജി മൂത്തേടം, സോജന് പടിഞ്ഞാറ്റുകര, ഷിനോയി തൂമ്പശേരില് എന്നിവര്‍ക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കെഎസ്ഇബിയില്‍ ജോലിയുണ്ടെങ്കിലും ജോലിക്കു ഹാജരാകാതെ ഇയാള്‍ തടിക്കച്ചവടം നടത്തിവരികയാണെന്നും ഈ മേഖലയിലും ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
District News
പാമ്പാടി: റോഡിൽനിന്നു കളഞ്ഞുകിട്ടിയ ആറുലക്ഷം രൂപ പോലീസിലേൽപ്പിച്ച് മാതൃകയായി യുവാവ്. ടൈൽപണി തൊഴിലാളിയായ നാലുന്നാക്കൽ കുരിക്കാട്ടുപറമ്പിൽ ബിനോയ് ജോണാണ് മീനടത്തു റോഡിൽനിന്നു ലഭിച്ച ആറുലക്ഷം രൂപ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു മാതൃകയായത്.
പണം നഷ്ടപ്പെട്ട വാകത്താനം സ്വദേശി റെജിമോൻ സ്റ്റേഷനിലെത്തി തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തതിനെത്തുടർന്ന് പണം അദ്ദേഹത്തിനു കൈമാറി.
എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ഉദയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ബിനോയി ജോണാണ് പണം കൈമാറിയത്. തനിക്ക് കടബാധ്യതകൾ ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിലെത്തി കൈമാറിയ ബിനോയ് ജോണിനെ പ്രശംസാപത്രം നൽകി പാമ്പാടി പോലീസ് ആദരിച്ചു.