ലുലുവില് ഫ്ലാറ്റ് 50 സെയില് മൂന്നിനു തുടങ്ങും
കൊച്ചി: അമ്പത് ശതമാനം കിഴിവുമായി ലുലു ഫ്ലാറ്റ് 50 സെയിലിന് മൂന്നിനു തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള് അണിനിരക്കുന്ന ലുലു ഓണ് സെയിലും നടക്കുക.
ലുലു ഹൈപ്പര് മാര്ക്കറ്റ്, ലുലു ഫാഷന് സ്റ്റോര്, ലുലു കണക്ട് എന്നിവിടങ്ങളില്നിന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവില് ഷോപ്പിംഗ് നടത്താന് സാധിക്കും.
ലുലു ഹൈപ്പര്മാര്ക്കറ്റില് നടത്തിവരുന്ന എന്ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വില്പനയും ഇതോടൊപ്പം തുടരും. ലുലു ഓണ് സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേര്ന്ന് നിര്വഹിച്ചു.
കൊച്ചി ലുലുമാള് ജനറല് മാനേജര് വിഷ്ണു ആര്. നാഥ്, മാള് മാനേജര് റിചേഷ് ചാലുമ്പറമ്പില്, ലുലു ഫാഷന് സ്റ്റോര് മാനേജര് വിജയ് ജയിംസ് എന്നിവര് സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച എന്ഡ് ഓഫ് സീസണ് സെയില് 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാന്ഡുകള് ഉള്പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള് ഓഫര് വില്പനയുടെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില് ലുലു കണക്ട് , ലുലു ഫാഷന്, ലുലു ഹൈപ്പര് മാര്ക്കറ്റ് എന്നിവയില്നിന്നും സാധനങ്ങള് വാങ്ങുവാന് ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.
ഫ്ലാറ്റ് ഫിഫ്റ്റി തുടരുന്ന മൂന്നു മുതല് ആറു വരെയുള്ള ദിവസങ്ങളില് ലുലു ഫുഡ് കോര്ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്ട്യൂറയും രാത്രി വൈകിയും പ്രവര്ത്തിക്കും. അഞ്ചിന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 42 മണിക്കൂര് സെയില് ഏഴിന് പുലര്ച്ചെ വരെ നീണ്ടുനില്ക്കും.
ഇതേ ദിവസങ്ങളില് ലുലു ഓണ് സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളില് നിന്ന് 50 ശതമാനം വരെ വിലക്കിഴിവില് ഷോപ്പിംഗ് നടത്താനുള്ള അവസരവും ഒരുങ്ങും. Lulu Online India Shopping ആപ്പ് വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദര്ശിച്ചോ ഷോപ്പിംഗ് നടത്താം. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങള്ക്ക് നാളെ മുതല് ഓഫര് ഉപയോഗപ്പെടുത്താം.
യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു
ന്യൂയോർക്ക്: യുഎസ് പൗരത്വമില്ലാത്തവർ യുഎസിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഈടാക്കാൻ ശിപാർശ ചെയ്തിരുന്ന നികുതി (റെമിറ്റൻസ് ടാക്സ്) വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്. 5 ശതമാനം നികുതി ഏർപ്പെടുത്തണമെന്നായിരുന്നു ബില്ലിലെ ആദ്യ ശിപാർശ. പിന്നീടത് 3.5 ശതമാനമാക്കി. ഇത് ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിരിക്കുകയാണ്.
പുതിയ ഭേദഗതിയിൽ കറൻസി, മണി ഓർഡർ, ചെക്ക് മുതലായ രീതികളിൽ പണമയച്ചാൽ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ തമ്മിലോ, യുഎസിൽനിന്നു നേടിയ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് വഴിയോ അയയ്ച്ചാൽ നികുതിയില്ല. ഈ വർഷം ഡിസംബർ 31ന് ശേഷമുള്ള പണമയയ്ക്കലുകൾക്കാണ് നികുതി ബാധകമാകുകയെന്ന് യുഎസ് സെനറ്റിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.
യുഎസ് സെനറ്റിന്റെ പുതിയ നടപടി യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി.
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിസൂചികകൾ താഴ്ചയിൽ. നിഫ്റ്റിയും സെൻസെക്സും തകർച്ചയെ നേരിട്ടപ്പോൾ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേട്ടത്തിലെത്തി. സമ്മിശ്രമായ ആഗോള സൂചനകളാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്.
സെൻസെക്സ് 452 പോയിന്റ് (0.54%) താഴ്ന്ന് 83,606.46ലും നിഫ്റ്റി 121 പോയിന്റ് (0.47%) നഷ്ടത്തിൽ 25,517.05ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഉയർന്ന് യഥാക്രമം 0.67 ശതമാനത്തിലും 0.81 ശതമാനത്തിലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് (0.60%), നിഫ്റ്റി സ്മോൾകാപ് (0.52%) ഉയർന്ന് വ്യാപാരം പൂർത്തിയാക്കി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളിലുണ്ടായ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനത്തിൽ നഷ്ടമുണ്ടായില്ല. 460 ലക്ഷം കോടി രൂപയിൽനിന്ന് ഒരു ലക്ഷം കോടി രൂപ ഉയർന്ന് 461 ലക്ഷം കോടിയിലെത്തി.
ജൂണിൽ നിഫ്റ്റി 50 തുടർച്ചയായ നാലാം മാസവും നേട്ടത്തിലെത്തി. ജൂണിൽ മൂന്നു ശതമാനമാണ് ഉയർന്നത്. വാർഷിക കണക്കിൽ സൂചിക 7.5 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.
‘ക്യാപ്റ്റൻ കൂൾ’ ട്രേഡ് മാർക്ക്
ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്യാപ്റ്റൻ കൂൾ എന്ന പേര് ട്രേഡ്മാർക്ക് ആക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇതിനായി ധോണി അപേക്ഷ നൽകി. നായകനായി കളത്തിൽ പുലർത്തിയ ശാന്തമായ സ്വഭാവത്തിനാണ് ആരാധകർ ധോണിയെ ക്യാപ്റ്റൻ കൂൾ എന്നു വിളിക്കാൻ തുടങ്ങിയത്.
ജൂണ് 5ന് ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ വഴി മുൻ നായകൻ ഓണ്ലൈനായി അപേക്ഷ ഒൗദ്യോഗികമായി സമർപ്പിച്ചു. ക്രിക്കറ്റ് ലോകത്ത് തന്റെ പേരിന്റെ പര്യായമായി വ്യാപകമായി അംഗീകരിക്കപ്പെട്ട വിളിപ്പേരിൽ ധോണിക്ക് പ്രത്യേക അവകാശങ്ങൾ നേടാനുള്ള ഉദ്ദേശ്യമാണ് ഇതിലൂടെയുള്ളത്.
കായിക പരിശീലനം, പരിശീലന സേവനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കായി ’ക്യാപ്റ്റൻ കൂൾ’ ഉപയോഗിക്കാനുള്ള എക്സ്ക്ലൂസീവ് അവകാശങ്ങൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നു.
ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ പ്രകാരം, അപേക്ഷ സ്വീകരിച്ച് പരസ്യം ചെയ്തിട്ടുണ്ട്. ജൂണ് 16ന് ഒൗദ്യോഗിക ട്രേഡ് മാർക്ക് ജേണലിൽ ഈ ട്രേഡ്മാർക്ക് പ്രസിദ്ധീകരിച്ചു.
ട്രേഡ്മാർക്കിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു തടസങ്ങളൊന്നുമില്ലായിരുന്നുവെന്ന് ധോണിയുടെ അഭിഭാഷക മാൻസി അഗർവാൾ പറഞ്ഞു. ധോണിയുടെ ടീം ആദ്യമായി ട്രേഡ്മാർക്കിനായി ഫയൽ ചെയ്തപ്പോൾ, ട്രേഡ് മാർക്ക് നിയമത്തിലെ സെക്ഷൻ 11(1) പ്രകാരം രജിസ്ട്രി ഒരു എതിർപ്പ് ഉന്നയിച്ചു. റിക്കാർഡിൽ ഇതിനകം തന്നെ സമാനമായ ഒരു മാർക്ക് ഉള്ളതിനാൽ ഈ വാചകം ആളുകളെ ആശയക്കുഴപ്പത്തിലാക്കുമോ എന്നായിരുന്നു ആശങ്ക.
മറുപടിയായി, ‘ക്യാപ്റ്റൻ കൂൾ’ എന്ന പേര് ധോണിയുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ധോണിയുടെ നിയമ പ്രതിനിധികൾ വാദിച്ചു. വർഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഈ പേര് ജനപ്രിയമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്നും അവർ ഉൗന്നിപ്പറഞ്ഞു.
ആ വിളിപ്പേര് വെറുമൊരു ആകർഷകമായ ടാഗിനേക്കാൾ വളരെ കൂടുതലാണെന്ന് രജിസ്ട്രി സമ്മതിച്ചു; അത് ധോണിയുടെ വാണിജ്യ പ്രതിച്ഛായയുടെ വലിയൊരു ഭാഗമാണ്. ‘ക്യാപ്റ്റൻ കൂൾ’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തി വർഷങ്ങളോളം പഴക്കമുള്ളതാണ്, കൂടാതെ ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമാണ്.
വാണിജ്യ മേഖലയിൽ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി സെലിബ്രിറ്റികൾക്കും അറിയപ്പെടുന്ന വ്യക്തികൾക്കും വ്യക്തിഗത ബ്രാൻഡിംഗും വിശേഷകമായ ഐഡന്റിറ്റികളും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ കേസ് എടുത്തുകാണിക്കുന്നു.
ഫോക്സ്വാഗൺ പെർഫോമൻസ് സെന്റർ തുറന്നു
കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ രാജ്യത്തെ ആദ്യത്തെ പെർഫോമൻസ് സെന്റർ ചെന്നൈയിലെ മൗണ്ട് റോഡിൽ തുറന്നു.
ഗോൾഫ് ജിടിഐയും ടിഗുവാൻ ആർ ലൈനും വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട റീട്ടെയിൽ അനുഭവം നൽകുന്നതിനാണു സെന്റർ ആരംഭിച്ചത്.
പെർഫോമൻസ് സെന്റർ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന പുതിയ ടച്ച്പോയിന്റുകളിൽ ആദ്യത്തേതാണെന്ന് അധികൃതർ അറിയിച്ചു.
25 സ്കൂളുകളിൽ വണ്ടര്ലാ സ്റ്റം ലാബ്
കൊച്ചി: 25 വര്ഷം പൂര്ത്തിയാക്കുന്ന വണ്ടര്ലാ ഹോളിഡേസ് ലിമിറ്റഡ് സംസ്ഥാനത്തെ 25 സ്കൂളുകള്ക്ക് സ്റ്റം (സയന്സ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) ലാബുകള് നല്കും.
അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെ രൂപപ്പെടുത്താനുള്ള ശ്രമമാണ് വണ്ടര്ലാബ്സ് എന്ന പദ്ധതിയിലൂടെ കന്പനി ലക്ഷ്യമാക്കുന്നതെന്നു വണ്ടർലാ എക്സിക്യൂട്ടീവ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
സര്ക്കാര്, എയ്ഡഡ് സ്കൂളുകള്, ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന സ്വകാര്യസ്കൂളുകള് എന്നിവയെയാണ് പദ്ധതിയില് ഉൾപ്പെടുത്തുക. നാട്ടിന്പുറങ്ങളിലെ വിദ്യാലയങ്ങള്ക്കാണ് മുന്ഗണന. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില് യുപി, ഹൈസ്കൂള് വിഭാഗങ്ങളിലായി 200 വിദ്യാർഥികളെങ്കിലും ഉണ്ടാകണം. പദ്ധതിയുടെ ഭാഗമാകാൻ സ്കൂളുകള് https:// apps.wonderla.co.in/wonderlabs. എന്ന പോര്ട്ടലില് അപേക്ഷിക്കണം.
അപൂർവ ഭൗമ മൂലകങ്ങൾ: ചൈനയുടെ നിയന്ത്രണങ്ങളെ മറികടക്കാൻ ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ് കന്പനികൾ ഒരുമിച്ച് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ കന്പനികളുമായുള്ള സഹകരണത്തിലൂടെ ഒരു വഴി കണ്ടെത്തുന്നതിനായി ജപ്പാനിലെ ഇലക്ട്രിക് വാഹന, ബാറ്ററി വ്യവസായത്തിൽ നിന്നുള്ള ഒരു ഡസനിലധികം കന്പനികൾ ഡൽഹിയിലുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില കന്പനികളാണ് മിത്സുബിഷി കെമിക്കൽസ്, സുമിറ്റോമോ മെറ്റൽസ് ആൻഡ് മൈനിംഗ്, പാനസോണിക് തുടങ്ങിവ. ഈ കന്പനികളെല്ലാം ജാപ്പനീസ് വ്യാവസായിക സംഘ ടനയായ ബാറ്റർ അസോസിയേഷൻ ഓഫ് സപ്ലൈ ചെയിൻ (ബിഎഎസ്സി) അംഗങ്ങളാണ്. റിലയൻസും അമാര രാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലിഥിയം-അയണ് ബാറ്ററികൾക്കും ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായക ധാതുക്കൾക്കും വേണ്ടിയുള്ള പങ്കാളിത്തങ്ങൾ, കൂടാതെ ഈ മേഖലകളിലെ ചൈനയുടെ ആധിപത്യത്തെ മറികടക്കുന്നതിനായി വൈവിധ്യമാർന്ന വിതരണ ശൃംഖലയ്ക്കുള്ള സഹകരണങ്ങൾ എന്നിവ കന്പനികൾ പര്യവേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്.
