മാതളനാരങ്ങ കപ്പലിൽ യുഎസിലെത്തി
Sunday, April 20, 2025 12:40 AM IST
ന്യൂഡൽഹി: ഇന്ത്യൻ മാതളനാരങ്ങകൾ ആദ്യമായി കടൽ മാർഗം യുഎസിലെത്തി. വിലയേറിയ ഭഗവാ ഇനം മാതളനാരങ്ങയാണ് ന്യൂയോർക്കിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) വിശദാംശങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതിനിടെ മാതളനാരങ്ങയെത്തിയത് ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നു.
ഇന്ത്യയുടെ ഫ്രഷ് ഫ്രൂട്ട് കയറ്റുമതിയിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഉയർന്ന നിലവാരമുള്ള ഫ്രഷ് പഴങ്ങൾക്കായുള്ള അന്താരാഷ്ട്ര ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മത്സരം നിറഞ്ഞ യുഎസ് വിപണിയിൽ ഇന്ത്യൻ മാതളനാരങ്ങകൾ ഒരു പ്രിയപ്പെട്ട ഇനമായി മാറാനുള്ള സാധ്യതയാണ് ഈ കയറ്റുമതി സൂചിപ്പിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽനിന്ന് 4,620 പെട്ടികളിലായി ഏകദേശം 14 ടണ്‍ മാതളനാരങ്ങകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ മാസം ഇത് യുഎസ് കിഴക്കൻ തീരത്ത് എത്തി. പരന്പരാഗതമായി വ്യോമമാർഗമാണ് കയറ്റുമതി നടത്തിയിരുന്നത്. ഇപ്പോൾ ചെലവ് കുറഞ്ഞ കടൽ മാർഗമുള്ള കയറ്റുമതി രീതി സ്വീകരിച്ചു.
2023ലെ സീസണിലാണ് ഇന്ത്യൻ മാതളനാരങ്ങയ്ക്ക് യുഎസ് വിപണിയിൽ പ്രവേശനം അനുവദിച്ചത്. ആ സീസണിൽ യുഎസിലേക്ക് വിമാനമാർഗം മാതളനാരങ്ങയുടെ പരീക്ഷണ കയറ്റുമതി വിജയകരമായി നടത്തി.
ഐസിഎആർ-നാഷണൽ റിസർച്ച് സെന്റർ ഫോർ പോമെഗ്രാനേറ്റുമായി സഹകരിച്ച് എപിഇഡിഎ മാതളനാരങ്ങയുടെ ഷെൽഫ് ലൈഫ് (സംഭരണ കാലാവധി) 60 ദിവസം വരെ വർധിപ്പിക്കുന്നതിനുള്ള പരീക്ഷണം വിജയിപ്പിച്ചെടുത്തു. ഇതോടെ 2024 ഫെബ്രുവരിയിൽ 4200 പെട്ടികളിലായി 12.6 ടണ്‍ മാതളനാരങ്ങയുടെ സമുദ്ര മാർഗമുള്ള ആദ്യ പരീക്ഷണ കയറ്റുമതി ഇന്ത്യ വിജയകരമായി നടത്തി.
സമുദ്രമാർഗമുള്ള കയറ്റുമതിക്കായും പഴങ്ങളുടെ സുഗമവും സമയബന്ധിതവുമായ വരവ് ഉറപ്പാക്കാനും കഴിഞ്ഞ വർഷം ഡിസംബറിൽ എഡിഇഡിഎ മാതളനാരങ്ങകൾക്കായുള്ള യുഎസ് കാർഷിക വകുപ്പിന്റെ മുൻകൂർ ക്ലിയറൻസിനു സൗകര്യമൊരുക്കി.
2025 സാന്പത്തികവർഷം ഏപ്രിൽ-ജനുവരി കാലയളവിൽ ഇന്ത്യയുടെ മാതളനാരങ്ങ കയറ്റുമതി 21% ഉയർന്ന് 59.76 മില്യണ്‍ ഡോളറിലെത്തി. യുഎഇ, ബംഗ്ലാദേശ്, നേപ്പാൾ, നെതർലൻഡ്സ്, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലൻഡ്, ബഹറിൻ, ഒമാൻ, യുഎസ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന വിപണികൾ.