എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി സമ്മേളനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവും വിശിഷ്ടാതിഥികളും കോളജിലെ അധ്യാപകർക്കൊപ്പം ഫോട്ടോ സെഷനിൽ.
കൊച്ചി: രാഷ്ട്രപതി പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും മലയാളത്തിൽ. പ്രിയപ്പെട്ട വിദ്യാർഥിനികളേ, സഹോദരീ സഹോദരന്മാരേ, എല്ലാവർക്കും എന്റെ നമസ്കാരം... എന്ന അഭിസംബോധനയോടെയായിരുന്നു സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്.
എഴുതി തയാറാക്കിയ പ്രസംഗം അവസാനിപ്പിച്ചപ്പോൾ, എല്ലാവർക്കും എന്റെ ആശംസകൾ... എന്നും രാഷ്ട്രപതി പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് വേദിയും സദസും രാഷ്ട്രപതിയുടെ മലയാളം അഭിസംബോധനയും ആശംസയും സ്വീകരിച്ചത്. ചടങ്ങിന് മുന്നോടിയായി കോളജിലെ വിദ്യാര്‍ഥി പ്രതിനിധികൾക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമൊപ്പം രാഷ്ട്രപതി ഫോട്ടോ സെഷനിലും പങ്കെടുത്തു.
രാഷ്ട്രപതി മടങ്ങി
കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രി വി. എന്‍.വാസവന് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ രാഷ്ട്രപതിക്ക് യാത്രയയപ്പ് നല്കി. ചൊവ്വാഴ്ച വൈകിട്ടാണ് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കൊച്ചിയില്‍ എത്തിയത്.
Tags : Droupadi Murmu