എയർ കേരള: ആദ്യ വിമാനം ജൂൺ രണ്ടാം വാരം
Wednesday, April 16, 2025 1:53 AM IST
ആലുവ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ എയർ കേരളയുടെ ആദ്യവിമാനം ജൂൺ രണ്ടാം വാരം കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്ക് പറന്നുയരുമെന്ന് ചെയർമാൻ അഫി അഹമ്മദ്, സിഇഒ ഹരീഷ് കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് സർട്ടിഫിക്കറ്റ് മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ഇരുവരും അറിയിച്ചു.
കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുകയാണു ലക്ഷ്യം. നിലവിൽ മൂന്നു വിമാനങ്ങൾ എയർലൈൻ ഐറിഷ് കമ്പനിയിൽനിന്നും വാടകയ്ക്കെടുത്തിട്ടുണ്ട്. രണ്ടു വിമാനങ്ങൾക്കൂടി ഉടനെത്തും. 72 സീറ്റ് വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. ഭാവിയിൽ സ്വന്തമായി വിമാനം വാങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
ദക്ഷിണേന്ത്യയിലെയും മധ്യേന്ത്യയിലെയും ചെറുപട്ടണങ്ങളെ മെട്രോ നഗരവുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
നിലവിൽ പദ്ധതിക്കായി 15 കോടി ചെലവഴിച്ചുകഴിഞ്ഞു. എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ 25 കോടികൂടി ചെലവഴിക്കണം. യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നതിനായി മാത്രം 75 കോടി വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ആലുവയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ചെയർമാൻ അഫി അഹമ്മദ്, സിഇഒ ഹരീഷ് കുട്ടി, വൈസ് ചെയർമാൻ അയൂബ് കല്ലട, ശ്രീജിത്ത് മുനീർ എന്നിവർ പ്രസംഗിച്ചു.