അഞ്ചല്‍ : സ്കൂളുകള്‍,കോളജുകള്‍ ,സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നുമായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കുളത്തൂപ്പുഴ കൈതക്കാട് തടത്തരികത്ത് വീട്ടിൽ നിസാറിനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2022 സെപ്റ്റംബറിൽ കൊട്ടാരക്കരയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിസാറും കൂട്ടാളികളും ചേർന്ന് ഇടമുളയ്ക്കൽ സ്വദേശിനിയിൽ നിന്നും മൂന്ന് അക്കൗണ്ടിലായി 12 ലക്ഷം രൂപയും 2023 ഒക്ടോബറിൽ അഞ്ചൽ സ്വദേശിയുടെ കൈയിൽ നിന്നും കോളജിൽ ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 33,37000 രൂപയും തട്ടിയെടുത്തു.
എന്നാല്‍ പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വരികയുംനല്കിയ പണം തിരികെ ലഭിക്കാതെ വരികയും ചെയ്തതോടെ തട്ടിപ്പിനിരയായവര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. ഇതോടെ നിസാര്‍ വിദേശത്തേക്ക് കടന്നു.
കേസെടുത്ത അഞ്ചല്‍ പോലീസ് നിസാറിനായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ അറിയിപ്പ് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗ് ല്ലൂരു വിമാനത്താവളത്തിലെത്തിയ നിസാറിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് അഞ്ചല്‍ പോലീസിന് കൈമാറുകയും ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിസാര്‍ ഉള്‍പ്പെടുന്ന സംഘത്തിനെതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
കുളത്തൂപ്പുഴയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് പ്രസിഡന്റ്, കെഎസ്കെടിയു വില്ലേജ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിസാര്‍ കുളത്തൂപ്പുഴ യിലെ ഫിഷറീസ് വകുപ്പിന്റെ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
പരാതികള്‍ ഉയര്‍ന്നതോടെ നിസാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഡെപ്പോസിറ്റ് ചെയ്യാത്ത തുകയ്ക്ക് ഡെപ്പോസിറ്റ് ചെയ്തുവെന്ന് കാണിച്ചു കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ വ്യാജ മെസേജ് അയച്ചതിനും നിസാറിനെതിരെ കുളത്തൂപ്പുഴ പോലീസില്‍ പരാതി ന്‍കിയിരുന്നു.
അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത നിസാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പ് കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Tags : Fraud Case Kollam