പത്തനംതിട്ട: അയിരൂർ കാഞ്ഞിറ്റുകര എപ്പിസ്കോപ്പൽ ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ എട്ടിന് കുർബാനയും തുടർന്ന് പത്തിന് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടക്കും. റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.
വിവാഹസഹായം, ഡയാലിസിസ്, ഭക്ഷ്യ കിറ്റ്് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ഉദ്ഘാടനവും പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും നടക്കും. കൂടാതെ മാർത്തോമ്മാ സഭയുടെ ചരിത്രം, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700 വാർഷികത്തിലുള്ള പഠനം, സുവിശേഷവേലയ്ക്കായി ജനങ്ങളെ ഒരുക്കം, വിവിധ വിശ്വാസ സമൂഹത്തോടു ചേർന്നുള്ള അയൽക്കൂട്ടം, ബൈബിൾ വായന പഠനം, അനുസ്മരണ പ്രഭാഷണങ്ങൾ,വിവിധ സമ്മേളനങ്ങൾ, മെഡിക്കൽ ക്യാമ്പ്, ഗാനസന്ധ്യ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി പരിപാടികൾക്കും തുടക്കം കുറിക്കും.
1966 ഒക്ടോബർ 22നാണ് ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചത്. അയിരൂർ സ്വദേശികളായ മാത്യൂസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത എന്നിവരുടെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക രജത ജൂബിലി സ്മാരകമായി ദേവാലയത്തിന് എപ്പിസ്കോപ്പൽ ജൂബിലി മെമ്മോറിയൽ മാർത്തോമ്മാ ദേവാലയം എന്നു നാമകരണം ചെയ്യുകയായിരുന്നു. മാർത്തോമ്മാ സഭയിൽ ഇതേ പേരിൽ അറിയപ്പെടുന്ന ഏക ദേവാലയമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. 70 കുടുംബങ്ങളാണ് നിലവിൽ ഇടവകയിലുള്ളത്.
വികാരി റവ. വർഗീസ് കെ തോമസ്, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സെക്രട്ടറി സുനു മേരി സാമുവേൽ, ട്രസ്റ്റി അലക്സി സഖറിയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Marthoma Kanjittukara