കെ.വി. ബാലകൃഷ്ണൻ നായർ മലബാർ സിമന്റ്സ് എംഡി
Thursday, April 17, 2025 12:40 AM IST
തിരുവനന്തപുരം: മലബാർ സിമന്റ്സ് ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറായി കെ.വി.ബാലകൃഷ്ണൻ നായരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള പബ്ലിക്ക് എന്റർപ്രൈസസ് ( സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ലഭ്യമാക്കിയ സെലക്ട് ലിസ്റ്റിൽ നിന്നാണ് നിയമനം. എറണാകുളം കീഴില്ലം സ്വദേശിയാണ് ബാലകൃഷ്ണൻനായർ.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ 2020 ജനുവരി മുതൽ അഞ്ചു വർഷത്തേക്കുള്ള ശന്പളപരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചു.
കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് എട്ട് കുടുംബങ്ങൾക്കു നൽകിയ വസ്തുവും വീടും ദാനാധാരമായി രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാനും തീരുമാനിച്ചു.
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പത്താം ശന്പള കമ്മീഷൻ പ്രകാരമുള്ള പെൻഷൻ പരിഷ്കരണം നടപ്പാക്കിയ നടപടി സ്പോർട്സ് കൗണ്‍സിൽ നൽകിയ സ്പഷ്ടീകരണത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ സാധൂകരിച്ചു.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി സ്പോർട്സ് കൗണ്‍സിലിൽ നിന്നു ലഭ്യമായ സ്റ്റേറ്റ്മെന്റ് പ്രകാരം 11,28,15,304 രൂപ അനുവദിക്കാൻ അനുമതി നൽകി.