തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം റദ്ദാക്കിയില്ലെങ്കിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ. ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിലപാട് കടുപ്പിക്കാൻ സിപിഐ തീരുമാനിച്ചത്.
അതേസമയം മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും തലസ്ഥാനത്ത് തുടരണമെന്നും ബിനോയ് വിശ്വം നിർദേശിച്ചിട്ടുണ്ട്. അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗം വൈകുന്നേരം 3.30 ലേക്ക് മാറ്റി. ഇന്ന് രാവിലെ ഒമ്പതിന് സിപിഐ സെക്രട്ടേറിയറ്റ് യോഗം ചേരും.
കരാർ റദ്ദാക്കിയെന്ന് പരസ്യമായി പ്രഖ്യാപിക്കാതെ തങ്ങളുടെ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി. എസ്എസ്കെ ഫണ്ട് വാങ്ങി പിഎം ശ്രീയിൽ മെല്ലെ പോക്ക് നടത്താമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങില്ല.
രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്തു മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെയാണ് ഒപ്പിട്ടത്. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. അതേസമയം സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ണൂരിലെ പരിപാടികളെല്ലാം റദ്ദാക്കി രാത്രിയോടെ തലസ്ഥാനത്തേക്ക് തിരിച്ചു. ഇന്ന് രാവിലെ അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
Tags : pmshri boycott cabinet cpi