തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.