അമേരിക്കയിൽ കാലിഫോർണിയയിലെ ഐടി കന്പനിയിൽ സൂപ്പർ കംപ്യൂട്ടിംഗ് സെമി കണ്ടക്ടർ വിഭാഗത്തിൽ എൻജിനീയറാണ് അനൂപ്. അതേസമയം, വയനാട് കൽപ്പറ്റയ്ക്കടുത്ത് മുട്ടിൽ പഞ്ചായത്തിൽ ഡെയറി ഫാമും, ഡെയറി പ്ലാന്റും, പാലുത്പന്നങ്ങൾ വിറ്റഴിക്കാൻ ഔട്ട്ലെറ്റുകളുമൊക്കെയായുള്ള ക്ഷീരസംരംഭകനുമാണ് അദ്ദേഹം.
കാലിഫോർണിയയിൽ ജോലി ലഭിച്ചതോടെ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറാനിരുന്നതാണ് അനൂപ്. എന്നാൽ, ആ മോഹങ്ങൾക്ക് തടസമായത് 2020ലെ കോവിഡിന്റെ വരവായിരുന്നു. ഇതേത്തുടർന്ന് ബഹുരാഷ്ട്ര കന്പനിയിലെ വൈറ്റ് കോളർ ജോലി വർക്ക് ഫ്രം ഹോം ആയി. അതോടെ, കാലിഫോർണിയൻ കന്പനിയിലെ ജോലി കൽപ്പറ്റയിലിരുന്നു ചെയ്തു തുടങ്ങി.
കോവിഡിനു ശേഷവും ജോലിയുടെ രീതിക്ക് മാറ്റം വന്നില്ല. മൂന്നോ നാലോ മാസം കൂടുന്പോൾ അവിടെ പോകണമെന്നു മാത്രം. വീട്ടിൽ ഇരുന്നുള്ള ജോലിക്കൊപ്പം നാട്ടിൽ ഒരു സംരംഭം കൂടി തുടങ്ങണമെന്ന ആലോചന ഇതിനിടയിൽ ശക്തമായി. അതിൽ നിന്നാണ് ഡെയറിഫാം എന്ന ആശയമുണ്ടായത്.
തുടക്കം പോത്തിൽ
അഞ്ചുവർഷങ്ങൾക്ക് മുന്പു മൂന്ന് പോത്തുകളെ വാങ്ങിയായിരുന്നു തുടക്കം, പിന്നീട് പോത്തുകളെ മാറ്റി മൂന്നു പശുക്കളെ വാങ്ങി. സൂപ്പർ കംപ്യൂട്ടിംഗ് സെമി കണ്ടക്ടർ മേഖലയിൽ വിദഗ്ധൻ ആണെങ്കിലും പശുവളർത്തലിൽ വലിയ അറിവൊന്നും അനൂപിന് ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ കുറെക്കാലം പശുവളർത്തലിനെ കുറിച്ച് പഠിക്കാൻ മാറ്റിവച്ചു. ക്രമേണ സംരംഭം വിപുലപ്പെടുത്തി. ഇന്ന് കിടാക്കളും കിടാരികളും പശുക്കളുമെല്ലാമായി എഴുപതോളം ഉരുക്കൾ മുട്ടിൽ പഞ്ചായത്തിലെ മടക്കിമലയിലുള്ള കുന്പലാട് ഡെയറി എന്ന് പേരിട്ട അനൂപിന്റെ ഫാമിലുണ്ട്.
പ്രതിദിനം 600 ലിറ്ററോളമാണ് പാലുത്പാദനം. ഫാമിന്റെ സമീപം തന്നെയാണ് ഡയറി പ്ലാന്റ്. ഫാം ഫ്രഷ് നറുംപാൽ മുതൽ നറുംനെയ്യ് വരെ വിവിധങ്ങളായ പാലുത്പന്നങ്ങളാണ് ഡെയറി ഡെയിം എന്ന ബ്രാൻഡിൽ ഇവിടെ നിന്നും വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്.
