ലിയോണ്‍ ഏബ്രഹാമും എമില്‍ മാത്യുവും.
പാണത്തൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം ഇടിച്ചുനേടി പാണത്തൂരിലെ കൂട്ടുകാര്‍. 70 കിലോ വിഭാഗത്തില്‍ ലിയോണ്‍ ഏബ്രഹാമും 49 കിലോവിഭാഗത്തില്‍ എമില്‍ മാത്യുവുമാണ് പൊന്നണിഞ്ഞത്. തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
ലിയോണ്‍ തുടര്‍ച്ചയായി രണ്ടാംതവണയാണ് സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുന്നത്. 2023ല്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സംസ്ഥാന അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണം നേടിയിരുന്നു.
കരാട്ടെ താരം കൂടിയായ ലിയോൺ കരാട്ടെയിലും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സിലും ദേശീയതലത്തില്‍ മികവ് തെളിയിച്ചിട്ടുണ്ട്. പാണത്തൂരിലെ പച്ചക്കറി വ്യാപാരി നിരവത്താനില് ജോമോന് ഏബ്രഹാമിന്റെയും ജലീനയുടെയും മകനാണ്.
കഴിഞ്ഞവര്‍ഷം സബ്ജില്ലാതലത്തില് ഫൈനലില്‍ തോറ്റതിന്റെ സങ്കടം ഇത്തവണ സ്വര്‍ണം നേടിയാണ് എമില്‍ മാത്യു തീര്‍ത്തത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എമിലിന്റെ രണ്ടാമത്തെ സ്വര്‍ണമാണിത്. സംസ്ഥാന അമച്വര്‍ ബോക്സിംഗില്‍ രണ്ടുതവണ സ്വര്‍ണം നേടിയിട്ടുണ്ട്. ബിഹാറില്‍ അധ്യാപകനായ ബാപ്പുംകയത്തെ പാരവിളയില് ജി.ബിജുവിന്റെയും ജിന്‍സിയുടെയും മകനാണ്.