കൂടരഞ്ഞി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ജോലി ആവശ്യാർഥം മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്നവരെ പോലും വോട്ടർ പട്ടികയിൽ നിന്നും വെട്ടി നീക്കിയതായാണ് ആരോപണം.
ജോലി ആവശ്യാർഥം പോണ്ടിച്ചേരിയിലുള്ള മകന്റെ അടുത്ത് താത്ക്കാലിക താമസത്തിന് പോയ അമ്മയെയും 101 വയസുള്ള വല്യമ്മയെയും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായും പരാതിയുണ്ട്. കക്കാടംപൊയിൽ വട്ടപ്പാറയിൽ മറിയം, മേരി, ജോയിസ് ജോൺസൺ എന്നിവരുടെ പേരുകളാണ് വേട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
വോട്ട് നീക്കം ചെയ്യുന്നത് ഒഴുവാക്കാൻ 101 വയസുള്ള മറിയം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹിയറിംഗിന് ഹാജരായി കാര്യങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. വോട്ട് നീക്കം ചെയ്യില്ല എന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഹിയറിംഗ് ദിവസം മറിയം പഞ്ചായത്തിൽ നിന്നും പോയത്. എന്നാൽ പിന്നീട് അധികൃതർ വാക്കു മാറ്റുകയായിരുന്നു.
ഇതേ വാർഡിൽ തന്നെ താമസമില്ലാത്ത വാർഡ് മെമ്പർ സീന ബിജുവിന്റെയും കുടുംബത്തിലെ മറ്റ് മൂന്ന് വോട്ടുകളും വാർഡിൽ താമസം ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ടാക്കി പട്ടികയിൽ നിലനിർത്തിയതായും ആരോപണം ഉണ്ട്.