ടെക്നോളജിയുടെ കരുത്തിൽ വൈറ്റ് റെവല്യൂഷൻ
കംപ്യൂട്ടർ എഞ്ചിനീയർ ആയതുകൊണ്ട് തന്നെ ഡെയറി ഫാമിലും ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താൻ അനൂപിന്റെ ശ്രദ്ധിക്കുന്നുണ്ട്. പശുക്കൾക്ക് നിത്യേന വേണ്ട കാലിത്തീറ്റയൊരുക്കാൻ ചെറിയൊരു ഫീഡ് മില്ലും ഫീഡ് പ്ലാന്റും ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഫീഡ് പ്ലാന്റിലേക്കുള്ള ഉപകരണങ്ങളെല്ലാം വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ചോളം, ഡി.ഡി. ജി. എസ്. ധാന്യങ്ങൾ, കടലപ്പിണ്ണാക്ക്, തവിടുകൾ, ബൈപ്പാസ് പ്രോട്ടീൻ, ബഫറുകൾ, ടോക്സിക് ബൈൻഡർ, മിനറൽ മിക്സ്ചർ തുടങ്ങി 12 ഓളം ഘടകങ്ങൾ ചേർത്ത് തീറ്റക്കൂട്ടൊരുക്കിയാണ് കാലിത്തീറ്റ തയാറാക്കുന്നത്.
പശുക്കൾക്ക് ആവശ്യമായ പ്രോട്ടീൻ, ഊർജം തുടങ്ങിയവ മതിയായ അളവിൽ ഉറപ്പാക്കി പ്രത്യേകം ഫീഡ് ഫോർമുലേഷൻ തയ്യാറാക്കിയാണ്തീറ്റ ഒരുക്കുന്നത്. പശുക്കൾക്ക് തീറ്റ തയ്യാറാക്കുന്പോൾ പരിഗണിക്കേണ്ട മാറ്റർ, ക്രൂഡ് പ്രോട്ടീൻ, ടോട്ടൽ ഡൈജസ്റ്റബിൾ ന്യൂടിയന്റ്സ്(ടിഡിഎൻ) തുടങ്ങിയ കാര്യങ്ങളിൽ ഇതിനോടകം അനൂപ് അറിവ് നേടിക്കഴിഞ്ഞു.
ഒരു ലിറ്റർ പാലുത്പാദിപ്പിക്കാൻ 400 ഗ്രാം കാലിത്തീറ്റ എന്നാണ് കണക്ക്. എന്നാൽ അനൂപിന്റെ ഫാമിൽ പശുക്കൾക്ക് ഒരു ലിറ്റർ പാലുത്പാദനത്തിന് 300 ഗ്രാം എന്ന് തോതിലാണ് തീറ്റ നൽകുന്നത്. മികച്ച തീറ്റക്കൂട്ടുകൾ കൃത്യമായ അനുപാതത്തിൽ ചേർത്തുണ്ടാക്കിയ പോഷകസാന്ദ്രത ഉയർന്ന തീറ്റയായതിനാലാണ് അളവ് കുറച്ച് നൽകാൻ കഴിയുന്നത്.
കാലിത്തീറ്റയെക്കാൾ പ്രധാനമാണ് തീറ്റപ്പുല്ല്. കാരണം പശുക്കളുടെ ആരോഗ്യം അവയുടെ പണ്ടത്തിന്റെ അഥവാ റൂമന്റെ ആരോഗ്യവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. തീറ്റയിൽ പുല്ലിന്റെയും നാരിന്റെയും അനുപാതവും അളവും കൂടിയാൽ പണ്ടത്തിന്റെ ആരോഗ്യവും മെച്ചപ്പെടും, ചാണകം നല്ലരീതിയിൽ മുറുകിയ രീതിയിൽ പുറത്തുവരും.
എട്ടേക്കർ സ്ഥലത്താണ് അനൂപിന്റെ സൂപ്പർ നേപ്പിയർ പുൽകൃഷി. ദിവസവും 40 കിലോയോളം തീറ്റപ്പുല്ല് പശുക്കൾക്ക് നൽകും. ചാഫ് കട്ടറിൽ അരിഞ്ഞാണ് തീറ്റപ്പുല്ല് കൊടുക്കുന്നത്. കാലിത്തീറ്റയും പുല്ലും വെവ്വേറെ നൽകാതെ ഒരുമിച്ച് നൽകുന്നതാണ് ഫാമിലെ രീതി.
പശുക്കളുടെ തീറ്റത്തൊട്ടിയിൽ ആദ്യം അരിഞ്ഞ പുല്ലിട്ട് അതിനുമുകളിൽ കാലിത്തീറ്റ വിതറി വീണ്ടും ഒരു നിരകൂടി പുല്ലിടും. ടോട്ടൽ മിക്സഡ് റേഷൻ അഥവാ ടിഎംആർ എന്ന് വിളിക്കുന്ന കാലിവളർത്തലിലെ പുതിയ തീറ്റ ടെക്നോളജിയുടെ ഒരു രൂപം തന്നെയാണിത്.
