ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിനു മുന്നില്‍ ബിജെപി നടത്തിയ കുത്തിയിരിപ്പ് സമരം.
ഇരിങ്ങാലക്കുട: വോട്ടര്‍പട്ടികയില്‍നിന്നു പേരുകള്‍ വെട്ടിമാറ്റുന്നതിനെച്ചൊല്ലി നഗരസഭയില്‍ തര്‍ക്കം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി കക്ഷികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നഗരസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പുസമരവും നടത്തി.
നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ എന്നിവരുടെ പേരുകള്‍ പട്ടികയില്‍നിന്നു നീക്കംചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഡിവൈഎഫ്ഐ മാപ്രാണം ബ്ലോക്ക് സെക്രട്ടറിയുടെ വോട്ട് പട്ടികയില്‍നിന്നു നീക്കാന്‍ വ്യാജ ഒപ്പിട്ട് അപേക്ഷ നല്‍കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ ആരോപണം. അന്യായമായി വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിക്ക് കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോണ്‍സ തോമസ്, സി.സി. ഷിബിന്‍, ഷെല്ലി വില്‍സണ്‍, എം.എസ്. സഞ്ജയ്, സി.എം. സാനി, ടി.കെ. ജയാനന്ദന് എന്നിവര്‍ നേതൃത്വംനല്കി.
പട്ടിക പുനഃക്രമീകരണത്തില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ നഗരസഭ കവാടത്തില്‍ കുത്തിയിരിപ്പ് നടത്തി. ബിജെപി കൗണ്സിലറുടെപോലും വോട്ട് പട്ടികയില്‍നിന്നു നീക്കംചെയ്തു.
അതേസമയം നഗരസഭാ പരിധിയില്‍ താമസക്കാര്‍ അല്ലാതിരുന്നിട്ടു പോലും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ പേരുകൾ പട്ടികയില്‍നിന്നു നീക്കാന്‍ തയാറായില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, മണ്ഡലം ഉപാധ്യക്ഷന്‍ രമേശ് അയ്യര്‍ തുടങ്ങിയവർ നേതൃത്വം നല്കി.
അന്യായമായ ആവശ്യങ്ങളുന്നയിച്ച് നഗരസഭ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ബിജെപിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, മുന്‍ നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : voter list