സ്മാർട്ട്ഫോണ് മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരെ നിർമാണത്തിന് ആവശ്യമായ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുർന്ന് ഇന്ത്യയിലേക്കുള്ള ഓട്ടോ പാർട്സുകളുടെ കയറ്റുമതിയിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഇത് ഉത്പാദനത്തിൽ തടസമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് കാർ നിർമാതാക്കൾ.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ധനകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
വ്യാവസായിക ഉത്പാദനം താഴ്ന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മേയിൽ താഴ്ന്ന നിലയിൽ. എട്ടുമാസത്തെ താഴ്ന്ന നിരക്കായ 1.2 ശതമാനത്തിലേക്കാണ് ഉത്പാദനം കുറഞ്ഞത്. മുൻമാസം ഇത് 2.6 ശതമാനത്തിലായിരുന്നുവെന്ന് ഇന്നലെ പുറത്തിറങ്ങിയ കണക്കുകൾ വ്യക്തമാക്കുന്നു.
കോർ മേഖലയിലെ പ്രകടനത്തിലുണ്ടായ കുറവ് ഇടിവിനു കാരണമായി. കോർ സെക്ടർ വളർച്ച ഏപ്രിലിലെ ഒരു ശതമാനത്തിൽ നിന്ന് മേയ് മാസത്തിൽ ഒന്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.7 ശതമാനമായി കുറഞ്ഞു.
വൈദ്യുതി മേഖല അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. വളർച്ച 5.8 ശതമാനമായി ചുരുങ്ങി. അധിക മഴയാണ് വൈദ്യുത മേഖലയ്ക്കു തിരിച്ചടിയായത്.
ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് ജാം വിപണിയിലേക്ക്
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു.
ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ് ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ് ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ് പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം.
വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു.
ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.
ആമസോൺ പ്രൊപ്പല്: വിജയികളെ പ്രഖ്യാപിച്ചു
കൊച്ചി: ആമസോണിന്റെ പ്രൊപ്പല് ഗ്ലോബല് ബിസിനസ് ആക്സിലറേറ്റര് സീസണ് നാലിലെ വിജയികളെ പ്രഖ്യാപിച്ചു.
ദീപക് അഗര്വാള് സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വര്ഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രന്സസ്, അന്ഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേള്സ് എന്നീ ബ്രാന്ഡുകളാണു വിജയികളായത്.
ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കണ്സ്യൂമര് (ഡി2സി) മേഖലയില് വളര്ന്നുവരുന്ന ഇന്ത്യന് ബ്രാന്ഡുകള്ക്ക് പിന്തുണ നല്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്.
വിജയികള്ക്ക് ആമസോണില് നിന്ന് 100,000 ഡോളര് ഇക്വിറ്റി ഫ്രീ ഗ്രാന്റ് ലഭിച്ചു. ആമസോണ് ഇന്ത്യ പ്രൊപ്പല് സീസണ് 5 ലേക്കുള്ള അപേക്ഷകള് ജൂലൈ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോള്ഡബിള് ഗാലക്സി പ്രീ ബുക്കിംഗ് തുടങ്ങി
കൊച്ചി: സാംസംഗ് ഗാലക്സിയുടെ അടുത്ത തലമുറ ഫോള്ഡബിള് സ്മാര്ട്ട് ഫോണുകളുടെ പ്രീ ബുക്കിംഗ് തുടങ്ങി.
2000 രൂപ ടോക്കണ് തുകയായി നല്കി സാംസംഗ്.കോം, സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകള്, ആമസോണ്, ഫ്ളിപ്കാര്ട്ട്, റീട്ടെയില് ഔട്ട്ലെറ്റുകള് എന്നിവയിലൂടെ ബുക്കിംഗ് നടത്താം.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,915 രൂപയും പവന് 71,320 രൂപയുമായി.
ടാല്റോപ് വില്ലേജ് പാര്ക്ക് ബാലരാമപുരത്ത് പ്രവര്ത്തനമാരംഭിച്ചു
കോവളം: ടാല്റോപ്പിന്റെ പത്താമത് വില്ലേജ് പാര്ക്ക് ബാലരാമപുരത്ത് പ്രവര്ത്തനമാരംഭിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലയില് ടാല്റോപ് ഇതിനകം പ്രവര്ത്തനമാരംഭിച്ചത് 10 വില്ലേജ് പാര്ക്കുകള്.
ബാലരാമപുരം പഞ്ചായത്തിനെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശമാക്കി മാറ്റുന്ന ടാല്റോപിന്റെ വില്ലേജ് പാര്ക്കിന്റെ ഉദ്ഘാടനം എം. വിന്സെന്റ് എംഎല്എ നിര്വഹിച്ചു.
ബാലരാമപുരത്ത് പ്രവര്ത്തനമാരംഭിച്ച വില്ലേജ് പാര്ക്കില് അന്തര്ദേശീയ നിലവാരത്തിലുള്ള ഇന്ഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്.
ബാലരാമപുരം പഞ്ചായത്തിനെ സിലിക്കണ് വാലി മോഡല് കേരളത്തിന്റെ ഭാഗമാക്കുന്ന ‘സിലിക്കണ് വാലി മോഡല് ബാലരാമപുരം’, ടെക്നോളജിയില് മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റര്മാരാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ ‘വണ് ക്രിയേറ്റര് ഫ്രം വണ് വാര്ഡ്’ എന്നീ പ്രോജക്ടുകളുടെ ലോഞ്ചും നടന്നു.
ബാലരാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ഷാമില ബീവി, വാര്ഡ് മെമ്പര്മാരായ ജെ.കെ. ദേവി, എല്.വി. പ്രസാദ്, വില്ലേജ് പാര്ക്ക് ഇന്ഫ്രാസ്ട്രക്ചര് പ്രതിനിധി ഫൈറൂസ് മുഹമ്മദ്, ടാല്റോപ് കമ്യൂണിറ്റി ഡയറക്ടര് സി.വി. ഫസ്ന, സെയില്സ് ഡയറക്ടര് പി.ജെ. പ്രവീണ്, പ്രോജക്ട് മാനേജര് ആര്. ഗായത്രീദേവി, ബിസിനസ് ഡവലപ്മെന്റ് മാനേജര് ജെ.എസ്. സൂര്യ തുടങ്ങിയവരും സംസാരിച്ചു.
എരിതീയിൽ എണ്ണ ഒഴിക്കാൻ കേരഫെഡ്
ഓണ വില്പന ലക്ഷ്യമാക്കി എരിതീയിൽ എണ്ണയൊഴിക്കാൻ കേരഫെഡ് ഒരുങ്ങുന്നു. ഓഫ് സീസണിലെ പച്ചത്തേങ്ങ സംഭരണം പ്രഹസനമാവും. പാം ഓയിൽ ലോബി ഇറക്കുമതി ഇരട്ടിപ്പിക്കാനുള്ള നീക്കത്തിൽ. കനത്ത മഴയിൽ കുരുമുളക് വള്ളികളിൽനിന്നും തിരികൾ അടർന്നു. ഉത്സവകാല ഡിമാൻഡ് മുന്നിൽകണ്ട് ഉത്തരേന്ത്യക്കാർ മുളക് വാങ്ങുന്നു.
റബർ വില ഇരുന്നൂറ് കടന്നിട്ടും ഷീറ്റ് ലഭ്യത നാമമാത്രം, കർഷകർ റിക്കാർഡ് പ്രകടനത്തെ ഉറ്റുനോക്കുന്നു. രാജ്യാന്തര കൊക്കോ വില വർധിച്ചു. ആഭരണ വിപണികളിൽ സ്വർണ വില ആകർഷകമായി.
വേണ്ട സമയത്ത് ഉണർന്നു പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കേര ഫെഡ് അനവസരത്തിൽ നാളികേര സംഭരണത്തിന് ഒരുങ്ങുന്നു. വിപണി വിലയ്ക്ക് തേങ്ങ സംഭരിക്കുമെന്നു പറയുന്നതിൽനിന്ന് തന്നെ വ്യക്തം, തമിഴ്നാട് ലോബിക്ക് വെളിച്ചെണ്ണ വില വീണ്ടും ഉയർത്തി കൊള്ളലാഭത്തിന് അവസരം ഒരുക്കാനുള്ള അണിയറ നീക്കമെന്ന്.
പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറയുമെന്ന് ജനുവരിയിൽതന്നെ വ്യക്തമായപ്പോൾ ഓഫ് സീസണിലെ എണ്ണ ഉത്പാദനത്തിന് ആവശ്യമായ കൊപ്ര സംഭരിക്കാതെ ഒഴിഞ്ഞു മാറിയ ഈ അർധസർക്കാർ സ്ഥാപനം കാലവർഷത്തിൽ വിളവെടുപ്പ് പൂർണമായി സ്തംഭിച്ചപ്പോൾ മാർക്കറ്റ് ഇടപെടലിന് ഒരുങ്ങുന്നതിനെ സംശയദൃഷ്ടിയോടെ വിപണിവൃത്തങ്ങൾ വീക്ഷിക്കുന്നു.
വിളവെടുപ്പ് ഉൗർജിതമായ ജനുവരി അവസാനം 22,500 രൂപയിൽ നിലകൊണ്ട വെളിച്ചെണ്ണ ഇപ്പോൾ 37,700 രൂപയിലാണ്, അന്ന് 15,200 രൂപയ്ക്ക് ലഭിക്കുമായിരുന്ന കൊപ്ര ഇപ്പോൾ അന്നത്തെ എണ്ണ വിലയായ 22,500ന് ശേഖരിക്കേണ്ട ദുരവസ്ഥ. വിപണിയെക്കുറിച്ചും ഉത്പാദന രംഗത്തെ ചലനങ്ങളെക്കുറിച്ചും യാതൊന്നും പഠിക്കാതെ കാട്ടിലെ തടിയും തേവരുടെ ആനയുമായി നടക്കുന്നവർക്ക് മുന്നിലുള്ളത് കൊയ്ത്തുകാലമാണ്. അതേ, ചിങ്ങത്തിന് മുന്നേ അവർ കൊയ്ത്തിന് ഇറങ്ങാനുള്ള അണിയറ ഒരുക്കത്തിലാണ്.
ഡ്രയർ സംവിധാനമുള്ള സഹകരണ സംഘങ്ങളെ ആദ്യം കണ്ടെത്തും, അപ്പോൾ ഇതൊന്നുമുള്ള സംഘങ്ങളെപ്പറ്റി പോലും കേര ഫെഡിന് ഒരു വിവരവും ഇല്ലെന്ന് വ്യക്തം. പല കർഷക സംഘങ്ങളും നേരത്തേ വില്പനയ്ക്ക് എത്തിച്ച ചരക്കിന് മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് ഉയർന്ന വില നൽക്കാതെ നിരുത്സാഹപ്പെടുത്തി മടക്കിയ ചരിത്രം തന്നെയാണ് പലരും ഏജൻസിയെ പൂർണമായി തഴയാൻ കാരണം. അക്കൂട്ടരെ എങ്ങനെയെങ്കിലും വീണ്ടും കളത്തിൽ ഇറക്കിയാൽ കലക്കവെളളത്തിൽ മീൻ പിടിക്കുക എളുപ്പമാവും. എന്തായാലും ഓണവിപണിയിൽ ഇക്കുറി കേരഫെഡ് തിളച്ചുമറിയും. എന്നാൽ മാത്രമല്ലേ വെളിച്ചെണ്ണയുമായി പിന്നിലുള്ള ഡസൻ കണക്കിന് ഇതര ബ്രാൻഡുകൾക്ക് ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം നടത്താനാവൂ.
ഭക്ഷ്യയെണ്ണ ഇറക്കുമതി ലോബിയും ആവേശത്തിലാണ്. ദീപാവലി വരെയുള്ള ഉത്സവ കാല ഡിമാൻഡ് മുന്നിൽ കണ്ട് ടണ് കണക്കിന് പാചകയെണ്ണ ഇറക്കുമതിക്ക് അവർ കരാർ ഉറപ്പിച്ചു. ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ വിളന്പാൻ ഒരുങ്ങുന്നതിനിടയിൽ ബ്രസീലിയൻ കയറ്റുമതിക്കാരും കത്തിക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ്.
മഴ കനത്തതോടെ കുരുമുളക് വള്ളികളിൽനിന്നും വ്യാപകമായി തിരികൾ അടന്നുവീഴുന്നു. പ്രതികൂല കാലാവസ്ഥ തുടർന്നാൽ അടുത്ത സീസണിൽ വിളവെടുപ്പിന് ചരക്കുതന്നെ കാണുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. അതേസമയം ഉത്സവകാല ആവശ്യങ്ങൾക്ക് മുളക് സംഭരണത്തിന് അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ട്. ഇനിയും കാത്തുനിന്നാൽ വില കുതിച്ചു കയറുമോയെന്ന ഭീതിയും അവരിലുണ്ട്. വിലക്കയറ്റം പ്രതീക്ഷിച്ച് കർഷകരും മധ്യവർത്തികളും ചരക്ക് വില്പന കുറച്ചു. കഴിഞ്ഞ സീസണിൽ വിളവ് കുറവായിരുന്നതിനാൽ കരുതൽ ശേഖരം പതിവിലും കുറവാണ്. ശേഷിക്കുന്ന മുളകിന് പൊന്നും വില കിട്ടണമെന്ന നിലപാടിലാണവർ. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 683 രൂപ.
ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങിയെങ്കിലും വിളവ് പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്നാണ് സൂചന. കഴിഞ്ഞ വർഷം കടുത്ത വേനൽ ഏലത്തോട്ടങ്ങൾക്ക് തിരിച്ചടിയായെങ്കിൽ ഇത്തവണ ശക്തമായ മഴ കൃഷിനാശത്തിന് ഇടയാക്കി. പല ഭാഗങ്ങളിലും ശരങ്ങൾ കടപുഴകി വീണത് സാന്പത്തിക നഷ്ടം വരുത്തും. ഒരു മാസത്തിനിടയിൽ ഏകദേശം 500 ഹെക്ടറിൽ ഏലം കൃഷിക്ക് നാശം സംഭവിച്ചു. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ശരാശരി ഇനം ഏലക്ക കിലോ 2500 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 200 രൂപക്ക് മുകളിലേയ്ക്ക് സഞ്ചരിച്ചു. കാലവർഷാരംഭം മുതൽ മികച്ച വില കാർഷിക മേഖല ഉറ്റു നോക്കുകയായിരുന്നു. കൂടിയ വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ ടയർ നിർമാതാക്കൾ ഉത്സാഹം കാണിച്ചില്ല. ബാങ്കോക്കിൽ ഷീറ്റ് വില 193 രൂപയിൽനിന്നും 197ലേക്ക് കയറിയത് പ്രതീക്ഷ പകരുന്നു. എന്നാൽ ജപ്പാൻ എക്സ്ചേഞ്ചിൽ റബർ കിലോ 314 യെന്നിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 326-337 യെന്നിലേക്ക് സഞ്ചരിക്കാൻ റബർ ശ്രമം നടത്താം. കനത്ത മഴയിൽ തായ്ലൻഡിൽ ടാപ്പിംഗ് സ്തംഭിച്ചത് ബാങ്കോക്കിന് ഉൗർജം പകരാം. കേരളത്തിൽ സ്വർണ വില പവന് 73,880 രൂപയിൽനിന്നും വാരാന്ത്യം 71,440 രൂപയായി.
ഓഹരി സൂചികയിൽ ഉണർവിന്റെ കാലം
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ചിറകുവിരിച്ച് പുതിയ ഉയരങ്ങൾ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്. പിന്നിട്ടവാരം സൂചന നൽകിയതാണ് ബുൾ ഇടപാടുകാർ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ഒരുങ്ങുന്ന വിവരം.
തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്നോ നാളയോ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവേശിക്കുമെന്നത് സന്പദ്ഘടനയുടെ വളർച്ചയ്ക്ക് വേഗത പകരും. ക്രൂഡ് ഓയിൽ വില താഴ്ന്നതും രൂപ ശക്തിപ്രാപിക്കുന്നതും കൂട്ടിവായിച്ചാൽ ഓഹരി സൂചികയിൽ ഇനി ഉണർവിന്റെ കാലമാവും. മുൻനിര സൂചികകൾ രണ്ട് ശതമാനം ഉയർന്നു. ബോംബെ സെൻസെക്സ് 1650 പോയിന്റും നിഫ്റ്റി സൂചിക 525 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
നിഫ്റ്റി ബുൾ റണ്ണിൽ
നിഫ്റ്റി ഒരു ബുൾ റണ്ണിന് ഒരുങ്ങുന്ന കാര്യം കഴിഞ്ഞ ലക്കം വ്യക്തമാക്കിയിരുന്നു. 25,112 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച ദേശീയ ഓഹരി സൂചികയ്ക്ക് വ്യക്തമാക്കിയിരുന്ന ആദ്യ രണ്ട് പ്രതിരോധങ്ങളായ 25,262-25,412 പോയിന്റ് മറികടന്നു.
അടുത്ത ലക്ഷ്യം അന്ന് സൂചിപ്പിച്ച 25,836 പോയിന്റിനെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ദിവസങ്ങളിൽ. ഈ വാരം ആ ലക്ഷ്യം വിപണി പൂർത്തീകരിച്ചാൽ 25,919നെ മുന്നിൽകണ്ട് ചുവടുവയ്ക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ജൂലൈയിൽ സൂചിക 26,201-27,000 റേഞ്ചിൽ ഇടംപിടിക്കാം. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിയാൽ 25,090ൽ സപ്പോർട്ടുണ്ട്. വാരാന്ത്യം നിഫ്റ്റി 25,637 പോയിന്റിലാണ്.
ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഒട്ടുമിക്ക ഇൻഡിക്കേറ്റുകളും ബുള്ളിഷ് സിഗ്നൽ നിലനിർത്തുന്നത് ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാം. അതേസമയം ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ട് മേഖലയിലെത്തിയത് കണക്കിലെടുത്താൽ ലാഭമെടുപ്പിന് ഫണ്ടുകൾ നീക്കം നടത്താമെന്നത് ഒരു തിരുത്തലിന് വഴിയൊരുക്കിയാൽ പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാനുള്ള അവസരമാക്കി മാറ്റാം.
നിഫ്റ്റി ജൂലൈ ഫ്യൂച്ചേഴ്സ് 25,112ൽനിന്നും 25,750ലേക്ക് കയറി. ഇതിനിടയിൽ വിപണിയിലെ ഓപ്പണ് ഇന്ററസ്റ്റിലെ ഉണർവുകൂടി കണക്കിലെടുത്താൽ 26,500ലേക്ക് ജൂലൈ ഫ്യൂച്ചർ സഞ്ചരിക്കാം. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഫണ്ടുകൾ ഒരു പുതിയ ദീർഘകാല നിക്ഷേപത്തിന് നീക്കം നടത്താനും ഇടയുണ്ട്.
സെൻസെക്സ് ബുള്ളിഷ് മൂഡിൽ
സെൻസെക്സ് ബുള്ളിഷ് മൂഡിലാണ്. മുൻവാരത്തിലെ 82,495 പോയിന്റിൽനിന്നും അന്ന് സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 83,390 പോയിന്റ് മറികടന്ന് 84,089 വരെ കയറിയ ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 84,058 പോയിന്റിലാണ്. ഈവാരം വിപണി 84,939ലെ തടസം മറികടന്നാൽ അടുത്ത പ്രതിരോധമായ 85,820-85,900 പോയിന്റിനെ ലക്ഷ്യമാക്കും. അതേസമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പ് വില്പന സമ്മർദമായാൽ 82,326ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ബുൾ റാലിയുടെ നിലവിലെ കരുത്ത് കണക്കിലെടുത്താൽ ഓഗസ്റ്റ്-സെപ്റ്റംബറിൽ സെൻസെക്സ് 90,000-92,000 റേഞ്ചിൽ ഇടംപിടിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ താത്പര്യം തുടരുന്നു. പിന്നിട്ടവാരം 9568.13 കോടി രൂപയുടെ ഓഹരികൾ വിറ്റെങ്കിലും ഇതിനിടയിൽ 13,991.14 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായി പത്താം വാരത്തിലും നിക്ഷേപകരായി തുടരുന്നു. മൊത്തം 784.16 കോടി രൂപയുടെ വില്പനയും 13,174.33 കോടി രൂപയുടെ വാങ്ങലിനും അവർ താത്പര്യം കാണിച്ചു.
രൂപ തിരിച്ചുവരവ് നടത്തി
രൂപയുടെ മൂല്യം 86.58ൽനിന്നും 86.83ലേക്ക് ദുർബലമായ ശേഷമാണ് തിരിച്ചു വരവിന്റെ പാദയിലേക്ക് പ്രവേശിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വരവും രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് നേരിട്ട തളർച്ചയും ഇന്ത്യൻ നാണയം നേട്ടമാക്കി ഒരു വേള 85.40ലേക്ക് കരുത്തുകാണിച്ച ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 85.48ലാണ്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനത്തിലുടെയാണ് രൂപ കരുത്ത് തിരിച്ചുപിടിച്ചത്.
ഇതിനിടയിൽ ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾക്ക് അയവു വന്നത് ക്രൂഡ് ഓയിലിന്റെ തിരിച്ചുവരവ് സുഗമമാക്കി. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 85.20 വരെ കരുത്ത് വീണ്ടെക്കാം. സ്ഥിതിഗതികൾ അനുകൂലമായാൽ രൂപ 84.80ലേക്കും തുടർന്ന് 84.45ലേക്കും മികവുകാണിക്കാം. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 69 ഡോളറിൽനിന്നും 67.41 ഡോളറായി.
സ്വർണത്തിന് തളർച്ച
ട്രോയ് ഔണ്സിന് 3394 ഡോളർ വരെ തുടക്കത്തിൽ സഞ്ചരിച്ച സ്വർണത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നത്തിയതോടെ മഞ്ഞലോഹ വില 3254 ഡോളറായി തളർന്ന ശേഷം ക്ലോസിംഗിൽ 3273 ഡോളറിലാണ്. 3204 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 3144ൽ താങ്ങ് കണ്ടെത്താൻ വിപണി ശ്രമം നടത്താം. ആഭരണ കേന്ദ്രങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുന്ന വിവാഹ പാർട്ടികളെ സംബന്ധിച്ച് കർക്കടത്തിൽ ആദ്യ വാങ്ങലിന് അവസരം പ്രതീക്ഷിക്കാമെങ്കിലും പശ്ചിമേഷ്യയിൽനിന്നു വെടിയോച്ച മുഴങ്ങിയാൽ സ്ഥിതിഗതികളില് മാറ്റം സംഭവിക്കും.
കൊളംബോ കപ്പൽശാല നിയന്ത്രണം ഇന്ത്യൻ കന്പനിക്ക്
മുംബൈ: ഇന്ത്യയിലെ മസഗോണ് ഷിപ് ബിൽഡേഴ്സ് ശ്രീലങ്കയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ കപ്പൽശാല കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്തു.
കൊളംബോ ഡോക്ക്യാർഡ് പിഎൽസിയിലെ 51 ശതമാനം ഓഹരികളാണ് മസഗോണ് ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡ് (എം ഡിഎൽ) വാങ്ങിയത്. 52.96 മില്യണ് ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ് ഡോക്ക് ഷിപ് ബിൽഡേഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കൽ പൂർത്തിയായത്.
കഴിഞ്ഞ വർഷം, കൊളംബോ ഡോക്ക്യാർഡിൽ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്ന ജാപ്പനീസ് കന്പനിയായ ഒനോമിച്ചി ഡോക്ക്യാർഡ്, ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇവരിൽനിന്നാണ് 51 ശതമാനം ഓഹരികൾ മസഗോണ് സ്വന്തമാക്കിയത്. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്യർഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും.
പൊതുമേഖലാ സ്ഥാപനമായ മസഗോണിന്റെ ഏറ്റെടുക്കലോടെ കപ്പൽ നിർമാണത്തിലും കപ്പലുകളുടെ അറ്റകുറ്റപ്പണികളിലും പുതിയ സാധ്യതകൾ തേടാനും മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കുറക്കാനും കഴിയും. അഞ്ച് പതിറ്റാണ്ടായി കപ്പൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് പിഎൽസി ശ്രീലങ്കയിലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കന്പനിയാണ്.
കൊളംബോ ഡോക്ക്യാർഡ്
1974 മുതൽ പ്രവർത്തിക്കുന്ന കൊളംബോ ഡോക്ക്യാർഡ് ജപ്പാൻ, നോർവേ, ഫ്രാൻസ്, യുഎഇ, ഇന്ത്യ, മറ്റ് നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഓഫ്ഷോർ സപ്പോർട്ട് വെസലുകൾ, കേബിൾ-ലേയിംഗ് കപ്പലുകൾ, ടാങ്കറുകൾ, പട്രോൾ ബോട്ടുകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
കൊളംബോ തുറമുഖത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കപ്പൽ നിർമാണ ശാലയായ കൊളംബോ ഡോക്ക്യാർഡ് നിലവിൽ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ൽ കൊളംബോ ഡോക്ക്യാർഡ് ഏകദേശം 70.7 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു.
2024 നവംബറിലാണ് ജാപ്പനീസ് കന്പനിയായ ഒനോമിച്ചി കൊളംബോ ഡോക്ക്യാർഡിന്റെ ഓഹരികൾ വിൽക്കുന്നുവെന്ന് അറിയിച്ചത്. തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ നിക്ഷേപകരെ തേടി ശ്രീലങ്കൻ സർക്കാർ ഇന്ത്യക്കു മുന്നിലെത്തി. കന്പനിയുടെ സാന്പത്തിക നിലയിലും ഇപ്പോഴുള്ള ജീവനക്കാരുടെ കാര്യത്തിലും ചില ആശങ്കകളുണ്ടായതിനാൽ കാര്യങ്ങൾ നീണ്ടുപോയി.
നിരവധി പരിശോധനകൾക്ക് ശേഷം എംഡിഎല്ലിന് കൊളംബോ ഡോക്ക്യാർഡ് ഏറ്റെടുക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഏറ്റെടുക്കൽ നടപടികൾ 4-6 മാസമെടുത്താണ് പൂർത്തിയാക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പൽ നിർമാണ കന്പനി വിദേശ കന്പനിയിൽ ഇത്രയധികം നിക്ഷേപം നടത്തുന്നത്.
നിലവിൽ കന്പനിയെ നിയന്ത്രിക്കുന്ന ഒനോമിച്ചി ഡോക്ക്യാർഡ്, ജാപ്പനീസ്, ശ്രീലങ്കൻ സർക്കാരുകളിൽനിന്ന് സാന്പത്തിക ആശ്വാസത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇന്ത്യക്ക് ഗുണകരം
ലോകത്തിലെ സുപ്രധാന സമുദ്രവാണിജ്യ ഇടനാഴിയായ ഇന്ത്യൻ ഓഷ്യൻ റീജണിൽ (ഐഒആർ) മികച്ച അവസരമാണ് കൊളംബോ ഡോക്ക്യാർഡ് തുറന്നിടുന്നത്. മേഖലയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനൊപ്പം ആഗോള കപ്പൽ നിർമാണ, മറൈൻ എൻജിനിയറിംഗ് മേഖലയിലും സാന്നിധ്യമറിയിക്കാൻ മസഗോണ് ഡോക്കിനാകും.
