ചൈനയ്ക്ക് 245% തീരുവ
Thursday, April 17, 2025 12:40 AM IST
വാഷിംഗ്ടണ്: യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു. പകരച്ചുങ്കത്തിൽ ചൈനയുമായുള്ള യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം.
ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ 245 ശതമാനമാക്കി വർധിപ്പിച്ചു. ചൈനയിൽനിന്ന് അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 145 ശതമാനം ചുങ്കം ഉയർത്തിയതിനു മറുപടിയായി അമേരിക്കൻ വിമാന നിർമാണ കന്പനിയായ ബോയിംഗുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ ചൈനീസ് സർക്കാർ രാജ്യത്തെ വിമാനക്കന്പനികൾക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് തീരുവ ഉയർത്തൽ പ്രഖ്യാപനം വൈറ്റ്ഹൗസിൽനിന്നുമുണ്ടായത്.
യുഎസ് കന്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഭാഗങ്ങളുടെയും വാങ്ങലുകൾ നിർത്താൻ ബെയ്ജിംഗ് ചൈനീസ് വിമാനക്കന്പനികൾക്ക് നിർദേശം നൽകി.
താരിഫ് യുദ്ധം തുടരുന്നതിനിടെ ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങൾക്ക് കഴിഞ്ഞയാഴ്ച 145 ശതമാനം വരെയാണ് നികുതി വർധിപ്പിച്ചത്. ഇതിന് മറുപടിയായി കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കൻ ഉത്പന്നങ്ങളുടെ മേൽ ചൈന 125 ശതമാനം നികുതി ചുമത്തുകയും പല യുഎസ് കന്പനികൾക്കുമേലും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ ഹൈടെക്, പ്രതിരോധ വ്യവസായങ്ങൾക്ക് അത്യാവശ്യമായ ചില ധാതുക്കളുടെ കയറ്റുമതി ചൈന കൂടുതൽ കർശനമാക്കി. ചില അപൂർവ ഭൗമ മൂലകങ്ങളുടെയും കാന്തങ്ങളുടെയും കയറ്റുമതി ചൈന നിർത്തിവച്ചു. ഇതേതുടർന്നാണ് യുഎസിന്റെ പുതിയ നടപടി.
വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ യുഎസുമായി പുതിയ വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾക്ക് 75 രാജ്യങ്ങൾ സന്നദ്ധമായി. ചൈന ഒഴികെ ഈ രാജ്യങ്ങൾക്ക് അധിക നികുതി ചുമത്തുന്നത് നടപ്പാക്കുന്നത് 90 ദിവസത്തേക്ക് നിർത്തിവച്ചിരുന്നു. ചർച്ചയ്ക്കു പകരം ചൈന തിരിച്ചടിക്കുകയാണ് ചെയ്തത്. ഇതേത്തുടർന്ന് ചൈന 245 ശതമാനം തീരുവ നേരിടേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
പന്ത് ഇപ്പോൾ ചൈനയുടെ കോർട്ടിൽ
യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, താനുമായി ഒരു തീരുവ കരാർ ഉണ്ടാക്കേണ്ടത് ഇനി ബെയ്ജിംഗാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഒരു താരിഫ് കരാർ അന്തിമമാക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ ബെയ്ജിംഗിനാണെന്ന് ട്രംപ് പറഞ്ഞു. ചൈനയെക്കുറിച്ച് തന്റെ നിലപാട് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് പറഞ്ഞു.
“പന്ത് ഇപ്പോൾ ചൈനയുടെ കോർട്ടിലാണ്. ചൈന ഞങ്ങളുമായി കരാറിൽ ഏർപ്പെടണം. ഞങ്ങൾ ചൈനയുമായി കരാറിൽ ഏർപ്പെടേണ്ടതില്ല. ചൈന മറ്റു രാജ്യങ്ങളേക്കാൾ വലുതാണെന്നതൊഴിച്ചാൽ വേറെ വ്യത്യാസമൊന്നുമില്ല-’’ ലെവിറ്റ് പറഞ്ഞു.
പോരാടും, ഭയമില്ലെന്ന് ചൈന
തീരുവ വിഷയത്തിൽ ചൈന തങ്ങളുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. വ്യാപാര യുദ്ധത്തിൽ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
“തീരുവ യുദ്ധം തുടങ്ങിയത് യുഎസ് ആണ്. രാജ്യം അതിന്റെ നിയമാനുസൃതമായ അവകാശങ്ങളും താത്പര്യങ്ങളും അന്താരാഷ്ട്ര വ്യാപാരം നീതിയും ന്യായവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ചൈന സ്വീകരിച്ചിട്ടുള്ള നടപടികൾ പൂർണമായും ന്യായവും നിയമപരവുമാണ്. തീരുവ, വ്യാപാര യുദ്ധങ്ങളിൽ വിജയികളില്ല. ചൈനയ്ക്ക് ഇത്തരം യുദ്ധങ്ങളിൽ പോരാടാൻ താത്പര്യമില്ല-” ലിൻ പറഞ്ഞു.
ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിൽ ഭീഷണിയും സമ്മർദം ചെലുത്തുന്നതും നിർത്തണം. തുല്യതയിലും പരസ്പര ബഹുമാനത്തോടെയും വേണം ചർച്ചകൾ നടക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.