കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുടെ 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഹൈദരാബാദിലേക്ക്. അറസ്റ്റിലായ പ്രതികള്‍ കൈവശം വച്ചിരുന്ന ഏതാനും ചില വാടക ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണം. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 29ന് ഹൈദരാബാദിലേക്ക് പുറപ്പെടും.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന് അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. പ്രതികളില്‍ നിന്ന് പിടികൂടിയ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളുടെ യാത്രാ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ വിദേശ ബന്ധവും പരിശോധിക്കുകയാണ്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ് (39), വി. അന്‍സാര്‍ (39), സി.കെ. അനീസ് റഹ്മാന് (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.
Tags : Hyderabad Online Trading