പശുക്കളുടെ ദഹനം മെച്ചപ്പെടുത്താൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പ്രോബയോട്ടിക്കായി ആക്ടിവേറ്റഡ് ഇ.എം. സൊല്യൂഷ്യൻ നൽകുന്നതും പതിവാണ്. രണ്ട് ലിറ്റർ ഇ.എം. ലായനിയിൽ 8 ലിറ്റർ വെള്ളവും ശർക്കരയും ചേർത്താണ് ആക്ടിവേറ്റഡ് ഇ. എം. സൊല്യൂഷ്യൻ തയാറാക്കുന്നത്.

കൗ കംഫേർട്ടിന് സെൻസറുകൾ; കണക്കുകൾക്ക് സോഫ്റ്റ്വെയർ
നല്ല വെയിലും മികച്ച നനയും ഉണ്ടെങ്കിൽ ഒരേക്കറിൽ നിന്നു 20 മുതൽ 30 ടണ് വരെ ഒറ്റ വിളവെടുപ്പിൽ സൂപ്പർ നേപ്പിയർ തീറ്റപ്പുല്ല് ലഭിക്കും. അധിക പുല്ല് സൈലേജ് ആക്കാനുള്ള മേക്കിംഗ് മെഷീനും ഇവിടെയുണ്ട്. വലിയ ചൂടും ഈർപ്പവുമുള്ള നമ്മുടെ കാലാവസ്ഥയിൽ ഉത്പാദനം മികച്ചതാവണമെങ്കിൽ കൗ കംഫേർട്ടിന് വലിയ സ്ഥാനമുണ്ട്.
തൊഴുത്തിനുള്ളിലെ കാലാവസ്ഥ പശുക്കൾക്ക് സുഖമായ രീതിയിൽ തണുപ്പിച്ചു നിർത്തുന്നതിനും ടെക്നോളജിയുടെ തുണയുണ്ട്. 28 ഡിഗ്രി സെൽഷ്യസ് ആണ് തൊഴുത്തിൽ ക്രമീകരിച്ച താപനില. ചൂട് അധികം ഉയർന്നാൽ തെർമോസ്റ്റാറ്റ് സെൻസറുകൾ തിരിച്ചറിഞ്ഞ് തൊഴുത്തിനുള്ളിൽ ഘടിപ്പിച്ച തുള്ളിനന സംവിധാനങ്ങളും ഫോഗറുകളും ഫാനുകളും പ്രവർത്തിച്ചു തുടങ്ങും.
ഫാമിലെ കണക്കുകൾ എഴുതി സൂക്ഷിക്കാൻ രജിസ്റ്ററുകൾക്കു പകരം മിൽക്കിംഗ് ക്ലൗഡ് എന്ന പ്രത്യേക സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. പശുക്കൾക്കു കൊടുക്കേണ്ട തീറ്റ മുതൽ പാലുത്പാദനം വരെ എല്ലാം രേഖപ്പെടുത്താം.
പശുക്കൾക്ക് ഗർഭധാരണം നടത്തേണ്ട സമയം, ഗർഭം പരിശോധിക്കേണ്ട സമയം, പ്രസവം തുടങ്ങിയവയെല്ലാം കൃത്യമായി ഇടവേളകളിൽ നോട്ടിഫിക്കേഷനുകളും അലേർട്ടുകളും ഉൾപ്പെടെ നൽകി ഓർമിപ്പിക്കുന്ന സോഫ്റ്റ്വെയറാണ് മിൽക്കിംഗ് ക്ലൗഡ്.
ഫാമിലെ ഉരുക്കളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധയുള്ളതുകൊണ്ടുതന്നെ അനൂപിന്റെ ഫാമിൽ വെറ്ററിനറി ഡോക്ടർമാർ സന്ദർശിക്കുന്നത് അപൂർവമാണ്. ഗർഭിണികളായ കറവപ്പശുക്കൾക്ക് ഗർഭത്തിന്റെ 210 ദിവസം പൂർത്തിയായാൽ വറ്റുകാലം നൽകാനുള്ള ശ്രമം തുടങ്ങും.
തുടർന്നുള്ള 10 ദിവസം കൊണ്ട് കറവ പൂർണമായി നിർത്തും. 220 ദിവസം മുതൽ പ്രസവം വരെയുള്ള രണ്ടുമാസക്കാലം കറവയുണ്ടാവില്ല. ഈ സമയത്ത് രണ്ട് രണ്ടര കിലോ കാലിത്തീറ്റയും തീറ്റപ്പുല്ലും ധാരാളമായി നൽകും.
പശുക്കൾക്കു രോഗങ്ങൾ വരാൻ ഏറ്റവും സാധ്യതയുള്ള സമയം പ്രസവത്തിന് മൂന്നാഴ്ച മുന്പും മൂന്നാഴ്ചയ്ക്കു ശേഷമുള്ള പരിവർത്തന കാലത്തുമാണ്. പ്രസവം കഴിഞ്ഞ് നൽകേണ്ട ഗുണനിലവാരമുള്ള തീറ്റ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ മൂന്നാഴ്ച മുന്പു തന്നെ ചെറിയതോതിൽ നൽകി തുടങ്ങും.
പ്രസവിക്കുന്ന ദിവസം ആറു കിലോ എങ്കിലും കാലിത്തീറ്റ പശു കഴിക്കുന്നു എന്ന് ഉറപ്പാക്കണം. പ്രസവം പ്രതീക്ഷിക്കുന്ന അവസാനത്തെ മൂന്നാഴ്ച കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതങ്ങൾ ഒന്നും പശുക്കൾക്ക് നൽകില്ല.
എന്നാൽ, മഗ്നീഷ്യം ക്ലോറൈഡ്, അമോണിയം ക്ലോറൈഡ് പോലുള്ള ആനയോണിക്ക് ഉപ്പുകൾ ഈ കാലയളവിൽ പശുക്കൾക്ക് നൽകും. പ്രസവാനന്തരം ഉണ്ടാവാൻ ഇടയുള്ള കാത്സ്യക്കമ്മി തടയാൻ ഈയൊരു പരിപാലനക്രമം ഉത്തമമാണ്.
പരിവർത്തനകാലത്തെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ ഇങ്ങനെ ഏറെയുണ്ടെന്ന് അനൂപ് പറയുന്നു. പ്രസവം കഴിഞ്ഞാൽ പാൽ ഉത്പാദനത്തിന് അനുസരിച്ച് തീറ്റ ക്രമേണ കൂട്ടി നൽകും. അകിടുവീക്കം തിരിച്ചറിയുന്നതിനായി മിൽക്ക് മെഷീനിൽ മാസ്റ്റിപ് എന്നൊരു ചെറുയന്ത്രം ഘടിപ്പിച്ചിട്ടുണ്ട്.
അകിടുവീക്കം മൂലം പാലിന്റെ രാസഘടനയിൽ ഉണ്ടാവുന്ന ചെറുവ്യത്യാസങ്ങൾ പോലും കൃത്യമായി തിരിച്ചറിഞ്ഞ് അകിടുവിക്ക മുന്നറിയിപ്പ് നൽകുന്ന സെൻസറാണ് മിൽക്ക് മെഷീൻ ലൈനിൽ ഘടിപ്പിച്ച ഈ ചെറുയന്ത്രം.
പിറക്കുന്നതു പെണ്കിടാക്കൾ മാത്രം
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലഭ്യമാക്കുന്നതും പെണ്കിടാക്കൾ മാത്രം പിറക്കുന്നത് ഉറപ്പാക്കുന്നതുമായ സെക്സ് സോർട്ടഡ് സെമൻ ടെക്നോളജി ബീജമാത്രകൾ ഉപയോഗിച്ചാണ് ഭൂരിഭാഗം പശുക്കൾക്കും കൃത്രിമ ബീജാധാനം നടത്തുന്നത്.
അല്ലെങ്കിൽ ഉയർന്ന ഉത്പാദനം പ്രതീക്ഷിക്കുന്ന പ്രീമിയം ബുൾ സെമെൻ ഉപയോഗിക്കും. ഫാമിൽ പിറക്കുന്ന പൈക്കിടാക്കളെ മികച്ച പരിചരണം നൽകി വളർത്തി വലുതാക്കി തലമുറകളിലൂടെ മികച്ച കറവപ്പശുക്കളെ ഉണ്ടാക്കുന്ന രീതിയാണ് അനൂപിന്റെ ഫാമിൽ സ്വീകരിക്കുന്നത്.
