കൂരാച്ചുണ്ട് ടൗണിലെ ബാലുശേരി റോഡ് കവലയിൽ സ്ഥാപിച്ച ദിശാ ബോർഡ്. ഇതിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള ദിശാ സൂചനകൾ കാണിക്കാത്ത നിലയിൽ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലെത്തുന്ന യാത്രക്കാർ ദിശാ ബോർഡുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന് വലയുന്നതായി പരാതി.ടൗണിലെ പ്രധാന കവലകളിൽ എത്തുന്ന യാത്രക്കാർക്ക് ഏതു ഭാഗത്തേയ്ക്ക് പോകണമെന്ന് കൃത്യമായി മനസിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്. പേരിനുമാത്രം ബോർഡുകൾ സ്ഥാപിച്ചതല്ലാതെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടക്കമുള്ള സ്ഥലങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ല.
പഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഭാഗങ്ങളിലേക്കുള്ള സൂചന ബോർഡുകളിൽ ഇല്ലാത്തതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ടൗണിലെത്തി നട്ടംതിരിയുകയാണ്. ഈ സമയങ്ങളിൽ ഗതാഗതക്കുരുക്കും ഉണ്ടാവുന്നുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഇതുവഴിയാണ്. സമീപ ജില്ലകളിൽ നിന്നും മറ്റുമായി ഒട്ടനവധി വാഹനങ്ങളാണ് ഇവിടങ്ങളിലേക്ക് അനുദിനം കടന്നുപോകുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രധാന റോഡ് കവലകളിലും മറ്റും ദിശാ ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടിൽ ആവശ്യം ഉയരുന്നത്.
Tags : Koorachunde Kozhikode