സ്വർണക്കുതിപ്പ്; പവന് 70,160 രൂപ
Sunday, April 13, 2025 2:16 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.
ചരിത്രത്തിലാദ്യമായിട്ടാണ് സ്വര്‍ണവില പവന് 70,000 രൂപ കടക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 76,000 രൂപയെങ്കിലും നല്‍കണം.
സ്വര്‍ണവില കൂടുന്നതിന് ആധാരമായ ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും വ്യാപാരയുദ്ധങ്ങളും അതേപടി തുടരുകയാണ്.
തീരുവ കൂട്ടിയതു സംബന്ധിച്ച് ചൈനീസ് നടപടികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
വിവാഹസീസണ് ആരംഭിച്ചതോടെ സ്വര്‍ണത്തിന്റെ റിക്കാര്‍ഡ് വിലവര്‍ധന സാധാരണക്കാരുടെ വിവാഹസ്വപ്നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം, സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്.