ന്യൂഡൽഹി: മൊൻ ത ചുഴലിക്കാറ്റ് 100 കിലോമീറ്റർ വേഗതയിൽ കരയിൽ തൊട്ടതിനു പിന്നലെ അതിശക്ത മഴയാണ് ആന്ധ്രയിലുണ്ടായത്. റെഡ് അലേർട്ട് പിൻവലിച്ചെങ്കിലും വിശാഖപട്ടണം, ശ്രീകാകുളം, വിജയ നഗരം തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആന്ധ്രയിൽ 16 ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണുള്ളത്.
ആന്ധ്ര തീരംതൊട്ടതോടെ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. ഇതുവരെ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. 78,000 പേരെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വലിയ ആൾനാാശമുണ്ടായില്ല. 35000ത്തിലധികം ആളുകൾ സുരക്ഷിത ക്യാന്പുകളിലാണുള്ളത്.
മച്ചിനി പട്ടണത്തിനും കക്കിനാട ഗ്രാമത്തിനും ഇടയിൽ രാത്രി 12.30ഓടെയാണ് കാറ്റ് തീരംതൊട്ടത്. കാറ്റ് തീരം തൊട്ടതോടെ 43,000 ഹെക്ടറിലധികം കൃഷികൾ നശിച്ചു. വൈദ്യുതി മേഖലയിൽ 2200 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും വ്യാപകമായി നശിച്ചു.
വിശാഖപട്ടണത്തുനിന്ന് 25 ട്രെയ്നുകളും വിശാഖപട്ടണത്തുനിന്ന് പുറപ്പടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽനിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കി. എന്നാൽ നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് സാധരണ ചുഴലിക്കാറ്റായി മാറിയെന്ന് കലാവസ്ഥ നിരീക്ഷകർ പറയുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്ന് വിലിയിരുത്തുന്നുണ്ട്.