വാറൻ ബഫറ്റ് ആറു ബില്യണ് ബെർക്ക്ഷെയർ ഓഹരികൾ ദാനം ചെയ്തു
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് റിക്കാർഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറന് ബഫറ്റ്.
ബഫറ്റ് ബെർക്ക്ഷെയർ ഹാത്ത്വേയിലെ ആറു ബില്യണ് ഡോളർ (600 കോടി രൂപ) ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കും സംഭാവന ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുന്പ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം അദ്ദേഹം നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്.
ഏകദേശം 12.36 മില്യണ് ബെർക്ക്ഷെയർ ക്ലാസ് ബി ഓഹരികൾ സംഭാവന ചെയ്തതോടെ ബഫറ്റിന്റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 60 ബില്യണ് ഡോളറിലധികം ആയി.
ഗേറ്റ്സ് ഫൗണ്ടേഷന് 9.43 മില്യണ് ഓഹരികളും, സൂസൻ തോംസണ് ബഫറ്റ് ഫൗണ്ടേഷന് 943,384 ഓഹരികളും, മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്കും 660,366 ഓഹരികളും അദ്ദേഹം സംഭാവന ചെയ്തു. 94 വയസുള്ള ബഫറ്റ് 2006 മുതലാണ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയത്.
ബെർക്ക്ഷെയറിന്റെ ഓഹരികളിൽ 13.8 ശതമാനം ഇപ്പോഴും വാറൻ ബഫറ്റിന്റെ കൈവശമുണ്ട്.ഫോബ്സ് മാസികയുടെ കണക്കനുസരിച്ച്, ഈ സംഭാവനകൾക്കു മുന്പ് അദ്ദേഹത്തിന്റെ 152 ബില്യണ് ഡോളറായിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാക്കി.
പുതിയ സംഭാവനകൾക്കു ശേഷം ബഫറ്റ് സന്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തും. കഴിഞ്ഞ ജൂണിൽ അദ്ദേഹം സംഭാവന 5.3 ബില്യണ് ഡോളറിന്റെയും നവംബറിൽ കുടുംബ ചാരിറ്റികൾക്ക് 1.14 ബില്യണ് ഡോളർ കൂടി സംഭാവന ചെയ്തു. ജൂണിലെ സംഭാവനയെയാണ് ഇപ്പോൾ മറികടന്നത്.
സ്വത്തിന്റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേല്നോട്ടത്തിലുള്ള ചാരിറ്റബിള് ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്റെ വില്പത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വര്ഷമാണ്.
തന്റെ മരണത്തോടെ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സംഭാവനകള് നിര്ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഫറ്റ് കഴിഞ്ഞ ജൂണില് പറഞ്ഞിരുന്നു. മക്കളായ സൂസി ബഫറ്റിന് 71 വയസും ഹോവാര്ഡ് ബഫറ്റിന് 70 വയസും പീറ്റര് ബഫറ്റിന് 67 വയസുമാണ് ഉളളത്. വാറന് ബഫറ്റിന്റെ സ്വത്ത് വിതരണം ചെയ്യാന് അവര്ക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും മാധ്യമപ്രവർത്തക ലോറൻ സാഞ്ചസും വിവാഹിതരായി.വെനീഷ്യൻ കായലിൽ ഡോഗെസ് കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സാൻ ജോർജിയോ മജോറെ ദ്വീപിലായിരുന്നു വിവാഹച്ചടങ്ങുകൾ.
മൂന്ന് ദിവസം നീണ്ട വിവാഹാഘോഷത്തിന് 40 മുതൽ 48 മില്യണ് യൂറോ (ഏകദേശം 430 കോടി രൂപ) യാണ് ചെലവായത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട 200 അതിഥികൾ മോട്ടോർ ബോട്ടിലാണ് എത്തിച്ചേർന്നത്. നേരത്തേതന്നെ അതിഥികൾ വെനീസിലേക്ക് സ്വകാര്യ വിമാനങ്ങളിലും ഉല്ലാസക്കപ്പലുകളിലും ഏത്തിച്ചേർന്നിരുന്നു. 90 സ്വകാര്യ ജെറ്റുകൾ, 30 വാട്ടർ ടാക്സികൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് അതിഥികൾക്കായി ഒരുക്കിയത്.
സാഞ്ചസിന്റെ വിവാഹവസ്ത്രങ്ങൾക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ള നിറത്തിലുള്ള മെർമെയ്ഡ് ലൈൻ ഗൗണായിരുന്നു സാഞ്ചസിന്റെ വിവാഹവസ്ത്രം. ഇറ്റലിയിലെ ആഡംബര ഫാഷൻ ഹൗസായ ഡോൾട്ട് ആന്ഡ് ഗബ്ബാനയാണ് ഇത് ഡിസൈൻ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസിന്റെ വേഷം.
ബിൽ ഗേറ്റ്സ്, ഓർലാൻഡോ ബ്ലൂം, ജോർദാൻ രാജ്ഞി, ഓപ്ര വിൻഫ്രി, ലിയോനാർഡോ ഡികാപ്രിയോ, ക്രിസ് ജെന്നർ, കെൻഡാൽ ജെന്നർ, കെയ്ൽ ജെന്നർ, കിം കാർദാഷിയൻ, സാം ആൾട്ട്മാൻ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളായ ഇവാങ്ക ട്രംപ്, ഭർത്താവ് ജാറെഡ് കുഷ്നർ, യുഎസ് ഗായകൻ അഷർ, ഒർലാൻഡോ ബ്ലൂം, അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2023 മേയിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചസിന്റെയും വിവാഹനിശ്ചയം. മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ജെഫ് ബെസോസ് നേരത്തെ വിവാഹമോചനം നേടിയിരുന്നു.
മഞ്ഞളിന് നല്ലകാലം വരുന്നു; കേന്ദ്ര സബ്സിഡി ഉടന്
കോട്ടയം: സ്പൈസസ് ബോര്ഡ് വിഭജിച്ച് മഞ്ഞള് ബോര്ഡ് നിലവില് വന്നതോടെ മഞ്ഞളിനും മഞ്ഞള് ഉത്പന്നങ്ങള്ക്കും വിലയും നിലയും ഉയര്ന്നേക്കും. മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില് മഞ്ഞളിന് ഡിമാന്ഡ് വര്ധിക്കുന്ന സാഹചര്യത്തില് മഞ്ഞള് കൃഷിക്ക് വ്യാപനം നല്കുകയാണ് ലക്ഷ്യം.
വിദേശവിപണിയിലും മഞ്ഞളിന് പ്രിയമേറുകയാണ്. ആഗോളതലത്തില് മഞ്ഞള് കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്. മികച്ചയിനം മഞ്ഞള് ഉത്പാദനം വ്യാപിപ്പിക്കുന്നതിനും കൃഷി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള് കൃഷിക്ക് സബ്സിഡി നല്കിത്തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലാണ് നാഷണല് ടര്മറിക് ബോര്ഡ്. തെലങ്കാനയിലെ നിസാമാബാദിലാണ് ബോര്ഡിന്റെ ആസ്ഥാനമെങ്കിലും കൊച്ചി സ്പൈസസ് ബോര്ഡില് പ്രാദേശിക ഓഫീസ് പ്രവര്ത്തിക്കും.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, മേഘാലയ ഉള്പ്പെടെ 20 സംസ്ഥാനങ്ങളിലെ കൃഷിക്ക് മഞ്ഞള് ബോര്ഡ് സഹായം നല്കും. കൂടാതെ ഗവേഷണം, വികസനം, മൂല്യവര്ധന എന്നിവയില് ബോര്ഡ് സഹായിക്കും.
നിലവില് കേരളത്തില് 2300 ഹെക്ടറില് മഞ്ഞള് കൃഷിയുണ്ട്. കേരളത്തിലെ ഉത്പാദനം 6653 ടണ്. ദേശീയതലത്തില് 1.62 ലക്ഷം ടണ് മഞ്ഞളും മൂല്യവര്ധിത ഉല്പന്നങ്ങളുമാണു കഴിഞ്ഞവര്ഷം കയറ്റി അയച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി.
ബംഗ്ലാദേശ് കുടിശിക അടച്ചു
ധാക്ക: വൈദ്യുതി നല്കിയ വകയിൽ ബംഗ്ലാദേശ് കുടിശികയായിരുന്ന തുകയിൽ 384 മില്യണ് ഡോളർ അദാനി പവറിന് അടച്ചതായി റിപ്പോർട്ട്. ജൂണ് 27 വരെ ബംഗ്ലാദേശ് അടയ്ക്കേണ്ടിയിരുന്നത് 437 മില്യണ് ഡോളറായിരുന്നു. ഇതിലെ 384 മില്യണ് ഡോളറാണ് അടച്ചുതീർത്തത്.
2022ലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഇറക്കുമതിച്ചെലവുകൾ വർധിച്ചതും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടിലേക്ക് നയിച്ച ആഭ്യന്തര രാഷ്ട്രീയ പ്രക്ഷുബ്ധതയും രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ഞെരുക്കിയതിനാൽ, 2017ലെ കരാർ പ്രകാരമുള്ള പണമടയ്ക്കൽ ബാധ്യതകൾ നിറവേറ്റുന്നതിൽ ബംഗ്ലാദേശ് ബുദ്ധിമുട്ടി.
മാർച്ച് 31 വരെയുള്ള കുടിശിക പൂർണമായും ബംഗ്ലാദേശ് അടച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുതിവിതരണത്തിലെ കുടിശിക പെരുകിയതോടെ കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിനുള്ള വൈദ്യുതിയിൽ അദാനി പവർ പകുതിയായി കുറച്ചിരുന്നു. ഈ വർഷം മാർച്ചിൽ കുടിശിക തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇതുവരെ ഏകദേശം രണ്ട് ബില്യണ് ഡോളറിന്റെ ബില്ലുകളിലായി ബംഗ്ലാദേശ് അടച്ചത് 1.5 ബില്യണ് ഡോളറാണ്. കൃത്യമായി കുടിശിക അടച്ചു തീർത്താൽ പിഴത്തുക ഒഴിവാക്കാമെന്ന് അദാനി പവർ സമ്മതിച്ചിരുന്നു.
2017ൽ ഷേഖ് ഹസീന സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരം ജാർഖണ്ഡിലെ ഗോഡ വൈദ്യുതി പ്ലാന്റിൽനിന്നുള്ള വൈദ്യുതി അടുത്ത 25 വർഷത്തേക്ക് ബംഗ്ലാദേശിന് നല്കണം.
ആഭ്യന്തര കലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും രൂക്ഷമായതോടെയാണ് ബംഗ്ലാദേശിന്റെ തിരിച്ചടവ് മുടങ്ങിയത്. എൻടിപിസിയും പിടിസി ഇന്ത്യ ലിമിറ്റഡും ഉൾപ്പെടെ മറ്റ് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിൽക്കുന്നുണ്ട്.
സിറ്റിയുടെ പുതിയ സ്പോർട്ട്
ഓട്ടോസ്പോട്ട്/ അരുൺ ടോം
വാഹനപ്രേമികൾക്കിടയിൽ ഹോണ്ട എന്ന പേരിന് വലിയ സ്ഥനമുണ്ട്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ടയുടെ വാഹനങ്ങളും. അതിൽ എടുത്തു പറയേണ്ട പേര് ഹോണ്ട സിറ്റിയുടെതാണ്. ഇന്ത്യയിൽ 1998ന് എത്തിയ ‘സിറ്റി’യുടെ ജൈത്രയാത്ര പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോഴും തുടരുകയാണ്. ഈ യാത്രയിലെ ഏറ്റവും പുതിയ എഡിഷൻ കഴിഞ്ഞ ദിവസം വിപണിയിലെത്തി.
ഹോണ്ട സിറ്റി സ്പോർട്ട് എന്ന പേരിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തി സ്പോർട്ടി ലുക്കും യുവത്വമുള്ള ഡിസൈനും നൽകിയാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി വി വേരിയന്റിൽ ഇല്ലാത്ത അധിക ഫീച്ചറുകളും സിറ്റി സ്പോർട്ടിലുണ്ട്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 14.89 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നിലവിലെ സിറ്റി വി സിവിടി വേരിയന്റിനേക്കാൾ 49,000 രൂപ കൂടുതലാണ്. റേഡിയന്റ് റെഡ് മെറ്റാലിക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.
റോഡ് പ്രസൻസ്
ഏതൊരു വാഹനപ്രേമിയുടെയും കണ്ണുടക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഹോണ്ട വാഹനത്തിൽ വരുത്തിയിരിക്കു ന്നത്. മുൻഭാഗത്ത് സ്പോർട്ടി ബ്ലാക്ക് ഗ്രില്ലും പിന്നിൽ സ്പോർട്ടി ബ്ലാക്ക് സ്പോയിലറുമാണ് നൽകിയിരിക്കുന്നത്. മെറ്റാലിക് ഗ്രേ ഫിനിഷിലുള്ള മൾട്ടി സ്പോക്ക് അലോയ് വീലുകൾ വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഗ്രോസ് ബ്ലാക്കിലുള്ള ഷാർക്ക് ഫിൻ ആന്റിന, ബ്ലാക്ക് ഒൗട്ട് റിയർ വ്യൂ മിറർ കവറുകൾ, പിൻഭാഗത്തെ സ്പോർട്ട് എംബ്ലം എന്നിവ ഹോണ്ട സിറ്റി സ്പോർട്ടിന്റെ റോഡ് പ്രസൻസ് ഉറപ്പിക്കുന്നു.
