യുപിഐ ഇടപാടുകൾ തടസപ്പെട്ടു
Sunday, April 13, 2025 1:06 AM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്നലെ യുപിഐ സേവനങ്ങൾ തടസപ്പെട്ടു. ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാതെയും ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോർട്ട്. മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിടുന്നത്.
രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഗൂഗിൾ പേ, ഫോണ് പേ, പേടിഎം സംവിധാനങ്ങളും സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഇന്റർനെറ്റ് മുഖേനയുള്ള സേവനങ്ങളിലുള്ള പ്രശ്നങ്ങളും തടസങ്ങളും തത്സമയം അവലോകനം ചെയ്യുന്ന ഡൗണ്ട്രാക്കർ റിപ്പോർട്ട് പ്രകാരം രണ്ടായിരത്തിലധികം പരാതികളാണ് ഉച്ചവരെ രേഖപ്പെടുത്തിയത്.
യുപിഐ ഇടപാടിൽ തടസം നേരിട്ടതിന് പിന്നിൽ സാങ്കേതിക പ്രശ്നങ്ങളാണെന്ന് ഇന്ത്യയിൽ റീട്ടെയിൽ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന എൻസിപിഐ ഒൗദ്യോഗിക എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ചില ആഭ്യന്തര സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നും ഇതാണ് സേവനങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് വിശദീകരണം. പ്രശ്നം വേഗത്തിൽ പരിഹരിക്കും എന്നും എൻസിപിഐ അറിയിപ്പിൽ പറയുന്നു. അടുത്തിടെ മാർച്ച് 26 നും, ഏപ്രിൽ രണ്ടിനും, ഏഴിനും രാജ്യത്തെ യുപിഐ സേവനങ്ങളിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു.