പതിറ്റാണ്ടുകളായി മൾബറി കൃഷിയിൽ മുഴുകിയിരുന്ന മറയൂരിലെ യുവകർഷകൻ എസ്. ശിവകുമാർ, കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്ന് പട്ടുനൂൽ കൃഷി ഉപേക്ഷിച്ച് നാടൻ തക്കാളി കൃഷിയിലേക്ക് മാറി വിജയഗാഥ രചിച്ചു.
കാന്തല്ലൂർ പഞ്ചായത്തിലെ കാരയൂർ ഗ്രാമം സ്വദേശിയായ ശിവകുമാർ ചുരക്കുളം പഞ്ചവയലിൽ രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് തക്കാളി കൃഷി ആരംഭിച്ചത്.
12 വർഷത്തോളം മൾബറി കൃഷിയിലൂടെ പട്ടുനൂൽ ഉത്പാദനത്തിനുള്ള കൊക്കൂണ്‍ വിളവെടുത്ത ശിവകുമാർ, അപ്രതീക്ഷിത മഴയും മഞ്ഞും മൂലം മൾബറി കൃഷി തുടരാൻ പ്രയാസമായതിനെത്തുടർന്നാണ് പുതിയ പരീക്ഷണത്തിന് തയ്യാറായത്.
സാധാരണയായി മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ തക്കാളി കൃഷി വ്യാപകമല്ല. എന്നാൽ, എട്ട് മാസം മുന്‍പ് ശിവകുമാർ ഈ വെല്ലുവിളി ഏറ്റെടുത്തു. ഉടുമൽപേട്ടയിൽനിന്ന് ഒരു രൂപ നിരക്കിൽ 9,000 തക്കാളി തൈകൾ വാങ്ങി നിലമൊരുക്കി പന്തലൊരുക്കി കൃഷി ആരംഭിച്ചു.
ഇപ്പോൾ വിളവെടുപ്പ് കാലത്ത് 1,000 കിലോ തക്കാളി വിറ്റു. തമിഴ്നാട് ചന്തകളിൽ 15 രൂപയിൽ താഴെ വില ലഭിക്കുന്പോൾ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പ്രാദേശിക പച്ചക്കറി വിപണികളിൽ ഒരു കിലോ തക്കാളിക്ക് 25 രൂപ വില ശിവകുമാറിന് ലഭിച്ചു.
ഭാര്യ നവ്യയുടെ പിന്തുണയോടെ കൃഷിയിൽ മികവ് തെളിയിച്ച ശിവകുമാർ മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ യുവകർഷകൻ തക്കാളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
Tags : Agriculture