റബറിന് ആശ്വാസം; വില തിരിച്ചുകയറുന്നു
Saturday, April 12, 2025 12:17 AM IST
കോട്ടയം: ഇറക്കുമതി ഉത്പന്നങ്ങള്‍ക്കുള്ള അധിക തിരുവ അമേരിക്ക 90 ദിവസത്തേക്ക് മരവിപ്പിച്ചത് റബര്‍ വിപണിക്കും നേരിയ ആശ്വാസമായി.
കിലോയ്ക്ക് 208 രൂപയില്‍നിന്ന് 197 രൂപയിലേക്ക് ഇടിഞ്ഞ റബറിന് വില വീണ്ടും കയറിത്തുടങ്ങി. ഇന്നലെ ടയര്‍ കമ്പനികള്‍ 198 രൂപ വില നിശ്ചയിച്ചതിനാല്‍ ഡീലര്‍മാര്‍ 194 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് ഷീറ്റ് വാങ്ങി.
തായ്ലന്‍ഡിലും ക്വലാലംപുരിലും ഇന്നലെ വില ഉയര്‍ന്നത് നല്ല സൂചനയായി. ടയര്‍ കമ്പനികള്‍ക്ക് സ്റ്റോക്ക് പരിമിതമായതിനാല്‍ വരും ദിവസങ്ങളിലും മെച്ചപ്പെട്ട വിലയ്ക്ക് ചരക്കെടുക്കുമെന്നാണ് സൂചന. അതേസമയം വിദേശവില മെച്ചപ്പെടുമ്പോഴും റബര്‍ ബോര്‍ഡ് വിലയില്‍ മാറ്റം വരുത്തുന്നില്ല.
പകരച്ചുങ്കം നടപ്പാക്കാന്‍ അമേരിക്ക തീരുമാനിച്ചതുമുതല്‍ ആഗോള റബര്‍ വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ബാങ്കോക്കില്‍ 30 രൂപയുടെയും ക്വലാലംപൂരില്‍ 40 രൂപയുടെയും താഴ്ചയാണ് ഒരാഴ്ചയ്ക്കുള്ളിലുണ്ടായത്.