മറ്റ് ഇടങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പശുക്കളെ വാങ്ങി ഫാമിൽ എത്തിക്കുന്നത് വളരെ അപൂർവമാണ്. ഫാമിൽ പിറക്കുന്ന കിടാക്കൾക്ക് 40 കിലോയിൽ അധികം തൂക്കമുണ്ടാകും. ആദ്യമാസം കിടാക്കൾക്ക് ദിവസം 6 ലിറ്റർ വരെ പാൽ നൽകും.
പിന്നീട് നൽകുന്ന പാലിന്റെ അളവ് കുറയ്ക്കും. ജനിച്ച നാലാം ദിവസം മുതൽ കിടാക്കൾക്കു പ്രോട്ടീൻ സമൃദ്ധമായ കാഫ് സ്റ്റാർട്ടർ തീറ്റ നൽകും. നന്നായി തീറ്റ തിന്നു തുടങ്ങിയാൽ രണ്ടു മാസത്തോടുകൂടി തന്നെ പാൽ കുടി നിർത്തും.
ഓരോ കിടാവിനും പ്രത്യേകം കൂടുകൾ ഒരുക്കി, കൂടിന്റെ തറയിൽ കനത്തിൽ അറക്കപ്പൊടി വിതറി വിരിപ്പൊരുക്കിയാണ് കിടാക്കളെ വളർത്തുന്നത്. മികച്ച പരിചരണവും തീറ്റയും നൽകി വളർത്തുന്ന കിടാക്കൾ 14 മാസം പ്രായമെത്തുന്പോൾ തന്നെ ആദ്യ മദിയുടെ ലക്ഷണങ്ങൾ കാണിക്കും.
സ്വന്തം ഫാമിൽ വളർത്തിയെടുക്കുന്ന കിടാക്കൾ പശുക്കളായി മാറുന്പോൾ ആദ്യ കറവയിൽ തന്നെ 25 ലിറ്റർ വരെ പരമാവധി പാലുത്പാദനത്തിൽ എത്താൻ കഴിയാറുണ്ടെന്ന് അനൂപ് പറയുന്നു. ശ്രദ്ധയോടെ പരിപാലിച്ച് വളർത്തുന്പോൾ തുടർ പ്രസവങ്ങളിൽ ഉത്പാദനക്ഷമത 30 ലിറ്ററിലും അധികമാണ്.
മാത്രമല്ല, സ്വന്തം ഫാമിൽ വളർന്നുവലുതായ പശുക്കളായതിനാൽ രോഗങ്ങളും പൊതുവേ കുറവായിരിക്കും. പ്രതിദിനം 40 ലിറ്റർ എങ്കിലും ഉത്പാദനക്ഷമതയുള്ള പൈക്കളെ മികവാർന്ന പരിപാലന രീതികളിലൂടെ വളർത്തിയെടുക്കുകയാണ് അനൂപിന്റെ ലക്ഷ്യം.
ഉത്പാദന ക്ഷമത കുറഞ്ഞ കുറെ എണ്ണം പശുക്കളെ വളർത്തുന്നതിനേക്കാൾ ലാഭകരം ഉത്പാദന മികവ് കൂടിയ കുറഞ്ഞ എണ്ണം പശുക്കളെ പരിപാലിക്കുന്നതാണ്.

മാലിന്യങ്ങളില്ല
അനൂപിന്റെ ഫാമിൽ മാലിന്യമായി പുറന്തള്ളാൻ ഒന്നുമില്ല. ചാണകം സംസ്കരിക്കാൻ 20 എം. ക്യൂബും 10 എം. ക്യൂബും ശേഷിയുള്ള രണ്ട് ബയോഗ്യാസ് പ്ലാന്റുകളുണ്ട്. ചാണകവും മൂത്രവും തൊഴുത്ത് കഴുകുന്ന വെള്ളവും ബയോഗ്യാസ് പ്ലാന്റിൽ എത്തും.
പ്ലാന്റിൽ നിന്നുള്ള സ്ലറി തീറ്റപ്പുല്ല് തഴച്ചു വളരാൻ വളമാക്കും. അതിനായി കൃഷിയിടത്തിൽ സ്ലറി പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വിളവെടുപ്പിന് ശേഷവും തീറ്റപ്പുല്ലിന്റെ ചുവടുകളിൽ ചാണകസ്ലറി അടിച്ചാൽ പുല്ല് തഴച്ചു വളരും.
