കൽപ്പറ്റ: കാലവർഷത്തിൽ വയനാട്ടിൽ നടപ്പാക്കിയ ദുരന്ത പ്രതിരോധ, അപകടരഹിത മണ്‍സൂണ്‍ പ്രതിരോധ പ്രവർത്തനങ്ങൾ പഠിക്കാൻ താത്പര്യമറിയിച്ച് ഹിമാചൽപ്രദേശ് സർക്കാർ. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അഥോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ മുൻകരുതൽ, പ്രതിരോധ പ്രവർത്തനങ്ങൾ, അപകട മരണങ്ങളില്ലാത്ത മഴക്കാല പ്രവർത്തനങ്ങൾ പഠിക്കുകയാണ് ലക്ഷ്യം.
തുടർച്ചയായി മൂന്ന് കാലവർഷങ്ങളിൽ ഹിമാചലിൽ സംഭവിച്ച പ്രകൃതി ദുരന്തം, നാശനഷ്ടങ്ങൾ, അപകട മരണങ്ങൾ എന്നിവ കണക്കിലെടുത്താണ് വയനാട് സ്വീകരിച്ച ദുരന്ത പ്രതിരോധ മാർഗങ്ങൾ പഠിക്കാൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി താത്പര്യം അറിയിച്ചത്.
ജില്ലാ കളക്ടർ, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും വീഡിയോ കോണ്‍ഫറൻസ് മുഖേന വിവരങ്ങൾ അറിയാനാണ് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി താത്പര്യമറിയിച്ചത്. ഇതിന്റെ ഭാഗമായി ഹിമാചൽപ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഹിമാചൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. പന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംസ്ഥാന റവന്യു ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവരുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തും.
ശേഷം ഹിമാചൽ മുഖ്യമന്ത്രിയുമായി വയനാട്ടിലെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കും. 26 ന് ഓണ്‍ലൈനായി ആദ്യ കൂടിക്കാഴ്ച നടത്താനാണ് ഹിമാചൽപ്രദേശ് ചീഫ് സെക്രട്ടറി താത്പര്യം അറിയിച്ചത്.
കാലവർഷത്തിൽ വയനാട് നടപ്പാക്കിയ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഹിമാചൽപ്രദേശ് സർക്കാർ താത്പര്യമറിയിച്ചത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മണ്‍സൂണിന് മുന്നോടിയായി ഭരണകൂടം സ്വീകരിച്ച മുൻകരുതൽ പ്രവർത്തനങ്ങളിലൂടെയാണ് ജില്ലയിൽ മഴക്കാലപൂർവ അപകട മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചതെന്നും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
Tags : disaster prevention Wayanad