ബ്ലാക്ക് & റെഡ്
പുറത്തുമാത്രം ഒതുങ്ങാതെ ഉള്ളിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. ചുവപ്പിന്റെ അകന്പടിയോടെയുള്ള ബ്ലാക്ക് ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. ഏഴ് നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ലെതറിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി, റെഡ് സ്റ്റിച്ചിംഗുള്ള കറുത്ത സ്റ്റിയറിംഗ്്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്. ഡോറുകൾ, റൂഫ്, പില്ലറുകൾ എന്നീ ഇന്റീരിയർ ഘടകങ്ങളും ബ്ലാക്ക് ഒൗട്ട് ചെയ്തിട്ടുണ്ട്. സീറ്റുകൾ, ഡോർ ഇൻസെർട്ടുകൾ എന്നിവിടങ്ങളിൽ ചുവപ്പ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡാഷ്ബോർഡിനും ചുവപ്പ് ട്രിമ്മിംഗ് ലഭിക്കും. ഒരൽപ്പം ത്രില്ല് വേണ്ടവർക്ക് വേണ്ടി പാഡിൽ ഷിഫ്റ്റും സ്റ്റിയറിംഗിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, ഓട്ടോ ഹൈ-ബീം ഹെഡ്ലൈറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോൾ, ലെവൽ 2 അഡാസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഏറേക്കുറേ വി വേരിയന്റിന് സമമാണ്.
സ്പോർട്സ് മോഡ്
ഹോണ്ട സിറ്റിയുടെ മറ്റ് മോഡലുകളിലുള്ള 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ ഐവിടെക് പെട്രോൾ എൻജിനാണ് പുതിയ സ്പോർട്ട് വേരിയന്റിലുമുള്ളത്.
ഹോണ്ട സിറ്റി സ്പോർട്ട് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുക. സ്പോർട്സ് മോഡ് ഉൾപ്പെടുത്തിയ 7 സ്പീഡ് ഓട്ടോമാറ്റിക് സിവിടി ഗിയർബോക്സാണുള്ളത്. ഹോണ്ട സിറ്റി സ്പോർട്ട് ലിമിറ്റഡ് എഡിഷൻ മോഡലിന് 18.40 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.
വില :14.89 ലക്ഷം
മൈലേജ്: 18.40 കിലോമീറ്റർ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,985 രൂപയും പവന് 71,880 രൂപയുമായി.
ചൈനയുമായി വ്യാപാരക്കരാറിലെത്തി, അടുത്തത് ഇന്ത്യയുമായിട്ടെന്ന് ട്രംപ്
ന്യൂയോർക്ക്: ചൈനയുമായി യുഎസ് വ്യാപാരക്കരാർ ഒപ്പിട്ടുവെന്നും അടുത്തത് ഇന്ത്യയുമായിട്ടുള്ള ‘വളരെ വലിയ’കരാർ ആയിരിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സ്വപ്നമായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ.
ജനീവയിൽ നടന്ന പ്രാഥമിക ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പരസ്പരം ചുമത്തിയ താരിഫുകൾ കുറയ്ക്കാൻ ധാരണയായത് അവിടെവെച്ചാണ്. പിന്നീട് ലണ്ടനിലും ചർച്ചകൾ മുന്നോട്ടു പോയിരുന്നു. “എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിന്റെ ഭാഗമാകാനും ഇഷ്ടമാണ്.
നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ഏതാനും മാസം മുന്പ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇന്നലെ നാം ചൈനയുമായി കരാർ ഒപ്പുവച്ചു. ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അടുത്തത് ഇന്ത്യയുമായിട്ടുള്ളതാകാം. വളരെ വലുതാണത്’’, അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുഎസുമായി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. “നാം എല്ലാവരുമായും ഡീലുകൾ ഉണ്ടാക്കില്ല. ചിലർക്ക് നാം നന്ദി പറഞ്ഞുകൊണ്ടൊരു കത്തെഴുതും. 25, 35, 45 ശതമാനം നികുതി അവർ നൽകണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. പക്ഷേ, എന്റെ ജനതയ്ക്ക് അങ്ങനെ ചെയ്യാൻ താത്പര്യമില്ല. അതിൽ അല്പമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്.
പക്ഷേ ഞാൻ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ഡീലുകൾ ഉണ്ടാക്കാൻ അവർ അഗ്രഹിക്കുന്നു’’ ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാറിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, റെയർ എർത്ത് മൂലകങ്ങളുമായി ബന്ധപ്പെട്ടതാണിതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർണായക ധാതുക്കളുടെയും കാന്തങ്ങളുടെയും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം യുഎസ് വ്യവസായങ്ങളെ (വാഹനം, പ്രതിരോധം, സാങ്കേതിക വിദ്യ) ബാധിക്കുന്നത് ഒഴിവാക്കാനും ധാരണയായെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവർ റെയർ എർത്ത് മൂലകങ്ങൾ നമുക്ക് കൈമാറുന്പോൾ അവർക്കുമേൽ നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കുമെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക് പറഞ്ഞു.
ഇന്ത്യയുമായി വരാനിരിക്കുന്ന കരാറിനെക്കുറിച്ചും ഈ മാസത്തിന്റെ തുടക്കത്തിൽ ലുത്നിക് സംസാരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്ന പറഞ്ഞ അദ്ദേഹം, കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കുമെന്ന സൂചനയും നൽകിയിരുന്നു.
ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം
വാഷിംഗ്ടൺ ഡിസി: കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി യുഎസിലെത്തിയ ദിവസംതന്നെയാണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രംപിന്റെ പ്രഖ്യാപനവും. ഇടക്കാല വ്യാപാരക്കരാറിനായുള്ള ചർച്ചകളിലാണ് ഇന്ത്യയും യുഎസും. ജൂലൈ ഒൻപതിന് മുൻപ് അന്തിമ ഉടന്പടിയുണ്ടാക്കാനാണ് നീക്കം.
യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകാൻ ഇന്ത്യ മടിക്കുന്നത് കാർഷിക, ഡെയറി മേഖലകളിലാണ്. വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, ആപ്പിളുകൾ, ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ എന്നിവയ്ക്കാണ് യുഎസ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെടുന്നത്.
കായികാധ്വാനം വളരെയേറെ ആവശ്യമുള്ള ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം, ചെമ്മീൻ എന്നിവയ്ക്ക് ഇളവ് ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
ഒക്ടോബറോടുകൂടി ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. 2030 ആകുന്നതോടെ ഉഭയകക്ഷിവ്യാപാരം നിലവിലെ 191 ബില്യണിൽനിന്ന് 500 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണിത്.
വാഗണ്ആറിനു വെല്ലുവിളിയുമായി ക്രെറ്റ
മുംബൈ: മാരുതി സുസുക്കിയുടെ വാഗണ്ആറിനു വെല്ലുവിളിയുമായി ഹ്യൂണ്ടായി ക്രെറ്റ. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ മാരുതി സുസുക്കിയുടെ വാഗണ്ആർ ഒന്നാം സ്ഥാനത്തു നിൽക്കുന്പോൾ ക്രെറ്റയാണ് രണ്ടാമത്.
88,494 യൂണിറ്റ് വാഗണ്ആറാണ് ഈ കാലയളവിൽ വിറ്റത്. രണ്ടാമതുള്ള ക്രെറ്റയെക്കാൾ 3750 യൂണിറ്റിന്റെ കൂടുതലാണ് വാഗണ്ആറിനുള്ളത്. ക്രെറ്റയുടെ 84,744 യൂണിറ്റുകളാണ് ആദ്യ അഞ്ചുമാസത്തിൽ വിറ്റത്.
നിലവിലെ വേഗത കണക്കിലെടുക്കുന്പോൾ 2025ൽ ഹ്യുണ്ടായി ക്രെറ്റയുടെ വാർഷിക വിൽപ്പന 2,00,000 യൂണിറ്റ് കടന്നേക്കാം.
അടുത്ത സ്ഥാനത്ത് മാരുതി സുസുക്കി ഡിസയറാണ്. 2025ലെ ആദ്യ അഞ്ചുമാസം 80,617 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. അടുത്ത സ്ഥാനങ്ങളിൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് (79,823 യൂണിറ്റ്), ബ്രെസ (79,222 യൂണിറ്റ്) എന്നിവയാണ്.
1999ൽ വാഹന വിപണിയിലെത്തിയ വാഗണ്ആറിന്റെ 32,00,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. 2015ലാണ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ എസ്യുവിയുടെ 12,52,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്.
ക്രെറ്റയ്ക്ക് ഫ്യുവൽ എൻജിൻ വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ് വേർഷനുമുണ്ട്. ക്രെറ്റ ഇലക്ട്രിക്കിൽ രണ്ടു ബാറ്ററി ഓപ്ഷനുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. 42 കെഡബ്ല്യുഎച്ചും 51.4 കെഡബ്ല്യുഎച്ചും.
ചെറിയ ബാറ്ററി വകഭേദങ്ങൾക്ക് 390 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററിയുള്ളവ ഒറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ ഓടാൻ കഴിയും.
അംബാനിയും അദാനിയും ഇന്ധന വിൽപ്പനയിൽ ഒന്നിക്കുന്നു
മുംബൈ: ഇന്ത്യയിലെ അതിസന്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒരിക്കൽക്കൂടി കൈകോർക്കുന്നു. ഇരു കന്പനികളും തങ്ങളുടെ സംരംഭങ്ങൾ വഴി പരസ്പരം ഇന്ധനങ്ങൾ വിൽക്കും.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് എണ്ണക്കന്പനിയായ ബിപി എന്നിവയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ സിറ്റി ഗ്യാസ് വിതരണക്കന്പനിയായ അദാനി ടോട്ടൽ ഗ്യാസുമാണ് സഹകരിക്കുന്നത്.
ഇതുപ്രകാരം, അദാനി ടോട്ടൽ ഗ്യാസിന്റെ സിഎൻജി വിതരണ സ്റ്റേഷനുകളിൽ ജിയോ-ബിപി പെട്രോളും ഡീസലും വില്ക്കും. പകരമായി ജിയോ-ബിപിയുടെ തെരഞ്ഞെടുത്ത ഒൗട്ട് ലെറ്റുകളിലൂടെ അദാനി ടോട്ടൽ ഗ്യാസ് സിഎൻജിയും വിൽക്കും. രാജ്യമെന്പാടുമായി 650 സിഎൻജി സ്റ്റേഷനുകളാണ് അദാനി ടോട്ടൽ ഗ്യാസിനുള്ളത്. ജിയോ-ബിപിക്ക് 2,000ഓളം പന്പുകളുണ്ട്.
അദാനി ഗ്രൂപ്പും ഫ്രഞ്ച് കന്പനിയായ ടോട്ടൽ എനർജീസും തമ്മിലെ സംയുക്ത സംരംഭമാണ് അദാനി ടോട്ടൽ ഗ്യാസ്. വീടുകളിൽ പാചകാവശ്യത്തിനും വാഹനങ്ങൾക്ക് ഇന്ധനാവശ്യത്തിനും വ്യാവസായിക സ്ഥാപനങ്ങൾക്കും അദാനി ടോട്ടൽ ഗ്യാസ് പ്രകൃതിവാതകം ലഭ്യമാക്കുന്നു. ഗതാഗത വിഭാഗത്തിനായി കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ്, ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) എന്നിവയും അദാനി ടോട്ടൽ ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
സഹകരണം രണ്ടാം തവണ
അദാനിയും അംബാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഇതു രണ്ടാംതവണയാണ് കൈകോർക്കുന്നത്. അദാനി പവറിന് കീഴിലുള്ള മഹാൻ എനർജെൻ എന്ന കന്പനിയുടെ 26% ഓഹരികൾ 2024 മാർച്ചിൽ 50 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. അദാനി പവറിന് മധ്യപ്രദേശിലുള്ള ഉൗർജോത്പാദന സ്ഥാപനമാണ് മഹാൻ എനർജെൻ. ഈ പ്ലാന്റിൽനിന്നുള്ള വൈദ്യുതിയുടെ 500 മെഗാവാട്ട് റിലയൻസ് ആണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ നാച്ചുറൽ ഗ്യാസ് ആവശ്യകത 2030 ആകുന്പോഴേക്കും 60 ശതമാനം വർധിക്കുമെന്നാണ് അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൂട്ടൽ.
ഓഹരികളിൽ മുന്നേറ്റം
അദാനി ടോട്ടൽ ഗ്യാസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്നലെ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരി അഞ്ചു ശതമാനത്തിലധികം ഉയർന്ന് 682 രൂപയിൽ വ്യാപാരം പൂർത്തിയാക്കി. ഒരു ഘട്ടത്തിൽ ഓഹരിവില 693.90 രൂപവരെയും എത്തിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില 1.34% നേട്ടവുമായി 1,515.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ എഐഎയിൽ രണ്ട് പുതിയ എൻഎഫ്ഒകൾ
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്ഷ്വറന്സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്ഫ 30 ഇന്ഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്ഫ 30 പെന്ഷന് ഫണ്ട് എന്നീ രണ്ടു പദ്ധതികള് അവതരിപ്പിച്ചു.
ജൂണ് 30ന് അവസാനിക്കുന്ന എന്എഫ്ഒ കാലയളവില് പത്തു രൂപ നിരക്കിലാകും ഈ പദ്ധതികളുടെ യൂണിറ്റുകള് ലഭ്യമാകുക.
