കൽക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ
Sunday, April 20, 2025 12:40 AM IST
ന്യൂഡൽഹി: മൊത്തത്തിലുള്ള വൈദ്യുതി ഉത്പാദനം വർധിച്ചുകൊണ്ടിരിക്കുന്പോഴും കൽക്കരി അധിഷ്ഠിത വൈദ്യുതി (താപവൈ ദ്യുതി) ഉത്പാദനം കോവിഡ് കാലത്തിനു (2021 സാന്പത്തിക വർഷം) ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വാർഷിക വളർച്ച 2024-2025 സാന്പത്തിക വർഷം.
2.8 ശതമാനം മാത്രം വളർച്ചയാണ് കഴിഞ്ഞസാന്പത്തിക വർഷം രേഖപ്പെടുത്തിയതെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എ നർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ഉയർന്ന വൈദ്യുതി ആവശ്യകതയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഉയർന്ന വൈദ്യുതി ആവശ്യത കഴിഞ്ഞസാന്പത്തിക വർഷം 240 ഗിഗാവാട്സിൽനിന്ന് 250 ഗിഗാവാട്സിലിലെത്തി. ഈ വർധിച്ച ആവശ്യം പ്രധാനമായും പുനരുപയോഗ ഊർജം ഉപയോഗിച്ചാണ് നിറവേറ്റിയത്.
2024-2025 സാന്പത്തിക വർഷത്തിൽ താപ വൈദ്യുത ഉത്പാദനം എല്ലാ പ്രധാന വൈദ്യുതി സ്രോതസുകളിലും ഏറ്റവും കുറഞ്ഞ വാർഷിക വളർച്ച രേഖപ്പെടുത്തി. 2.8 ശതമാനം മാത്രമാണ് വർധനവ്. കഴിഞ്ഞ മൂന്നു വർഷത്തെ താരതമ്യപ്പെടുത്തുന്പോൾ ഇത് വളരെ കുറവാണ്. 2024 സാന്പത്തിക വർഷം 9.9 ശതമാനം, 2023ൽ 8.2 ശതമാനം, 2022ൽ 7.96 ശതമാനം എന്നിങ്ങനെയായിരുന്നു വളർച്ച.
ആണവോർജം 18.4 ശതമാനമായി വർധിച്ചപ്പോൾ വലിയ ജലവൈദ്യുത പദ്ധതി, പുനരുപയോഗ ഊർജം യഥാക്രമം 10.8 ശതമാനം, 11.4 ശതമാനം ഉയർന്നു. താപവൈദ്യുത നിലയം ഒഴികെ മറ്റെല്ലാ ഉത്പാദന സ്രോതസുകളും മുൻവർഷത്തെ അപേക്ഷിച്ച് ശക്തമായ വളർച്ച കൈവരിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ വൈദ്യുതി ഉത്പാദനം 2025 സാന്പത്തിക വർഷത്തിൽ 1821 ബില്യൺ യൂണിറ്റ് (ബിയു) എന്ന പുതിയ ഉയരത്തിലെത്തി. 2024 സാന്പത്തികവർഷത്തിൽ ഉത്പാദിപ്പിച്ച 1734 ബിയുവിനെക്കാൾ അഞ്ചു ശതമാനം വർഷിക വളർച്ചയാണിത്. എന്നാൽ ഈ വളർച്ച മന്ദഗതിയിലാണ്. 2024ൽ മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനവും അതിനു മുന്പുള്ള വർഷം ഒന്പത് ശതമാനത്തിന്റെയും വർധനവായിരുന്നു.
2024-2025 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ എല്ലാ സ്രോതസിലും വൈദ്യുത ഉത്പാദനം ഉയർന്ന തലത്തിലായിരുന്നു.