ഓഹരിവിപണികളിൽ മുന്നേറ്റം
Thursday, April 17, 2025 11:00 PM IST
മുംബൈ: ബാങ്കിംഗ് ഓഹരികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ നാലാം ദിവസം നേട്ടത്തിലെത്തി. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 20800 പോയിന്റ് മറികടന്നു.
വ്യാപാരം പൂർത്തിയായപ്പോൾ ബോംബെ സ്്റ്റോക് എക്സ്ചേഞ്ച് സൂചിക സെൻസെക്സ് 1508.91 പോയിന്റ് (1.96%) ഉയർന്ന് 78,553.20ലെത്തി. നിഫ്റ്റി 414.45 പോയിന്റ് (1.77%) മുന്നേറി 23,851.65ലും. ബാങ്ക് ഓഹരികൾക്കു പുറമെ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും മികച്ച പ്രകടനം നടത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മൂലധനം കഴിഞ്ഞ സെഷനിലെ 415 ലക്ഷം കോടിയിൽനിന്ന് 419 ലക്ഷം കോടിയിലേക്ക് ഉയർന്നു. ഇതോടെ ഇന്നലെ നിക്ഷേപകരുടെ മൂലധനം 4.96 ലക്ഷം കോടിയാണ് വർധിച്ചത്.
എൻഎസ്ഇയുടെ എല്ലാ മേഖലാ സൂചികകളും ഇന്നലെ നേട്ടത്തിലെത്തി. നിഫ്റ്റി ബാങ്ക് (2.21%) ആണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ മേഖലാ സൂചിക. തുടർച്ചയായ നാലാം സെഷനിലും ഉയർന്ന നിഫ്റ്റി ബാങ്ക് ഈ ആഴ്ച അവസാനിക്കുന്നത് 6.5 ശതമാനം നേട്ടത്തിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികളാണ് കരുത്തായത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകളും ഉയർന്നു.