നിഫ്റ്റി 200 ആല്ഫ 30 സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാന സൂചിക. പദ്ധതിയുടെ 80 മുതല് 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും വകയിരുത്തുക. 20 ശതമാനം വരെ കാഷ്, മണി മാര്ക്കറ്റ് വിഭാഗങ്ങളിലും നിക്ഷേപിക്കാം.
ഒബെൻ ഇലക്ട്രിക് ഹെൽപ് ലൈൻ തുടങ്ങി
കൊച്ചി: ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഒബെൻ ഇലക്ട്രിക്, 24- 7 ഉപഭോക്തൃ പിന്തുണ ഹെൽപ് ലൈൻ അവതരിപ്പിച്ചു.
ഇവി രംഗത്തെ ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനാണ് ഹെൽപ് ലൈൻ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
വിപണിയിൽ കാളക്കുതിപ്പ്
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി.
പോസിറ്റീവായ ആഗോള സൂചനകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഫിനാൻഷൽ, മെറ്റൽ ഓഹരികളിലുണ്ടായ മികവിലാണ് വിപണി ഇന്നലെ കുതിച്ചത്.
നിഫ്റ്റി 304 പോയിന്റ് (1.21%) ഉയർന്ന് ഒന്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,549ൽ അവസാനിച്ചു. സെൻസെക്സ് 1003 പോയിന്റ് (1.21%) നേട്ടത്തിൽ 83,759ൽ വ്യാപാരം പൂർത്തിയാക്കി. 2024 ഒക്ടോബറിനുശേഷമുള്ള ഉയർന്ന ലെവലാണ്. രണ്ട് സൂചികകളും ഇപ്പോൾ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 2.3% താഴെയാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 3.33 ലക്ഷം കോടി രൂപ ഉയർന്ന് 457.33 ലക്ഷം കോടിയിലെത്തി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.59 ശതമാനവും സ്മോൾകാപ് 0.42 ശതമാനവും മുന്നേറി.
മേഖലാ സൂചികകളിൽ മെറ്റൽ ഓഹരികൾ വിപണിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചു. നിഫ്റ്റി മെറ്റലിലെ എല്ലാ ഘടകങ്ങളും നേട്ടത്തിൽ അവസാനിച്ചു. ഇത് സൂചികയെ 2.3 ശതമാനത്തിലെത്തിച്ചു. ഇതിനു പിന്നാലെ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഉയർന്നു.
ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ ഇടിവ് ഓയിൽ മാർക്കറ്റിംഗ് കന്പനികളുടെ ഓഹരികളെ ഉയർത്തി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.86 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫിനാൻഷൽ സർവീസ് സൂചികകൾ യഥാക്രമം ഒരു ശതമാനം, 1.5 ശതമാനം നേട്ടം സ്വന്തമാക്കി.
നേട്ടത്തിനു കാരണങ്ങൾ
വെടി നിർത്തലും യുഎസ്-ഇറാൻ ചർച്ചയും:-പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാർ പാലിക്കുന്നത്. കൂടാതെ അടുത്തയാഴ്ച അമേരിക്കൻ-ഇറേനിയൻ ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പും വിപണിയെ സഹായിച്ചു.
ആഗോള സൂചനകൾ:-ഏഷ്യൻ വിപണികൾ വലിയ തോതിൽ ഉയർന്ന നിലയിലായിരുന്നു. ജപ്പാനിലെ നിക്കി 225 ഉം ചൈനയുടെ ഷാങ്ഹായ് കോന്പോസിറ്റും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ രാത്രി മുഴുവൻ സമ്മിശ്രമായി അവസാനിച്ചു. ഇന്നലെ രാവിലെയും യുഎസ് വിപണികൾക്ക് പോസിറ്റീവ് ഓപ്പണിംഗാണ് നടത്തിയത്.
രൂപ ശക്തിപ്രാപിച്ചു, ഡോളർ സൂചിക താഴ്ന്ന നിലയിൽ:-ദുർബലമായി തുടരുന്ന ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയർന്നു. 38 പൈസ ഉയർന്ന് 85.71ലാണ് ക്ലോസ് ചെയ്തത്. ഫെഡറൽ റിസവർ ചെയർമാൻ ജെറോം പവലിനെതിരേ പ്രസിഡന്റ് ട്രംപിന്റെ പുതിയ വിമർശനത്തിനു പിന്നാലെ ഡോളർ സൂചിക മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 97ലെത്തി.
ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ:- വിദേശ നിക്ഷേപർ വിൽപ്പനക്കാരായി തുടരുന്പോഴും ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങലുകാരായി.
ഉരുക്ക് ഇറക്കുമതിയിൽ ഇടിവ്
മുംബൈ: ഇന്ത്യയുടെ ഉരുക്ക് ഇറക്കുമതി 2025ലെ ആദ്യ അഞ്ചു മാസത്തിൽ കുത്തനെ ഇടിഞ്ഞു. ഏപ്രിൽ പകുതിയിൽ ഏർപ്പെടുത്തിയ 12 ശതമാനം സേഫ്ഗാർഡ് ഡ്യൂട്ടി (ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും ആഭ്യന്തരവ്യവസായത്തിന് ദോഷം വരുത്താതിരിക്കുന്നതിനുമായി എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന തീരുവ) മൂലമാണ് ഇറക്കുമതിയിൽ കുറവുണ്ടായത്.
ലോകത്തെ രണ്ടാമത്തെ ഉരുക്ക് ഉത്പാദക രാജ്യമായ ഇന്ത്യ 2024ൽ ഇറക്കുമതിക്കാരായി മാറുകയായിരുന്നു. ഇതിനു തടയിടാനാണ് പ്രാദേശിക നിർമാതാക്കളുടെ സംരക്ഷണത്തിനായി സേഫ്ഗാർഡ് ഡ്യൂട്ടി ആരംഭിച്ചത്.
2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയവളവിൽ ഉരുക്ക്, സ്റ്റെയിൻലെസ് സ്റ്റീൽ ഇറക്കുമതി 3.68 മില്യണ് ടണ്ണിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 4.37 മില്യണ് ടണ്ണിന്റെ ഇറക്കുമതിയാണ് നടത്തിയത്. ഏകദേശം 20 ശതമാനത്തിന്റെ കുറവ്.
ഏപ്രിൽ മുതൽ മേയ് വരെ ഇന്ത്യയിലേക്ക് ഉരുക്ക് കയറ്റുമതി ചെയ്യുന്നതിൽ 26 ശതമാനം വിഹിതവുമായി ദക്ഷിണകൊറിയയാണ് ഒന്നാമത്. ചൈന (20%), വിയറ്റ്നാം (16%), ജപ്പാൻ (10%) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങൾ.
ദക്ഷിണകൊറിയ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെ കയറ്റുമതിക്കാർ ടണ്ണിന് 675 ഡോളർ മുതൽ 964 ഡോളർ (ഷിപ്പിംഗും ഇൻഷ്വറൻസു ഉൾപ്പെടെ) വരെ നിശ്ചിത പരിധിക്ക് താഴെ വിൽക്കുന്നത് ഒഴിവാക്കാൻ സർക്കാർ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തിയതോടെയാണ് ഇറക്കുമതി ഇടിഞ്ഞത്.
ഈ വിലയ്ക്ക് താഴെ ഇറക്കുമതി ചെയ്യുന്ന ഏതൊരു ഷിപ്മെന്റിനും സേഫ്ഗാർഡ് തീരുവ ബാധകമാകും, ഇത് പ്രധാനമായും ഫിനിഷ്ഡ് ഉത്പന്നങ്ങളുടെ ഇറക്കുമതിയെ തടയുന്നു.
ഹോട്ട് റോൾഡ് കോയിലിന്റെ (എച്ച്ആർസി) ഇറക്കുമതി മാർച്ചിനെ അപേക്ഷിച്ച് മേയിൽ ആറു ശതമാനം ഇടിഞ്ഞു.
ഏപ്രിൽ-മേയ് മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 62 ശതമാനവും ഫിനിഷ്ഡ് ഫ്ലാറ്റ് ഉത്പന്നങ്ങൾ, പ്രധാനമായും എച്ച്ആർസി, പൈപ്പുകളും ട്യൂബുകളും, ഗാൽവാനൈസ്ഡ്, കോട്ടിംഗ് സ്ട്രിപ്പുകളും ഷീറ്റുകളും, ഇലക്ട്രിക്കൽ സ്റ്റീൽ എന്നിവയാണ്. ഈ കാലയളവിൽ മൊത്തം ഇറക്കുമതിയുടെ നാലു ശതമാനവും സ്റ്റെയിൻലെസ് സ്റ്റീൽ ആയിരുന്നു.
ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ കന്പനികൾക്ക് മികച്ച ലാഭവിഹിതം നേടാനും 2026 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടണ്ണിന് 2,000 രൂപയുടെ ലാഭവിഹിത വർധനവ് കാണാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ബയോഫ്യൂവല് സമ്മിറ്റ് നാളെ കൊച്ചിയില്
കൊച്ചി: സെന്ട്രിയല് ബയോഫ്യൂവലിന്റെ ആഭിമുഖ്യത്തില് രാജ്യത്തെ ആദ്യ ബയോഫ്യൂവല് സമ്മിറ്റ് കൊച്ചിയില് സംഘടിപ്പിക്കുന്നു.
നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല് വൈകിട്ട് ആറുവരെ ഇടപ്പള്ളി ലുലു മാരിയറ്റില് നടക്കുന്ന പരിപാടിയില് ബയോഫ്യൂവല് രംഗത്തെ വിദഗ്ധരായ ചേതന് സായംകാര്, സി.എ. പങ്കജ് ദാര, കമ്പനി ചെയര്മാനും മുന് ഡിജിപിയുമായ ടോമിന് തച്ചങ്കരി, സെന്ട്രിയല് ഗ്രൂപ്പ് എംഡി ജോബി ജോര്ജ് തുടങ്ങിയര് പങ്കെടുക്കും.
ബയോഫ്യുവല് വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് സെമിനാറില് ചര്ച്ചകള് നടക്കും. ഫോൺ: 8943053400, 8943015400.
പോകോ എഫ് 7 അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യന് സ്മാര്ട്ട് ഫോണ് വിപണിയില് തരംഗം സൃഷ്ടിക്കാന് പോകോയുടെ പുതിയ എഫ് സീരീസ് മോഡല്, പോകോ എഫ്7 അവതരിപ്പിച്ചു. 7,550 എംഎഎച്ച് ബാറ്ററിയും ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ് 8 എസ് ജെന് 4 ചിപ്സെറ്റുമായി എത്തുന്ന ഫോണ്, പ്രകടനത്തിലും ഈടിലും വിട്ടുവീഴ്ചയില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്നു.
7.99 മില്ലിമീറ്റര് മാത്രം ഭാരമുള്ള ഫോണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ ഫോണാണെന്നാണ് അവകാശവാദം. 90 വാട്ട് ടര്ബോ ചാര്ജിംഗ് പിന്തുണയുള്ളതിനാല് അതിവേഗത്തില് ഫോണ് ചാര്ജ് ചെയ്യാം.
കൂടാതെ, 22.5 വാട്ടിന്റെ റിവേഴ്സ് ചാര്ജിംഗ് സൗകര്യമുണ്ട്. 12 ജിബി റാമും 12 ജിബി വെര്ച്വല് റാമും ചേര്ന്ന് മൊത്തം 24 ജിബി വരെ ടര്ബോ റാം ലഭിക്കും. ചൂടാകാതിരിക്കാന് ഏറ്റവും പുതിയ ഐസ് ലൂപ്പ് കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.
ഒപ്റ്റിക്കല് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ്882 പ്രൈമറി സെന്സറും 20 മെഗാപിക്സല് ഫ്രണ്ട് ക്യാമറയുമാണ് പോകോ എഫ് സെവനില് ഉള്ളത്.
ജൂലൈ ഒന്നു മുതല് ഫ്ലിപ്കാര്ട്ടില് മാത്രമായിരിക്കും പോകോ എഫ്7 വില്പനയ്ക്കെത്തുക. രണ്ട് വേരിയന്റുകളിലാണ് ഫോണ് ലഭ്യമാകുക.12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 29,999 രൂപ.12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 31,999 രൂപ. ലോഞ്ചിംഗിന്റെ ഭാഗമായി ജൂലൈ ഒന്നിന് ഫോണ് വാങ്ങുന്നവര്ക്ക് ആകര്ഷകമായ ഓഫറുകളും പോകോ എഫ് സെവന് നല്കും.
വാട്സ്ആപ് പുതിയ ഫീച്ചർ അവതരിപ്പിച്ചു
ന്യൂഡൽഹി: വായിക്കാത്ത സന്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്സ്ആപ് ഒരു പ്രത്യേക എഐ ഫീച്ചർ അവതരിപ്പിച്ചു.
ശ്രദ്ധയിൽപ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ് ഫീച്ചർ. ശ്രദ്ധയിൽപ്പെടാത്ത ഇത്തരം സന്ദേശങ്ങൾ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചർ.
എഐ സമ്മറൈസ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കൾ വായിക്കാത്തതോ ഓപ്പണ് ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപത്തിലാകും എഐ സാങ്കേതികവിദ്യ ഉപയോക്താക്കളിലെത്തിക്കുക. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസിംഗ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഗ്രൂപ്പ് സന്ദേശങ്ങളിലും വ്യക്തിഗത സന്ദേശങ്ങളിലും ഈ എഐ സവിശേഷത പ്രവർത്തിക്കുമെന്ന് വാട്സ്ആപ്പിന്റെ ബ്ലോഗ് സ്ഥിരീകരിക്കുന്നു. വായിക്കാത്ത എല്ലാ സന്ദേശങ്ങളും സംഗ്രഹിച്ച്, നിർണായക വിവരങ്ങൾ നഷ്ടപ്പെടാതെ ഉപയോക്താവിനു കൈമാറും. ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യത എഐ ഉറപ്പാക്കുമെന്നും, സംഗ്രഹ കാഴ്ച ഓരോ ഉപയോക്താവിനും മാത്രമേ ദൃശ്യമാകൂ എന്നും മെറ്റാ ഊന്നിപ്പറഞ്ഞു.
