പുതിയ ഇനം മഞ്ഞള്‍ വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
Thursday, April 17, 2025 12:40 AM IST
കോഴിക്കോട്: വ്യാവസായിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആഭ്യന്തര -അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടും പുതിയ ഇനം മഞ്ഞള്‍ വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആര്‍ - ഐഐഎസ്ആര്‍).
മഞ്ഞള്‍പൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള ഐഐഎസ്ആര്‍ സൂര്യ എന്ന പുതിയ ഇനം മഞ്ഞള്‍ അത്യുത്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമാണ്. സുഗന്ധവ്യഞ്ജന മേഖലയില്‍ മഞ്ഞളിനും മഞ്ഞള്‍പൊടി വ്യവസായത്തിനുമുള്ള പ്രത്യേകതകളിലൊന്നാണ് ഇളം നിറത്തിലുള്ള മഞ്ഞളിനും അതിന്റെ പൊടിക്കും ഉയര്‍ന്നു വരുന്ന ആവശ്യകത. പൊതുവേ മഞ്ഞള്‍പൊടി തയാറാക്കുന്നതിന് ഇളം നിറത്തിലുള്ള മഞ്ഞളിനാണു മുന്‍ഗണനയെങ്കിലും അതിന്റെ ലഭ്യത താരതമ്യേന കുറവാണ്.
തയാറാക്കുന്ന മസാലകളില്‍ അധികം നിറവ്യത്യാസം ഉണ്ടാവില്ല എന്നതും വിദേശ വിപണികളില്‍ പ്രത്യേകിച്ച് ജപ്പാന്, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇളം നിറത്തിലുള്ള മഞ്ഞള്‍ ഉത്പനങ്ങള്ക്കാണു സ്വീകാര്യത എന്നതും ഇതിന്റെ ആവശ്യകത വർധിപ്പിക്കുന്നുണ്ട്.
മൈദുകൂര്, സേലം ലോക്കല്‍ തുടങ്ങിയവയാണ് ഇളം നിറമുള്ള മഞ്ഞള്‍ ഇനങ്ങളില്‍ നിലവില്‍ പ്രചാരത്തിലുള്ളത്. ഇത്തരം മഞ്ഞള്‍ ഇനങ്ങള്‍ക്ക് വിളവു കുറവായതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇതിന്റെ വ്യാപകമായ കൃഷിക്കു താത്പര്യപെടുന്നില്ല. ഇതുമൂലം ഇത്തരം മഞ്ഞള്‍ പലപ്പോഴും സാധാരണ നിറമുള്ളതോടൊപ്പം കലര്‍ത്തിയാണു വിപണിയിലെത്തുന്നത്. ഇതിനെല്ലാം പ്രതിവിധിയാണ് ഐഐഎസ്ആര്‍ സൂര്യ. അത്യുത്പാദനശേഷിയുള്ള ഈ ഇനത്തില്‍നിന്നു ഹെക്ടറിന് ശരാശരി 29 ടണ്‍ വിളവ് കിട്ടും.
മേല്പറഞ്ഞ ഇനങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വര്‍ധനയാണിത്. നിര്‍ദേശിക്കുന്ന സാഹചര്യങ്ങളില്‍ കൃഷി ചെയ്താല്‍ ഹെക്ടറിന് 41 ടണ്‍ വരെ പരമാവധി വിളവ് സൂര്യയില്നിന്നു ലഭിക്കും. ഉണക്കിന്റെ തോത് നോക്കുമ്പോള്‍ ഹെക്ടറില്‍ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭ്യമാവും.
ഐഐഎസ്ആര്‍ സൂര്യയുടെ മണവും സവിശേഷതയുള്ളതാണ്. സാധാരണയില്‍നിന്നു വ്യത്യസ്തമായുള്ള ഈ മണവും സൂര്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നു ഗവേഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. 2-3 ശതമാനം കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്.
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം നിലനിര്‍ത്തുന്ന മഞ്ഞളിന്റെ ജനിതകശേഖരത്തില്‍ (ജെംപ്ലാസം) നടത്തിയ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയാണു സൂര്യ. ക്ലോണല്‍ സെലക്ഷന് വഴി പത്തുവർഷത്തോളമെടുത്താണ് ഇത് വികസിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരീക്ഷണ കൃഷിക്കു ശേഷമാണു സൂര്യയുടെ ശരാശരി വിളവ് ഉറപ്പിച്ചത്.
കേരളം, തെലങ്കാന, ഒഡീഷ, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഐഐഎസ്ആര്‍ സൂര്യ കൃഷിക്ക് അനുകൂലമാണെന്നു സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി (എഐസിആര്‍പിഎസ്) നിര്‍ദേശിച്ചിട്ടുണ്ട്.
സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എന്‍.കെ. ലീല, ഡോ. എസ്. മുകേഷ് ശങ്കര്‍, ഡോ. ബി. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണു പുതിയ ഇനത്തിന്റെ ഗവേഷണത്തില്‍ പ്രവര്‍ത്തിച്ചത്.
ഐഐഎസ്ആര്‍ സൂര്യയുടെ നടീല്‍ വസ്തു ഉത്പാദനത്തിനായുള്ള ലൈസന്‍സുകള്‍ ഗവേഷണ സ്ഥാപനം നല്‍കുന്നുണ്ട്. കര്‍ഷകര്‍, നഴ്സറികള്‍ എന്നിങ്ങനെ താത്പര്യമുള്ളവര്‍ക്ക് ലൈസൻസിനുവേണ്ടിയും ബുക്കിംഗിനായും ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2731410. ഇ-മെയില്‍: iisrbpd2019 @gmail.com