ഓഹരിവിപണികൾ കുതിച്ചു
Wednesday, April 16, 2025 1:53 AM IST
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തിനു മുകളിലെത്തി.
പകരച്ചുങ്ക നടപടികളിൽ ഒഴിവാക്കലുകൾ സാധ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സൂചനയാണ് ഇന്ത്യൻ ഓഹരിവിപണിക്കു കരുത്തായത്. ഈ മാസമാദ്യം ഇന്ത്യൻ വിപണികൾക്കുണ്ടായ നഷ്ടം വീണ്ടെടുക്കാൻ ഈ നേട്ടങ്ങൾ സഹായിച്ചു, എല്ലാ മേഖലകളിലും വാങ്ങൽ പ്രവണത പ്രകടമായി.
സെൻസെക്സ് 2.1 ശതമാനം (1,577.63 പോയിന്റ്) ഉയർന്ന് 76,734.89 ലും നിഫ്റ്റി 2.19 ശതമാനം (500 പോയിന്റ്) ഉയർന്ന് 23,328.55 ലുമാണ് ക്ലോസ് ചെയ്തത്.മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ മൂന്ന് ശതമാനം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം 10.8 ലക്ഷം കോടി രൂപ വർധിച്ച് 412.34 ലക്ഷം കോടി രൂപയായി.
സ്മാർട്ട്ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് സാധനങ്ങളെ ട്രംപ് അധിക തീരുവയിൽനിന്ന് ഒഴിവാക്കിയതും ഇന്ത്യൻ മാർക്കറ്റിന് ഗുണം ചെയ്തു. ട്രംപിന്റെ പകരച്ചുങ്കം മൂലമുണ്ടായ സാന്പത്തിക അസ്ഥിരതകൾക്കിടയിൽ ഇന്ത്യൻ വിപണികളെ താരതമ്യേന സുരക്ഷിത താവളമായി നിക്ഷേപകർ കാണുന്നുണ്ട്.
ചൈനയ്ക്കു പകരമുള്ള ഒരു ഉത്പാദന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ചൈന-യുഎസ് വ്യാപാരയുദ്ധം ശക്തിപ്പെടുന്നത് സഹായിക്കുമെന്ന കരുതൽ നിക്ഷേപർക്കിടയിലുണ്ട്. വിദേശ ഓട്ടോമൊബൈൽ സാമഗ്രികളെ തീരുവയിൽനിന്ന് ഒഴിവാക്കുമെന്ന് ട്രംപിന്റെ സൂചനയും വിപണിക്കു കരുത്തായി.