കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയില്‍ പുത്തനുണര്‍വ്
Friday, August 23, 2024 11:27 PM IST
സീമ മോഹന്‍ലാല്‍
കൊച്ചി: കേരളത്തിലേക്കുള്ള രാജ്യാന്തര കള്ളക്കടത്ത് വലിയ തോതില്‍ കുറഞ്ഞതോടെ സ്വര്‍ണ വ്യാപാര മേഖലയില്‍ പുത്തനുണര്‍വ്. കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കിയതോടെയാണ് കള്ളക്കടത്ത് കുറഞ്ഞത്.
ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ ഉണര്‍വ് പ്രകടമായത്. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ ഒമ്പതു ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭമുണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്നു ലക്ഷത്തിലേക്ക് ചുരുങ്ങിയതോടെ വളരെയധികം പേര് കള്ളക്കടത്തിൽനിന്നു പിന്മാറി.ഇതോടെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
ദുബായിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തേ ദുബായില്‍നിന്നു സ്വര്‍ണം കേരളത്തില്‍ കൊണ്ടുവന്ന് വില്ക്കുമ്പോള് ഒരു പവന് 5,000 രൂപയ്ക്കടുത്ത് ലാഭമാണു ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 1,000 രൂപയില്‍ താഴെ മാത്രമായി.
ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിന് കൂടുതല്‍ സാധ്യമാക്കിയാല്‍ ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ കഴിയുമെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,660 രൂപയും പവന് 53,280 രൂപയുമായി.