കയ്പിന്റെ പര്യായമായിട്ടാണ് കാഞ്ഞിര മരത്തെ കാണുന്നത്. അതിന്റെ എല്ലാ ഭാഗങ്ങൾക്കും അത്രയ്ക്കാണ് കയ്പ്. വായുക്ഷോഭം, ഗ്യാസ്ട്രൈറ്റിസ്, ദഹനക്കേട്, പിത്തസഞ്ചി എന്നീ രോഗ ലക്ഷണങ്ങൾക്കും ആമവാതം, ത്വക്ക് രോഗങ്ങൾ, ദഹനനാളത്തിലെ വീക്കം സ്തനാർബുദം എന്നീ രോഗങ്ങൾക്കും കാഞ്ഞിരം ഔഷധമാണ്.
ആയൂർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാ രീതികളിലും ഉപയോഗിക്കുന്ന ഔഷധമാണ് കാഞ്ഞിരം. സ്ട്രിസ്നോസ്നക്സ് - വൊമിക്ക ലിൻ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കാഞ്ഞിരം ലൊഗാനിയേസി കുടുംബത്തിൽപ്പെടുന്നു.
തണൽ ഇഷ്ടപ്പെടുന്ന കാഞ്ഞിരം നനവുള്ള മണ്ണിലും നന്നായി വളരും. കാഞ്ഞിരമരം ഒന്നിച്ച് ഇല പൊഴിക്കാറില്ല, അതിന്റെ ഇലകൾ കന്നുകാലികൾ തിന്നാറുമില്ല. വരൾച്ചയെ സഹിക്കാനുള്ള കഴിവ് ഏറെയാണ്.
ഇതു കൃഷി ചെയ്യാറില്ല. വനങ്ങളിലും കാവുകളിലുമാണ് സാധാരണ കണ്ടുവരുന്നത്. വിത്തും തൊലിയുമാണ് എണ്ണയ്ക്കും ഔഷധങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്നത്. തടിക്ക് നല്ല ഉറപ്പും ഈടുമുണ്ട്.
കാതൽ ചിതലെടുക്കില്ല. കൃഷി ആയുധങ്ങൾക്ക് പിടിയിടാനും, കട്ടിലുകൾ, ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള എണ്ണത്തോണികൾ, വിത്തുകൾ സൂക്ഷിക്കാനുള്ള പെട്ടികൾ തുടങ്ങിയവ നിർമിക്കാനും കാഞ്ഞിരത്തിന്റെ തടി ഉപയോഗിക്കുന്നു.
കാഞ്ഞിരം നട്ടുവളർത്താവുന്ന മരമാണ്. വിത്ത് ശേഖരിച്ച് കാലതാമസമില്ലാതെ നടുന്നതാണ് ഉചിതം. നടുന്നതിനു മുന്പ് 12 മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കണം. മുളപ്പിച്ച തൈകൾ കാലവർഷാരംഭത്തോടെ അര മീറ്റർ വലുപ്പത്തിലുള്ള കുഴിയെടുത്ത് ആവശ്യത്തിന് വളം നിറച്ച് അതിൽ നടാം.
20-30 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. ഒരു കുഴിയിൽ ആരോഗ്യമുള്ള ഒരു തൈ എന്നതാണ് കണക്ക്. ഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കാഞ്ഞിരത്തിന്റെ ഇലകൾക്ക് നല്ല പച്ചനിറവും തിളക്കവുമുണ്ട്.
അവയ്ക്ക് മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്കു വീതി കുറവാണ്. ഇലകൾക്ക് എട്ടു സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ നീളവും, അഞ്ചു സെന്റീമീറ്റർ മുതൽ പത്തു സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകും.
സാധാരണ അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ പൂവിടും. ദ്വിലിംഗ പുഷ്പങ്ങൾക്ക് പച്ചകലർന്ന വെള്ളനിറത്തോടുകൂടിയ അഞ്ച് ബാഹ്യദളങ്ങളും അഞ്ചു കേസരങ്ങളും കാണും.
നവംബർ - മാർച്ച് മാസങ്ങളിൽ കായ്കൾ വിളയും വിളഞ്ഞ കായ്ക്ക് ഒറഞ്ചിന്റെ നിറമാണ്. ഒരു കായിൽ മൂന്ന് മുതൽ അഞ്ച് വരെ വിത്തുകളുണ്ടാകും. വിത്തുകൾക്ക് പരന്ന രൂപമാണ്. അവയിൽ ന്ധസ്ട്രിക് നൈൽ, ബ്രൂസൈൻ ’ എന്നീ അൽക്കലോയിഡുകളുണ്ട്.
Tags : Agriculture