ഒപ്പം യൂറിയ, മെഗ്നീഷ്യം, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും അധികവളമായി നൽകും. അധികമുള്ള ചാണകം 20 കിലോയുടെ ബക്കറ്റുകളിൽ നിറച്ച് സൂക്ഷിക്കും. വയനാട്ടിലെ തോട്ടം ഉടമകളാണ് ബക്കറ്റിൽ നിറച്ച ചാണകത്തിന്റെ ആവശ്യക്കാർ.
മൂല്യം കൂട്ടി ലാഭം നേടാം
ഫാമിൽ ഉത്പാദിപ്പിക്കുന്ന പാലിന്റെ 90 ശതമാനവും മൂല്യവർധിത ഉത്പന്നങ്ങൾക്കായി മാറ്റിവയ്ക്കുകയാണ്. ബാക്കി പാൽ പ്രാദേശിക ക്ഷീരസംഘത്തിൽ നൽകും. ഡയറി പ്ലാന്റിൽ ബൾക്ക് മിൽക്ക് കൂളറും പാൽ പാസ്ചറൈസേഷൻ സംവിധാനങ്ങളും മെഷീനുകളും ചില്ലിംഗ് മെഷീനുകളും വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങളുമുണ്ട്.
പി.എം.ഇ.ജി.പി.പദ്ധതിയിൽ ലഭിച്ച സാന്പത്തിക സഹായമാണ് ഉത്പന്ന നിർമാണത്തിനായി പ്ലാൻറ് തുടങ്ങാൻ അനൂപിന് സഹായകമായത്. പ്ലാന്റിന്റെ ചുമതലയും ഉത്പന്ന നിർമാണത്തിന്റെ മേൽനോട്ടവും ഭാര്യ ആതിരക്കാണ്. എഞ്ചിനീയറിംഗ് ബിരുദധാരി തന്നെയാണ് ആതിരയും.
ഉത്പന്നങ്ങൾ
തൈര്, സംഭാരം, ലസി, ബട്ടർ, പേഡ, പനീർ, നെയ്യ് തുടങ്ങി 12 ഓളം വിവിധങ്ങളായ ഉത്പന്നങ്ങൾ ഡെയറി ഡെയിം എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നുണ്ട്. പാലുത്പന്ന വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഉത്പന്നങ്ങൾക്ക് വൈവിധ്യം വേണം, മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും അൽഫോൻസാ മാന്പഴത്തിന്റെ പൾപ്പ് എത്തിച്ച് അതു ചേർത്ത് പ്രത്യേകം രുചിയിലാണ് മിൽക്ക് മംഗോ ലസിയൊരുക്കുന്നത്.
പാൽ തന്നെ നറുംപാലായും ബദാം പാലായും ഒക്കെ വില്പന നടത്തുന്നുണ്ട്. വയനാട് ജില്ല തന്നെയാണ് പ്രധാന വിപണി. നെയ്യ് മാത്രം ഓണ്ലൈൻ വഴി ഇന്ത്യയിലെന്പാടും വിപണനം നടത്തുന്നു. ജില്ലയിൽ തന്നെ രണ്ട് ഔട്ട്ലെറ്റുകളും ഡെയറി ഡെയിം ബ്രാൻഡിനുണ്ട്. ഫാമിലും പ്ലാന്റിലും ഉത്പന്നങ്ങളുടെ വിതരണത്തിനുമൊക്കെയായി 14 പേർക്ക് തൊഴിലും നൽകുന്നുണ്ട്.
ലക്ഷ്യം നൂറ് പശുക്കൾ
നൂറ് കറവപ്പശുക്കളുടെ ഫാം ഒരുക്കുകയാണ് 39കാരനായ അനൂപിന്റെ ലക്ഷ്യം. ഫാമിന്റെ പ്രവർത്തനങ്ങൾക്കൊപ്പം വർക്ക് ഫ്രം ഹോം രീതിയിൽ അമേരിക്കൻ കന്പനിയിലെ സൂപ്പർ കംപ്യൂട്ടിംഗ് എൻജിനീയർ ജോലി തുടരുകയും ചെയ്യും.
ജോലിയുടെ ഭാഗമായി അമേരിക്ക സന്ദർശിക്കുന്പോൾ കിട്ടുന്ന ഇടവേളകളിൽ ഡെയറി ഫാമുകൾ സന്ദർശിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനും അനൂപ് ശ്രമിക്കാറുണ്ട്.
ഫോണ്: 98848 48909
Tags : Agriculture