ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഞായറാഴ്ചയോടെ പാർട്ടി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മഹാബലിപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളടക്കമുള്ളവർക്ക് പരിപാടിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കളോട് വിജയ് ക്ഷമ ചോദിച്ചു. ഓരോ കുടുംബങ്ങളെയും പ്രത്യേകം കണ്ട വിജയ്, വിദ്യാഭ്യാസം, സ്വയംതൊഴിൽ, വീട് എന്നിവയ്ക്ക് പുറമെ സാമ്പത്തിക സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടു.
Tags : Actor Vijay Karur Stampede Meets Families