ഭൂതത്താൻകെട്ടിലെ പ്രവേശനം വിലക്കിയിരിക്കുന്ന വാച്ച് ടവർ.
കോതമംഗലം: ഭൂതത്താൻകെട്ട് വാച്ച് ടവറിന്റെ ചെരിവു മൂലം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ട് വർഷങ്ങളാകുന്നു. കാരണം വ്യക്തമാക്കാതെ പൂട്ടിയ വാച്ച് ടവറിൽ അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്തതിനാൽ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമിച്ച ടവർ നിലവിൽ നോക്കുകുത്തിയായിരിക്കുകയാണ്.
നിർമാണം പൂർത്തീകരിച്ച ശേഷം വളരെ കുറച്ചുകാലം മാത്രമാണ് ഇതിൽ പ്രവേശനനാനുമതി ഉണ്ടായിരുന്നത്. പിന്നീട് കാരണം വ്യക്തമാക്കാതെ പ്രവേശനം നിരോധിക്കുകയായിരുന്നു. നാലുനില കെട്ടിടത്തോളം ഉയരമുള്ളതാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച വാച്ച് ടവർ. നിബിഢ വനവും മാനം മുട്ടെയുള്ള മലനിരകളും ഡാമും തടാകവും എല്ലാം ഉയരക്കാഴ്ചയിൽ ഇവിടെനിന്ന് ആസ്വദിക്കാനുകുമായിരുന്നു. വാച്ച് ടവറിലേക്കുള്ള പ്രവേശനം തടഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോഴും അധികൃതർ കൃത്യമായ ഉത്തരം നൽകുന്നില്ല.
ടവറിന്റെ ബലക്ഷയമാണ് പ്രശ്നം എന്നതാണ് ഔദ്യോഗിക രഹസ്യം. ഒരു വശത്തേക്ക് ടവർ ചരിയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തറയിൽ വിരിച്ചിട്ടുള്ള ടൈലുകൾ ഇളകിയ നിലയിലാണ്. അടിത്തറക്ക് ഉറപ്പില്ലാത്തതാണ് ടവറിന്റെ ബലക്ഷയത്തിന് കാരണം. പുഴയോരത്ത് ഇത്രയും ഉയരത്തിലുള്ള നിർമിതിക്ക് ആവശ്യമായ അടിത്തറ ഉണ്ടായിരുന്നില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ടൂറിസ്റ്റ് മാപ്പിൽ ഇടം നേടിയിട്ടുള്ള ഭൂതത്താൻകെട്ടിൽ സഞ്ചാരികളെ ആകർഷിക്കുവാൻ ഉള്ള ഇടങ്ങളെല്ലാം പരിപാലനമില്ലാതെ കാടുകയറിയും വൃത്തിഹീനമായും നശിക്കുകയാണ്. ഇവിടത്തെ ക്വാർട്ടേഴ്സുകളും, പാർക്കും, പുഴയോരത്തെ നടപ്പാതകളുമെല്ലാം പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണ്.
വാച്ച് ടവറിന് കുറച്ച് മാത്രം മാറി ഒരു ഏറുമാടം ഉണ്ട്. മരത്തിന് മുകളിൽ ഇരുമ്പ് ഏഡറുകൾ കൊണ്ട് നിർമിച്ചതാണ് ഈ ഏറുമാടം. സഞ്ചാരികളെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഇത്. ഈ എറുമാടവും നശിച്ച് കിടക്കുകയാണ്. പരിപാലനമില്ലാത്തതിനാൽ ഇരുമ്പ് ഭാഗങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. കാടുമൂടിയിട്ടുമുണ്ട്.