പത്തനംതിട്ട: ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തരമായി അംഗീകരിച്ച് ഒപ്പിടാൻ കേരളത്തിലുണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി ആവശ്യപ്പെട്ടു.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിനു പകരം കേരളത്തിന്റെ തനത് വിദ്യാഭ്യാസ നയത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂവെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎംശ്രീ വിദ്യാലയങ്ങളാക്കാൻ തെരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ, മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം.
പിഎംശ്രീ പദ്ധതിവഴി കേരളത്തിലെ നിലവിലെ മികച്ച 336 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോൾ സമീപപ്രദേശങ്ങളിലെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും.
തെറ്റ് തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ സർക്കാർ നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
Tags : KPSTA PM Shri Scheme Pathanamthitta