യുഎസിന്റെ ബോയിംഗ് വിമാനങ്ങൾ വേണ്ടെന്ന് ചൈന
Wednesday, April 16, 2025 1:53 AM IST
ബെയ്ജിംഗ്: യുഎസ്-ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്. അമേരിക്കൻ വിമാനക്കന്പനിയായ ബോയിംഗുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ രാജ്യത്തെ വിമാനക്കന്പനികൾക്ക് നിർദേശം നൽകിയാണ് ചൈന യുഎസിനു മറുപടി നൽകിയത്.
അമേരിക്കയിൽനിന്ന് ബോയിംഗ് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നതു നിർത്തിവയ്ക്കാൻ വിമാനക്കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽനിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 145 ശതമാനം തീരുവ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തി. ഈ നടപടിയെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തലെന്നു വിശേഷിപ്പിച്ച് ബെയ്ജിംഗ് ശക്തമായി പ്രതികരിച്ചു.
ചൈനയിലേക്ക് യുഎസിന്റെ എല്ലാ ഇറക്കുമതിക്കും 125 ശതമാനം പകരച്ചുങ്കം ചുമത്തിയാണ് തിരിച്ചടിച്ചത്. ഇതിനു പിന്നാലെയാണ് ബോയിംഗുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാനുള്ള നിർദേശവും വന്നിരിക്കുന്നത്.
ഉയർന്ന തീരുവ കാരണമുള്ള വർധിച്ച ചെലവുകൾ നികത്താൻ ബോയിംഗ് വിമാനങ്ങൾ വാടകയ്ക്കെടുത്ത ചൈനീസ് എയർലൈൻ കന്പനികളെ സാന്പത്തികമായി സഹായിക്കാനും ചൈനയ്ക്ക് പദ്ധതിയുള്ളതായാണ് റിപ്പോർട്ടുകൾ.
പുതിയ താരിഫുകൾ പ്രകാരം യുഎസ് നിർമിത വിമാനങ്ങളുടെയും പാർട്സുകളുടെയും വില ഇരട്ടിയോളം വർധിക്കും. ഇത് ചൈനീസ് വിമാനക്കന്പനികൾക്ക് സാന്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നു കണ്ടാണ് സഹായനടപടി.
അമേരിക്കയുടെ ഉയർന്ന തീരുവ ബോയിംഗ് വിമാനക്കന്പനികൾക്ക് വലിയ തിരിച്ചടിയാണ്.ബോയിംഗിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. ബോയിംഗ് വിമാനങ്ങളുടെ 25 ശതമാനത്തോളം ചൈനയാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. കണക്കുകൾ പ്രകാരം അടുത്ത 20 വർഷത്തിൽ ആഗോള വിമാന ആവശ്യകതയുടെ 20 ശതമാനം ചൈനയിൽ നിന്നായിരിക്കും.