ഫാൻസി നന്പറിന് 45.99 ലക്ഷം രൂപ
Saturday, April 12, 2025 12:17 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
കേരളത്തിൽ വാഹനനന്പറുകൾ ലേലത്തിൽ വിളിച്ചെടുക്കുന്നത് പുതിയ കാര്യമല്ല. പുതിയതായി സ്വന്തമാക്കിയ വാഹനത്തിന് ലക്ഷങ്ങൾ ചെലവഴിച്ച് ഫാൻസി നന്പറുകൾ വാങ്ങിയ നിരവധി സംഭവങ്ങളും മുന്പുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വില കൂടിയ ഫാൻസി നന്പർ വിറ്റുപോയ കാര്യമാണ് സംസാര വിഷയം.
എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നന്പറാണ് 45.99 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. അതായത് പുതിയോരു ടൊയോട്ട ഫോർച്യൂണർ വാങ്ങുന്ന വില. കേരളത്തിൽ ഒരു ഫാൻസി നന്പറിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമാണ്. ഇതിനുമുന്പ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക 31 ലക്ഷം രൂപയായിരുന്നു.
കൊച്ചി സ്വദേശിയും സംരംഭകനുമായ വേണു ഗോപാലകൃഷ്ണനാണ് തന്റെ പുതിയ ലംബോർഗിനി ഉറുസ് പെർഫോമെന്റെ എസ്യുവിക്കു വേണ്ടി 45.99 ലക്ഷം രൂപ ചെലവോഴിച്ചത്. ഐടി കന്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്സൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് വേണു. KL 07 DG 0007 നന്പറിന്റെ പ്രാരംഭ ബുക്കിംഗ് വില 25,000 രൂപയായിരുന്നു. അഞ്ച് വ്യക്തികൾ ഈ നന്പർ ബുക്ക് ചെയ്തതോടെയാണ് ലേലം നടന്നത്. ഏപ്രിൽ 7ന് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിലാണ് ലേലം നടന്നത്.
ലംബോർഗിനി ഉറുസ് പെർഫോമെന്റെ
ലംബോർഗിനി ഉറുസ് എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച എസ്യുവി എന്നാണർഥം. ഉറുസുകളിലെ ഏറ്റവും കരുത്തനാണ് ഉറുസ് പെർഫോമെന്റെ എന്ന സൂപ്പർ എസ്യുവി. 2022 ലാണ് ഇന്ത്യയിൽ ഉറൂസ് പെർഫോമെന്റെ ഒൗദ്യോഗികമായി പുറത്തിറങ്ങിയത്. പഴയ പതിപ്പിനേക്കാൾ അല്പം കൂടുതൽ പവർ ഉത്പാദിപ്പിക്കുന്ന ഉറൂസിന്റെ പുതുക്കിയ പതിപ്പാണിത്.
പഴയ പതിപ്പിലെ എയർ സസ്പെൻഷന് പകരമായി ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണമാണ് പെർഫോമെന്റെയിലുള്ളത്. ഉറുസ് പെർഫോമെന്റെ മൂന്ന് ഓഫ് റോഡ് മോഡുകളായ സാബിയ (സാൻഡ്), നെവ് (സ്നോ), ടെറ (മഡ്) എന്നിവയ്ക്ക് പകരം ഒരൊറ്റ റാലി മോഡാണ് നൽകുന്നത്. ഉറുസിനേക്കാൾ 20 മില്ലിമീറ്റർ ഉയരം കുറഞ്ഞിട്ടുണ്ട്. 16 മില്ലിമീറ്റർ വീതിയും 25 മില്ലിമീറ്റർ നീളവും കൂടിയിട്ടുണ്ട്. ഉറുസ് പെർഫോമെന്റെയ്ക്ക് പഴയ വാഹനത്തേക്കാൾ 47 കിലോ ഭാരം കുറവാണ്. ഉറുസിലെ അതേ 4.0 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ് പുതിയ പതിപ്പിലും ഉള്ളത്.
എന്നാൽ, കരുത്ത് കൂടിയിട്ടുണ്ട്. നിലവിലെ ഉറുസിനേക്കാൾ 16 എച്ച്പി കൂടുതലാണ് പെർഫോമെന്റെ പതിപ്പിന്. 666 എച്ച്പി കരുത്തും 850എൻഎം ടോർക്കും പുതിയ വാഹനം ഉത്പാദിപ്പിക്കും. ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി വരുന്ന എസ്യുവിക്ക് 3.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 306 കിലോമീറ്ററാണ് പരമാവധി വേഗം.
ബോണറ്റിലെ പുതിയ എയർ വെന്റുകൾ, അഗ്രസീവ് ലുക്കുള്ള ഫ്രണ്ട് ബന്പർ, പുനർരൂപകൽപ്പന ചെയ്ത പിൻ ബന്പർ തുടങ്ങിയ മറ്റ് സൗന്ദര്യവർധക മാറ്റങ്ങൾ പെർഫോമെന്റെ എസ്യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലോയ് വീലുകളുടെ രൂപകൽപ്പനയും ഉറുസിൽനിന്ന് വ്യത്യസ്തമാണ്. 23 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷനലാണ്.
കാർബണ് ഫൈബർ ബോണറ്റ് സ്റ്റാൻഡേർഡ് ആണ്. പുതിയ പിൻ സ്പോയിലറും ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റ് പിടിത്തം 38 ശതമാനം കുറയാൻ സ്പോയിലർ സഹായിക്കും. സീറ്റുകൾക്ക് ഷഡ്ഭുജാകൃതിയിലുള്ള ഡിസൈനാണ്.
സീറ്റുകൾ, വാതിലുകൾ, റൂഫ് ലൈനിങ് എന്നിവയിൽ പെർഫോമെന്റ് ബാഡ്ജിംഗുമുണ്ട്. പുതിയ ലംബോർഗിനി ഉറുസ് പെർഫോമാന്റെയുടെ വില 4.18 കോടി രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.