കൊല്ലം: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് അറ്റ്ലാൻ. സ്കൂൾ വാഹനത്തിൽ വന്നിറങ്ങി മുത്തച്ഛനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി മുത്തച്ഛന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി.
ബാഗ് വീട്ടിൽ വച്ച ശേഷം വീട്ടുകാർ അന്വേഷിച്ചപ്പോൾ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കൈത്തോടിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : drowning accident death kollam