ഉപയോക്താക്കൾ ആദ്യം വായിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ സന്ദേശങ്ങൾക്ക് മറുപടികൾ നിർദ്ദേശിക്കുന്നതിനാണ് എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, അമേരിക്കയിലെ ഉപയോക്താക്കൾക്കായി ഈ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് ഭാഷയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.
ദ്വിദിന ജിഎസ്ടി ദേശീയ സെമിനാറിന് തുടക്കമായി
കൊച്ചി: ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐസി എഐ ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ദ്വിദിന ജിഎസ്ടി ദേശീയ കോണ്ഫറന്സിന് തുടക്കമായി.
തിരുവനന്തപുരം സോണ് സെന്ട്രല് ഗുഡ്സ് ആൻഡ് സര്വീസ് ടാക്സ് ചീഫ് കമ്മീഷണര് എസ്.കെ. റഹ്മാന് റെനൈ കൊച്ചിനില് കോണ്ഫറന്സ് ഉദ്ഘാടനം ചെയ്തു.
ജിഎസ്ടിയുടെ എട്ടുവർഷ കാലയളവിനുള്ളിൽ സാമ്പത്തികരംഗത്ത് ഇന്ത്യ വൻ മുന്നേറ്റമുണ്ടാക്കിയതായി എസ്.കെ. റഹ്മാൻ പറഞ്ഞു. കോവിഡിനുശേഷം ജിഎസ്ടിയിലുള്ള വർധന ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗവും ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാനുമായ പി. രാജേന്ദ്രകുമാര് അധ്യക്ഷത വഹിച്ചു. ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്.ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് ദേശീയ സെമിനാറിൽ വിവിധ ടെക്നിക്കൽ സെഷനുകളിൽ അവിനാഷ് പൊഡ്ഡാർ, അഡ്വ. ജി. ശിവദാസ്, അഡ്വ. കെ. വൈതീശ്വരൻ എന്നിവർ പ്രസംഗിക്കും.
യുഎസിന്റെ അധികനികുതി കയറ്റുമതിയെ തളര്ത്തും: ഡോ. കെ.എന്. രാഘവന്
കൊച്ചി: അമേരിക്ക ഇപ്പോള് ചുമത്തിയിരിക്കുന്ന അധിക നികുതി കയറ്റുമതിക്കാര്ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് സീഫുഡ് എക്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല് ഡോ. കെ.എന്. രാഘവന്.
ബ്യൂറോ ഓഫ് എനര്ജി എഫിഷ്യന്സിയും എനര്ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത്സ്യോത്പന്ന കയറ്റുമതി മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ മത്സ്യോത്പന്നങ്ങളുടെ പ്രഥമ വിപണി അമേരിക്കയാണ്. ഇപ്പോള് അമേരിക്ക ചുമത്തിയിരിക്കുന്ന അധിക നികുതി ഈ വ്യവസായത്തെ ആകെ തളര്ത്തിയിരിക്കുകയാണ്. കയറ്റുമതിയിലെ പ്രതിബന്ധങ്ങള് തരണം ചെയ്യാന് ഊര്ജ സംരക്ഷണ പദ്ധതികളിലൂടെ കഴിയുമെന്നും കെ.എന്. രാഘവന് പറഞ്ഞു.
കേരള എനര്ജി മാനേജ്മെന്റ് സെന്റര് ഡയറക്ടര് ഡോ. ആര്. ഹരികുമാര്, കേരള ഇഎംസിഎന്എംഇഇ മേധാവി ജോണ്സണ് ഡാനിയേല്, ബ്യൂറോ ഓഫ് എനര്ജി എഫിഷ്യന്സി ജോയിന്റ് ഡയറക്ടര് രവിശങ്കര് പ്രജാപതി, എംപിഇഡിഎ ഡയറക്ടര് ഡോ. എം.കെ. രാംമോഹന്, സീ ഫുഡ് എക്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കേരള അധ്യക്ഷന് പ്രേമചന്ദ്ര ഭട്ട്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്സില് മേധാവി സാവിയോ മാത്യു എന്നിവര് പ്രസംഗിച്ചു.
സ്വര്ണവിലയില് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമായിട്ടാണു വില്പന നടക്കുന്നത്.
മൈക്ലിപ്പ് പുറത്തിറക്കി മെറില് ലൈഫ് സയന്സ്
കൊച്ചി: ആഗോള മെഡ്ടെക് കമ്പനിയായ മെറില് ലൈഫ് സയന്സ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്കത്തീറ്റര് എഡ്ജ്ടുഎഡ്ജ് റിപ്പയര് സിസ്റ്റമായ മൈക്ലിപ്പ് പുറത്തിറക്കി.
മൈക്ലിപ്പ് ടിഇആര് സിസ്റ്റം മിട്രല് വാല്വ് ഫ്ലാപ്പുകള് കൃത്യമായി അടയ്ക്കാന് സഹായിക്കുന്നതായി മെറില് വ്യക്തമാക്കി.
ഇതു ശ്വാസകോശത്തിലേക്ക് ശുദ്ധീകരിച്ച രക്തത്തിന്റെ പിന്നിലേക്കുള്ള ഒഴുക്ക് ഫലപ്രദമായി തടയുന്നു. ഡിസ്ചാര്ജ് ചെയ്തതിനുശേഷം, ചെറിയ കാലയളവിനുള്ളില് രോഗികള്ക്ക് നടത്തം, ആയാസരഹിതമായ ജോലി തുടങ്ങിയ ദൈനംദിന പ്രവര്ത്തനങ്ങള് പുനരാരംഭിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
ഐടി ലോകത്തിനു വിസ്മയമായി ലുലു ഐടി ട്വിൻ ടവറുകൾ ഒരുങ്ങി
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകൾ കൊച്ചിയിൽ ഒരുങ്ങി.
കാക്കനാട് സ്മാർട്ട് സിറ്റിയിൽ 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള രണ്ടു ടവറുകളുടെ ഉയരം 152 മീറ്ററാണ്. വിസ്തീർണം 35 ലക്ഷം ചതുരശ്ര അടി. ലുലു ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 28ന് നിർവഹിക്കും.
30,000ത്തിലേറെ പ്രഫഷണലുകൾക്കു തൊഴിൽ ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഐടി ട്വിൻ ടവറുകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നാണ്. 1,500 കോടിയിലേറെ രൂപ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർഥ്യമായത്. ടവറുകളിലെ 25 ലക്ഷം ചതുരശ്രയടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000 ത്തിലേറെ ടെക് പ്രഫഷണലുകൾക്കു ജോലി ചെയ്യാനാകും.
അടുത്ത മൂന്നു വർഷത്തിനകം അരലക്ഷം ഐടി പ്രഫഷണലുകൾക്ക് ലുലു ഐടി പാർക്കുകളിലൂടെ ജോലി നൽകുകയാണു ലക്ഷ്യമെന്ന് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഇൻഫോ പാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരങ്ങൾ.
ഐടി-എഐ രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.
കേരളത്തിലെ വിദ്യാസമ്പന്നർക്കു നാട്ടിൽത്തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഓഫീസ് സമുച്ചയത്തിലൂടെ ലുലു യാഥാർഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ ഭാവി മുന്നിൽക്കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. മറ്റു മെട്രോ നഗരങ്ങളേക്കാൾ മൂന്നിലൊന്ന് വാടകച്ചെലവ് മാത്രമാണു കൊച്ചിയിലുള്ളത്. കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതൽ വേഗത പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിൻ ടവറുകൾ പ്രവർത്തനസജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
28ന് രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആമുഖപ്രസംഗം നടത്തും. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഐടി പാർക്ക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലോകോത്തര സൗകര്യങ്ങൾ
ബൃഹത്തായ ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിംഗ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ടവറുകളിലുണ്ട്. 3200 കാറുകൾക്കുള്ള റോബോട്ടിക് പാർക്കിംഗ്, 1300 കൺവൻഷണൽ പാർക്കിംഗ് അടക്കം മൂന്നു നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം.
ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിംഗ് അംഗീകാരത്തോടെയാണു ട്വിൻ ടവറുകൾ നിർമിച്ചിട്ടുള്ളത്. നൂറു ശതമാനം പവർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് വെഹിക്കിള് ചാര്ജിംഗ് പോയിന്റുകള്, ഡാറ്റ സെന്റര് സൗകര്യം, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിംഗ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യസംസ്കരണ പ്ലാന്റ് തുടങ്ങിയവയും ലുലു ട്വിൻ ടവറുകളിൽ സജ്ജമാണ്.
കുതിപ്പു തുടർന്ന് വിപണി
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം നടത്തി. മീഡിയ, ഐടി, കണ്സ്യൂമർ ഡ്യുറബിൾസ്, ഓട്ടോ മേഖലാ സൂചികകളിൽ വാങ്ങലുണ്ടായതാണ് വിപണിക്കു കരുത്തായത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവു വന്നതും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായതും വിപണിയിൽ പ്രതിഫലിച്ചു.
എൻഎസ്ഇ നിഫ്റ്റി 200.40 പോയിന്റ് 0.80 ശതമാനം ഉയർന്ന് 25,245ലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നിഫ്റ്റിയെത്തിയത്. 2025ൽ ആദ്യമായാണ് നിഫ്റ്റി 25,200 പോയിന്റ് കടക്കുന്നത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 41 എണ്ണം നേട്ടമുണ്ടാക്കിയപ്പോൾ ഒന്പതെണ്ണമാണ് താഴ്ന്നത്.
ബിഎസ്ഇ സെൻസെക്സ് 700 പോയിന്റ് (0.85%) മുന്നേറി 82,756ൽ വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം നാലു ലക്ഷം കോടി രൂപ ഉയർന്ന് 454 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.44 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ സൂചിക 1.99 ശതമാനം മുന്നേറി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രതിരോധ മേഖലയിൽ വിൽപ്പനസമ്മർദമേറിയതോടെ രണ്ടു ശതമാനം ഇടിവുണ്ടായി. ലാർജ് കാപ് ഓഹരികളിൽ ഐടിയും ഓട്ടോയും മികച്ച പ്രകടനം നടത്തി. ഡോളർ ശക്തിപ്പെട്ടതിന്റെ ഫലമാണിത്.
റിലയൻസ് ഇൻഫ്ര ഓഹരികൾ മുന്നേറി
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി വിലയിൽ ഇന്നലെ അപ്പർ സർക്യൂട്ടിലെത്തി. ഓഹരി ഒന്നിന് 19.25 രൂപ (4.99%) ഉയർന്ന് 404.65ലെത്തി. റിലയൻസ് ഇൻഫ്രയുടെ പ്രതിരോധവിഭാഗമായ റിലയൻസ് ഡിഫൻസിന് 600 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചെന്ന പ്രഖ്യാപനത്തെത്തുടർന്നാണ് ഓഹരി കുതിച്ചത്.
ജർമൻ പ്രതിരോധ, വെടിക്കോപ്പ് നിർമാതാക്കളായ റെയിൻമെറ്റാൽ വാഫെ മ്യൂണിഷൻ ജിഎംബിഎച്ചിൽനിന്ന് കയറ്റുമതി ഓർഡർ നേടിയതായി റിലയൻസ് ഇൻഫ്ര അറിയിച്ചു.
ഹൈടെക് വെടിമരുന്ന് മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നാണിതെന്ന് കന്പനി അറിയിച്ചു.
ഹോണ്ട ന്യൂ സിറ്റി സ്പോര്ട്ട് അവതരിപ്പിച്ചു
കൊച്ചി: മുൻനിര പ്രീമിയം കാറുകളുടെ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) പുതിയ ന്യൂ സിറ്റി സ്പോർട് പുറത്തിറക്കി.
സ്പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകളുള്ള പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയറുകൾ, എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നൽകുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ പുതിയ മോഡലിന്റെ സവിശേഷതകളാണ്.
റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു. 14,88,900 ലക്ഷമാണു വില.
നന്തിലത്ത് ജി-മാര്ട്ട് ചില്ലാക്സ് ഓഫര് വിജയികളെ പ്രഖ്യാപിച്ചു
തൃശൂര്: ഗോപു നന്തിലത്ത് ജി-മാര്ട്ട് ചില്ലാക്സ് ഓഫറിന്റെ നറുക്കെടുപ്പ് ഇടപ്പള്ളി ഷോറൂമില് ഹൈബി ഈഡന് എംപി നിര്വഹിച്ചു. വിജയികള്ക്ക് 10 മാരുതി എസ്പ്രസോ കാറുകളാണ് സമ്മാനമായി നല്കുന്നത്.
നന്തിലത്ത് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടര് അര്ജുന് നന്തിലത്ത്, ഡയറക്ടര് ഐശ്വര്യ നന്തിലത്ത്, ഗ്രൂപ്പ് സിഇഒ പി.എ. സുബൈര്, അഡ്മിനിസ്ട്രേഷന് മാനേജര് എന്.പി. ജോയി എന്നിവര് പങ്കെടുത്തു.
പി.കെ. അശ്വതി (കോഴിക്കോട്), ഗ്രേസി കുഞ്ഞൂഞ്ഞ് (തൊടുപുഴ), യാനിക് (മണ്ണാര്ക്കാട്), കെ.വി. സിലിയ (മഞ്ചേരി), ബെന്ലി ബെന്നി (ഒല്ലൂര്), കെ. വിജയന് (കണ്ണൂര്), ഷിജോ ഷാജീവ് (ആറ്റിങ്ങല്), കെ.യു. സിനിമോള് (കോട്ടയം), ജിഷി ജോസ് (തൃശൂര്), റോഷന് തോമസ് (പനങ്ങാട്) എന്നിവരാണ് വിജയികള്.
