യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റുന്നു. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി,
അങ്കമാലി: യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റി. വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം, ഫാ. മെർട്ടൻ ഡിസിൽവാ എന്നിവർ സഹകാർമികരായിരുന്നു. പൊതുപ്രസുദേന്തി വാഴ്ചയ്ക്ക് ഫാ. നെൽസൻ ജോബ് മുഖ്യകാർമികത്വം വഹിച്ചു. നാളെ വൈകിട്ട് ഗാന്ധി കവല ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും. 29ന് വൈകിട്ട് അങ്കമാലി ടൗൺ ഭാഗത്തേക്ക് പ്രദക്ഷിണം നടക്കും.
ഊട്ടുതിരുനാൾ ദിനമായ 30ന് രാവിലെ 10.30- ന് ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശീർവദിച്ച് ഊട്ടുതിരുനാളിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിശുദ്ധ യൂദാതദവുസിന്റെ അത്ഭുത തിരുസ്വരൂപവുമായി വർഷത്തിലൊരിക്കൽ മാത്രമുള്ള അൾത്താര ചുറ്റി പ്രദക്ഷിണ നടക്കും. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും. ഊട്ടുതിരുന്നാൾ ദിനത്തിൽ രാവിലെ ആറു മുതൽ രാത്രി പത്തു വരെ ദിവ്യബലി ഉണ്ടായിരിക്കും. ഈ വർഷം രണ്ടര ലക്ഷം പേർക്കാണ് നേർച്ചസദ്യ നൽകുന്നത്.
തിരുനാൾ ആഘോഷ കമ്മിറ്റി കൺവീനർ ഹെർബർട്ട് ജെയിംസ്, ജോയിന്റ് കൺവീനർ ജോസ് മൈപ്പാൻ, ജനറൽ സെക്രട്ടറി ഒ.ജി. കിഷോർ, കൈക്കാരൻന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, പബ്ലിസിറ്റി കൺവീനർ ടി.പി. ചാക്കോച്ചൻ, തിരുനാൾ പ്രസുദേന്തിമാരായ ഡോ. വർഗീസ് മൂലൻ, നോർബട്ട് ആന്റ് ജെയിൻ മേഴ്സി, അന്തപ്പൻ ജോർജ്, സജയ് യോഹന്നാൻ , രാജു ലൂക്കോസ്, ഡോ. പ്രിയങ്ക എഡിസൻ , സുബിൻ ആന്റണി എന്നിവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.