കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പ വിതരണത്തിൽ ക്രമക്കേടുകൾ നടന്നതുമൂലം കടക്കെണിയിൽ അകപ്പെട്ട പുൽപ്പള്ളി കേളക്കവല പറന്പേക്കാട്ട് ഡാനിയേൽ-സാറാക്കുട്ടി ദന്പതികൾ കൈനാട്ടിയിൽ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനു മുന്പിൽ സത്യഗ്രഹം തുടരുന്നു.
വായ്പ വിതരണത്തിലെ ക്രമക്കേടുകൾ മൂലം ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിന് സഹകരണ വകുപ്പ് പുറത്തിറക്കാനിരിക്കുന്ന സർചാർജ് ഉത്തരവിൽ തങ്ങളെയും ഉൾപ്പെടുത്തുക, ബാങ്കിൽ പണയപ്പെടുത്തിയ പ്രമാണങ്ങൾ തിരികെ ലഭ്യമാക്കുക, മുഴുവൻ വായ്പ ക്രമക്കേട് ഇരകൾക്കും നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച സമരമാണ് തുടരുന്നത്.
ആവശ്യങ്ങളിൽ തീരുമാനമാകാതെ സത്യഗ്രഹം അവസാനിപ്പിക്കില്ലെന്നു ദന്പതികൾ വ്യക്തമാക്കി. ഒരു രൂപ പോലും വായ്പ ലഭിച്ചില്ലെന്നും നിലവിൽ ബാങ്ക് രേഖകൾ അനുസരിച്ച് 76 ലക്ഷം രൂപയാണ് ബാധ്യതയെന്നും അവർ പറഞ്ഞു.