അദാനി ഗ്രൂപ്പ് കന്പനികളിൽ വിദേശനിക്ഷേപം കുറയുന്നു
Thursday, April 17, 2025 11:00 PM IST
മുംബൈ: അദാനി ഗ്രൂപ്പ് കന്പനികളിൽനിന്ന് വിദേശ നിക്ഷേപർ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നു. 2025 മാർച്ച് പാദത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽനിന്ന് ഏകദേശം 3,600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതിനു വിപരീതമായി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ- ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഇൻഷ്വറൻസ് കന്പനികൾ, പെൻഷൻ ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളിലുടനീളം അവരുടെ ഓഹരികൾ ഗണ്യമായി വർധിപ്പിച്ചു.
വിദേശ നിക്ഷേപകർ അദാനിയുടെ അഞ്ച് സ്ഥാപനങ്ങളിൽനിന്നാണ് ഓഹരികൾ പിൻവലിച്ചത്. അദാനി എനർജിയിൽനിന്ന് എഫ്ഐഐ ഓഹരികൾ നാലാം പാദത്തിൽ 12.45 ശതമാനത്തിലെത്തി. മുൻപാദത്തിലിത് 13.68 ശതമാനമായിരുന്നു. 1850 കോടി രൂപ (1.23%) വിറ്റഴിക്കൽ നടത്തി.
അദാനി പോർട്ട്സ് & സെസിൽനിന്ന്, എഫ്ഐഐ ഓഹരികൾ 13.93 ശതമാനത്തിൽ നിന്ന് 13.42 ശതമാനമായി കുറഞ്ഞു. 1,310 കോടി രൂപയുടെ (0.5%) ഇടിവാണുണ്ടായത്. അംബുജ സിമന്റ്സിലെ എഫ്ഐഐകളുടെ ഓഹരികൾ 0.54 ശതമാനം കുറച്ച് 8.6 ശതമാനമാക്കി, അതായത് 700 കോടി രൂപയുടെ വിറ്റഴിക്കൽ നടത്തി. എസിസിയിൽ വിദേശ നിക്ഷേപരുടെ ഓഹരികൾ 0.31 ശതമാനം കുറച്ച് 4.83 ശതമാനമായി. 110 കോടി രൂപയുടെ കുറവാണുണ്ടായത്. അദാനി എന്റർപ്രൈസസിൽ 54 കോടി രൂപയുടെ ചെറിയൊരു വിറ്റഴിക്കൽ നടന്നു.
ഈ പാദത്തിൽ തെരഞ്ഞെടുത്ത അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം ഫ്ളോറിഡയിലെ ഫോർട്ട് ലോർഡെയ്ലി ആസ്ഥാനമായുള്ള നിക്ഷേപക കന്പനിയായ ജിക്യുജി ഗ്രൂപ്പ് നേരിയ തോതിൽ വർധിപ്പിച്ചു. അദാനി ഗ്രീൻ എനർജിയിൽ ഏകദേശം 430 കോടി രൂപ വീതം നിക്ഷേപിച്ചു (4.21 ശതമാനത്തിൽ നിന്ന് 4.49 ശതമാനത്തിന്റെ വർധനവ്), അദാനി എന്റർപ്രൈസസിൽ (3.67 ശതമാനത്തിൽ നിന്ന് 3.84 ശതമാനം).
അദാനി എനർജി സൊല്യൂഷനിലെ ഓഹരി പങ്കാളിത്തം 5.10 ശതമാനത്തിൽനിന്ന് 5.23 ശതമാനമായും അദാനി പവറിലെ ഓഹരി പങ്കാളിത്തം 5.08 ശതമാനത്തിൽ നിന്ന് 5.10 ശതമാനമായും ഗ്രൂപ്പ് ഉയർത്തി. യഥാക്രമം 141 കോടി രൂപയും 30 കോടി രൂപയും നിക്ഷേപിച്ചു.
എന്നാൽ, അദാനി പോർട്ട്സ് & സെസിലെ ഓഹരി പങ്കാളിത്തം കുറച്ചു. 225 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ഓഹരികൾ 4.02 ശതമാനത്തിൽ നിന്ന് 3.93 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
നിക്ഷേപം കൂടുതൽ എൽഐസിക്ക്
അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ 2025 കോടി രൂപയുടെ നിക്ഷേപം നടത്തിയ എൽഐസിയാണ് ആഭ്യന്തര സ്ഥാനപനങ്ങളിൽ മുന്നിൽ. ഇൻഷ്വറൻസ് കന്പനികൾ (1856 കോടി രൂപ), പെൻഷൻ ഫണ്ടുകൾ (1050 കോടി രൂപ), മ്യൂച്ചൽ ഫണ്ടുകൾ (1600 കോടി രൂപ) എന്നിവയാണ് പിന്നിൽ.
അംബുജ സിമന്റ്സിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് എൽഐസിയാണ് 5.07 ശതമാനത്തിൽനിന്ന് 0.48 ശതമാനം ഉയർന്ന് 5.55 ശതമാനത്തിലെത്തി. 636 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അദാനി പോർട്ട്സ് ആൻഡ് സെസിൽ 0.24 ശതമാനം ഉയർന്ന് 8.10 ശതമാനവും (631 കോടി രൂപ), എസിസി സിമന്റ്സിൽ 1.12 ശതമാനം വർധിച്ച് 7.69 ശതമാനത്തിലും (412 കോടി രൂപ), അദാനി എന്റർപ്രൈസസിൽ 0.14 ശതമാനം (362 കോടി രൂപ ) ഉയർന്നു.
ഇൻഷ്വറൻസ് കന്പനികൾ അംബുജ സിമന്റിസിൽ 550 കോടി രൂപയുടെ നിക്ഷേപം നടത്തി. അദാനി പോർട്ട്സിൽ 475 കോടി രൂപ, എസിസിയിൽ 433 കോടി രൂപ, അദാനി എന്റർപ്രൈസസിൽ 335 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപം. പെൻഷൻ ഫണ്ടുകൾ അദാനി പോർട്സ് ആൻഡ് സെസ് (871 കോടി രൂപ), അംബുജ സിമന്റ്സ് (192 കോടി രൂപ) എന്നിവിടങ്ങളിലാണ് നിക്ഷേപം നടത്തിയത്.
മ്യൂച്ചൽ ഫണ്ടുകൾ അദാനി ഗ്രീൻ എനർജി (973 കോടി രൂപ), അദാനി എനർജി സൊലൂഷൻസ് (563 കോടി രൂപ), അദാനി എന്റർപ്രൈസസ് (322 കോടി രൂപ), അംബുജ (127 കോടി രൂപ) എന്നിങ്ങനെയാണ് നിക്ഷേപിച്ചത്. എന്നാൽ, എസിസി, അദാനി പോർട്സ് ആൻഡ് സെസ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവടങ്ങളിലെ നിക്ഷേപം കുറച്ചു.