സ്മാർട്ട്ഫോണ്‍ കയറ്റുമതി: ഇന്ത്യക്കു ചൈനയേക്കാൾ മുൻതൂക്കം
Monday, April 14, 2025 1:15 AM IST
മുംബൈ: അമേരിക്കയിലേക്കുള്ള ഐഫോണുകൾ, സ്മാർട്ട്ഫോണുകൾ, ചില ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ യുടെ ഇറക്കുമതിയിൽ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇളവുകൾ ഇന്ത്യക്ക് ഗുണകരം. ഇതേ സാധനങ്ങളുടെ കയറ്റുമതിക്ക് ചൈനയ്ക്കും ഇളവു നൽകിയിട്ടുണ്ടെങ്കിലും ട്രംപ് മുന്‍പ് പ്രഖ്യാപിച്ച 20 ശതമാനം ഇറക്കുമതി തീരുവ തുടരുന്നുണ്ട്. ഇതാണ് ഇന്ത്യക്കു ഗുണകരമായത്.
ഇത്തരം സാധനങ്ങളുടെ ഇന്ത്യയിൽനിന്നു യുഎസിലേക്കുള്ള കയറ്റുമതിക്ക് 20 ശതമാനം ഗുണം ചെയ്യുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ). നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളെ അധിക ഇറക്കുമതി തീരുവയിൽനിന്ന് ഒഴിവാക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെയാണ് ഐസിഇഎ ഇക്കാര്യമറിയിച്ചത്.
സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ചില ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയെ അധിക നികുതിനിന്നു നീക്കം ചെയ്തുകൊണ്ട് യുഎസ് സർക്കാർ ശനിയാഴ്ച താരിഫ് നയം പരിഷ്കരിച്ചു. തത്ഫലമായി, ഇന്ത്യക്കും വിയറ്റ്നാമിനും ഇപ്പോൾ ഈ ഉത്പന്നങ്ങളിൽ ചൈനയേക്കാൾ 20 ശതമാനം തീരുവ ആനുകൂല്യം ലഭിക്കുമെന്ന് ഐസിഇഎ വ്യക്തമാക്കി.
“ഐഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, വാച്ചുകൾ എന്നിവയിൽ ചൈനയ്ക്ക് ഇപ്പോഴും 20 ശതമാനം തീരുവയുണ്ട്. ചൈനയ്ക്ക് പരസ്പര തീരുവ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ സ്മാർട്ട്ഫോണുകൾക്കും ഐഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും ഇന്ത്യക്ക് പൂജ്യം തീരുവ ആണ്. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ സാംസംഗ്, മറ്റ് സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വിയറ്റ്നാമിനും പൂജ്യം തീരുവ ആണ്”-ഐസിഇഎ ചെയർമാൻ പങ്കജ് മൊഹീന്ദ്രോ പറഞ്ഞു.
ആപ്പിൾ, ഫോക്സ്കോണ്‍, ഡിക്സണ്‍ എന്നിവയുൾപ്പെടെ പ്രമുഖ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണ്‍ നിർമാതാക്കളെ ഐസിഇഎ പ്രതിനിധീകരിക്കുന്നു. യുഎസ് നയത്തിലെ മാറ്റം ഇന്ത്യയിൽനിന്നുള്ള ആപ്പിളിന്റെ പ്രവർത്തനങ്ങൾ വിശാലമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്ത് ആപ്പിളിന്റെ ഐഫോണ്‍ നിർമാണം ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കൂടാതെ രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഇനങ്ങളിൽ ഒന്നാണിത്.