കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്ററുകള്‍
Saturday, April 12, 2025 12:17 AM IST
കൊച്ചി: കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിന് ആഗോളതലത്തിലുള്ള സേവനദാതാക്കളായ ഡ്രൈഡോക്സ് വേള്‍ഡും കൊച്ചിന് ഷിപ്പ് യാർഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
രാജ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ശൃംഖല വികസിപ്പിക്കാനും അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈഡോക്സുമായുള്ള ധാരണാപത്രം.
ഇന്ത്യയുടെ തീരപ്രദേശത്തു കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇതിലൂടെ തുറന്നുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ലോകോത്തര നിലവാരമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി കേരളത്തില്‍ കൊച്ചിയും ഗുജറാത്തിലെ വാദിനാറും ആധുനിക കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള ക്ലസ്റ്ററുകളാക്കി മാറ്റും.
കപ്പലുകളുടെ അറ്റകുറ്റപ്പണികളും ഓഫ്ഷോര്‍ ഫാബ്രിക്കേഷന്‍ ശേഷിയും വര്‍ധിപ്പിക്കും. മറൈന്‍ എൻജിനിയറിംഗിലും അടിസ്ഥാനവികസന പ്രോജക്ടുകളിലും പരസ്പരം സഹകരിക്കും.
പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍, ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്മാൻ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം എന്നിവർ പറഞ്ഞു.