അടൂർ: ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളെ എസ്ഐ മര്‍ദ്ദച്ചതായി പരാതി. വടക്കടത്തുകാവ് കൊച്ചു പുളിമൂട്ടില്‍ ജെ. അര്ജുൻ(25), കൊച്ചു പ്ലാങ്കാവില്‍ അനില്‍ പ്രകാശ് (33) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എസ.ഐ.നൗഫലാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.
ഒക്ടോബര്‍ 22ന് രാത്രി 8.30ന് വടക്കടത്തുകാവിലെ കടയില്‍ കയറി ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചു എന്നതായിരുന്നു യുവാക്കള്‍ക്കെതിരേയുള്ള പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാവിലെ ജെ. അര്‍ജുനും അനില്‍ പ്രകാശും അടൂര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെ സിഐ ഇവരെ ജാമ്യം നല്കി വിട്ടയച്ചു.
എന്നാല്‍ പിന്നീട് യുവാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രേഖകള്‍ ആക്കണമെന്നതിനാല് തിരികെ പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പോലീസുകാര്‍ വിളിച്ചറിയിച്ചു. ഇതിനു വേണ്ടി എത്തിയപ്പോഴായിരുന്നു മര്‍ദനമെന്നാണ് പരാതി.
അര്‍ജുനും അനില്‍ പ്രകാശും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ യുവാക്കളുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍ പറഞ്ഞു.
Tags : Kerala Police Local News Nattuvishesham Pathanamthitta