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസി, ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ
മുംബൈ: ഇന്ത്യയിൽ ആപ്പിളിന്റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു.
2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്റെ വിപണിയെ ഉയർത്തിയത്.
കനാലിസിന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്റെ ടാബ്ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി.
അതേസമയം, ടാബ്ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനം നിലനിർത്തി. ചൈനീസ് കന്പനികളായ ലെനോവോയും ഷവോമിയും ടാബ്ലെറ്റ് കയറ്റുമതിയിൽ യഥാക്രമം 16.1 ശതമാനവും 12.6 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ, ഏസറിന് 67.2% കുത്തനെ ഇടിവ് നേരിട്ടു.
2025ലെ ആദ്യപാദത്തിൽ ഇന്ത്യയുടെ പിസി (ടാബ്ലെറ്റ് ഒഴികെ) വിപണി വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ചയുമായി 3.3 മില്യണ് യൂണിറ്റിലെത്തി. നോട്ട്ബുക്ക് കയറ്റുമതിയിൽ 21 ശതമാനം വർധനയാണ് (2.4 മില്യണ് യൂണിറ്റുകൾ) ഇതിന് കാരണമായത്്. ഡെസ്ക്ടോപ്പ് കയറ്റുമതി ശതമാനം കുറഞ്ഞ് 906,000 യൂണിറ്റിലെത്തി.
പിസി വിപണിയിൽ 28.9% വിഹിതവുമായി എച്ച്പിയാണ് മുന്നിൽ, തൊട്ടുപിന്നാലെ ലെനോവോ (18.8%), ഏസർ (15.8%), ഡെൽ (13.3%) എന്നിവ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന് പുറമെ, ലെനോവോയും ഏസറും മാത്രമാണ് ഈ പാദത്തിൽ കയറ്റുമതി വളർച്ചയിൽ ഇരട്ടയക്കം രേഖപ്പെടുത്തിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമായി.
സ്വര്ണവ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദര്ശനവും നാളെമുതല്
കൊച്ചി: ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന സമ്മേളനം നാളെ മുതൽ 29 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്നാഷണല് കണ്വന്ഷന് സെന്ററില് നടക്കും.
നാളെ രാവിലെ പത്തിന് അസോസിയേഷന് സംസ്ഥാന ഭാരവാഹികളും ജെം ആന്ഡ് ജ്വല്ലറി കൗണ്സില് ഓഫ് ഇന്ത്യ ചെയര്മാന് പ്രമോദ് ദേരാവാല, ഓള് ഇന്ത്യ ജെം ആന്ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്സില് ചെയര്മാന് രാജേഷ് റോക്ക്ടെ, ടി.എസ്. കല്യാണരാമന്, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300ഓളം സ്വര്ണവ്യാപാരികളും ചേര്ന്ന് റിമോട്ട് ബട്ടണ് അമര്ത്തി പ്രദര്ശനം ഉദ്ഘാടനം ചെയ്യുമെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു.
ഉച്ചകഴിഞ്ഞു 2.30ന് ജിഎസ്ടി, ബിഐഎസ്, ലീഗല് മെട്രോളജി, പോലീസ് റിക്കവറി തുടങ്ങി സ്വര്ണവ്യാപാരികള് ദിനംപ്രതി അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പാനല് ചർച്ച. നാലിന് അവധി വ്യാപാരത്തെ സംബന്ധിച്ച് സെമിനാർ. 28ന് രാവിലെ 10.30ന് ധനമന്ത്രി കെ.എന്. ബാലഗോപാല് പ്രദർശനം ഉദ്ഘാടനം ചെയ്യും.
11ന് സ്വര്ണ മെറ്റല് ലോണിനെ സംബന്ധിച്ച് ബാങ്കുകളുടെ പാനല് ചര്ച്ച. ഉച്ചകഴിഞ്ഞു 2.30ന് കേരളം സമ്പൂര്ണ ഹാള്മാര്ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം മന്ത്രി ജി.ആര്. അനില് നിര്വഹിക്കും.
രാത്രിയിൽ അവാര്ഡ് നിശയും അനൂപ് ശങ്കറിന്റെ മ്യൂസിക്കല് ഇവന്റും. കേരളത്തിലെ സ്വര്ണാഭരണ വ്യാപാര വ്യവസായ മേഖലകളില് നിസ്തുല സംഭാവനകള് നല്കിയവരെ ചടങ്ങില് ആദരിക്കും.
29ന് രാവിലെ 11 ന് സമ്പൂര്ണ സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എംപി, റോജി ജോണ് എംഎല്എ എന്നിവർ മുഖ്യാതിഥികളായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് 27, 28, 29 തീയതികളില് കേരള ജ്വല്ലറി ഇന്റര്നാഷണല് ഫെയര് 2025 എന്നപേരില് ആഭരണ പ്രദര്ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ആഭരണ പ്രദര്ശനത്തിന്റെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങള് പൂര്ത്തിയായതായി എകെജിഎസ്എംഎ ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര് പറഞ്ഞു.
‘മില്മ മിലി കാര്ട്ട് ’ ഐസ്ക്രീം വെന്ഡിംഗ് വാഹനങ്ങള് പുറത്തിറക്കി
തിരുവനന്തപുരം: മില്മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്സ് ലിമിറ്റഡ് (കെഎഎല്) നിര്മിച്ച ഐസ്ക്രീം വെന്ഡിംഗ് വാഹനങ്ങളായ ‘മില്മ മിലി കാര്ട്ടുകള്’ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി.
പ്രത്യേകം രൂപകല്പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്പ്പെടുന്നതാണ് മില്മ മിലി കാര്ട്ട്. മില്മ മിലി കാര്ട്ടിന്റെ വിപണന ഉദ്ഘാടനവും താക്കോല് കൈമാറ്റവും മന്ത്രി നിര്വഹിച്ചു. മില്മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല് കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള് പുറത്തിറക്കിയത്. ചടങ്ങില് മന്ത്രി 30 വാഹനങ്ങള് ഫ്ളാഗ് ഓഫ് ചെയ്തു.
മില്മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്ക്ക് 10 മില്മ മിലി കാര്ട്ടുകള് വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില് 70 എണ്ണത്തിനുകൂടി ഓര്ഡര് നല്കാനുള്ള സാധ്യത മില്മ പരിശോധിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന് മില്മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില് മില്മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്പ്പടിയില് മില്മ ഉത്പന്നങ്ങള് വില്ക്കുന്ന പദ്ധതി മില്മ വിഭാവനം ചെയ്യുന്നുണ്ട്.
ഈ പദ്ധതി യാഥാര്ഥ്യമായാല് 941 സ്ത്രീകള്ക്ക് തൊഴില് ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. ചടങ്ങില് മില്മ എംഡി ആസിഫ് കെ. യൂസഫ്, കെഎഎല് ചെയര്മാന് പുല്ലുവിള സ്റ്റാന്ലി എന്നിവരും പങ്കെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഹരിതോർജ ആവാസവ്യവസ്ഥ നിർമിക്കാൻ റിലയൻസ്
മുംബൈ: ഹരിതോർജത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ നിർമാണ ആവാസവ്യവസ്ഥകളിലൊന്നിന് രൂപം നൽകാനൊരുങ്ങുകയാണ് തങ്ങളെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി.
സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ, ബയോ എനർജി എന്നിവയെല്ലാം ഉൾപ്പെടുന്ന പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഭൂമിയുടെ രക്ഷയ്ക്കുമായി കന്പനി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയുടെ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനാണ് റിലയൻസിന്റെ ശ്രമം. ആദ്യം പോളിസ്റ്ററും പിന്നീട് 4ജിയും നിർമിച്ചത് ഇതേ നയത്തിന്റെ ഭാഗമായിട്ടായിരുന്നു.
ജിയോ നടപ്പാക്കിയത് വളരെയേറെ റിസ്ക് എടുത്താണ്. 2027ൽ 50 വർഷം പൂർത്തിയാക്കുന്ന റിലയൻസ് 100 വർഷങ്ങൾ കഴിഞ്ഞാലും രാജ്യത്തെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.
കെഎസ്എഫ്ഇ ഹാര്മണി ചിട്ടി: സമ്മാനവിതരണം നടത്തി
തൃശൂര്: കെഎസ്എഫ്ഇ ഹാര്മണി ചിട്ടികളുടെ ശാഖാതലസമ്മാനമായ ഫ്യുവല് കാര്ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം എറണാകുളം ഇടപ്പള്ളി ശാഖയില് ലുലു ഗ്രൂപ്പ് ഇന്ത്യ ചീഫ് ഫിനാന്ഷല് ഓഫീസര് സതീഷ് കുറുപ്പത്ത് നിര്വഹിച്ചു. സമ്മാനാര്ഹയായ വി.പി. പ്രിയ കാര്ഡ് ഏറ്റുവാങ്ങി.
ഐഒസി ജനറല് മാനേജര് ഗൗരവ കുന്ദ്ര, ഡെപ്യൂട്ടി ജനറല് മാനേജര് അനില് വാസു, കെഎസ്എഫ്ഇ ചെയര്മാന് വരദരാജന്, മാനേജിംഗ് ഡയറക്ടര് ഡോ.എസ്.കെ. സനില്, എറണാകുളം അര്ബന് അസിസ്റ്റന്റ് ജനറല് മാനേജര് റീന ജോസഫ് തുടങ്ങിയവര് പങ്കെടുത്തു.
ഹാര്മണി ചിട്ടികളുടെ ആദ്യഘട്ടം ഈമാസം 30നു സമാപിക്കും. ഇപ്പോള് ചിട്ടിയില് ചേരുന്ന അഞ്ചു പേരില് ഒരാള്ക്കുവീതം നറുക്കെടുപ്പുവഴി ഫ്യുവല് കാര്ഡ് ലഭിക്കും.
ഇന്ത്യന് ഓയില് കോര്പറേഷന്റെ സംസ്ഥാനത്തെ ഏത് ഔട്ട്ലെറ്റില്നിന്നും 1500 രൂപയുടെ പെട്രോള്, ഡീസല് തുടങ്ങിയവ ഇതുപയോഗിച്ച് സൗജന്യമായി വാങ്ങാമെന്നു കെഎസ്എഫ്ഇ ചെയര്മാനും എംഡിയും അറിയിച്ചു.
റിക്കവറി നടപടികളുമായി ജിഎസ്ടി വകുപ്പ്; 3.5 കോടി പിരിച്ചെടുത്തു
തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ബാർ ഹോട്ടലുകൾക്കായി പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക ഒടുക്കാത്തവർക്കെതിരേ റിക്കവറി നടപടികളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ് .
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 65ലധികം ബാർ ഹോട്ടലുകളിൽ നടത്തിയ റിക്കവറി ഡ്രൈവിൽ 3.5 കോടി രൂപയാണ് പിരിച്ചെടുക്കാനായത്.
വകുപ്പ് നടത്തിയ അരിയർ റിക്കവറി ഡ്രൈവിലൂടെ 11 ഹോട്ടലുകൾ ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി. 25ലധികം ഹോട്ടൽ ഉടമകൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ആംനെസ്റ്റി പദ്ധതി നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, കുടിശിഖ ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശിക തീർപ്പാക്കത്തവർക്കെതിരേ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.
സ്വര്ണ വിലയില് വന് ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് ഇടിവ്. ഇന്നലെ രാവിലെ സ്വര്ണവില നിശ്ചയിക്കുന്ന സമയത്ത് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമായിരുന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയിലുമെത്തി.
ഉച്ചയ്ക്കുശേഷം സ്വര്ണവിലയില് വീണ്ടും ഇടിവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം ഗ്രാമിന് 9,095 രൂപയിലും പവന് 72,760 രൂപയിലും എത്തുകയായിരുന്നു.
ആഡംബര കപ്പൽ നിർമാണം; ഹൂഗ്ലി സിഎസ്എലും അന്താര റിവർ ക്രൂയിസസും കരാറിൽ
കൊച്ചി: ബ്രഹ്മപുത്ര നദിയിൽ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമാണത്തിനുള്ള കരാർ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്.
ഇതുസംബന്ധിച്ച് കപ്പൽശാലയുടെ ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി (ഹൂഗ്ലി സിഎസ്എൽ) ആഡംബര റിവർ ക്രൂയിസ് ഓപ്പറേറ്ററായ അന്താര റിവർ ക്രൂയിസസ് (ഹെറിറ്റേജ് റിവർ ജേർണീസ് പ്രൈവറ്റ് ലിമിറ്റഡ്) നിർമാണ കരാർ ഒപ്പുവച്ചു.
ആദ്യ കപ്പൽ നിർമാണത്തിനുള്ള കരാറിലും രണ്ടാമത്തേതിനായുള്ള ലെറ്റർ ഓഫ് ഇൻഡന്റിലുമാണ് ഹൂഗ്ലി സിഎസ്എൽ സിഇഒ സനിൽ പീറ്ററും അന്താര റിവർ ക്രൂയിസസ് സ്ഥാപകനും ചെയർമാനുമായ രാജ് സിംഗും ഒപ്പുവച്ചത്.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗംഗ, പത്മ, ബ്രഹ്മപുത്ര നദികളിലൂടെയുള്ള വിനോദ യാത്രകൾക്കു പേരുകേട്ടതാണ് അന്താര റിവർ ക്രൂയിസസ്.