ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ മാർഗനിർദേശങ്ങൾക്ക് അന്തിമരൂപം നൽകി
Sunday, April 20, 2025 12:40 AM IST
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറിന്റെ മാർഗനിർദേശങ്ങൾക്ക് അന്തിമരൂപം നൽകി. താരിഫ്, ചരക്കുകൾ, താരിഫ് കൂടാതെയുള്ള തടസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് അഗർവാൾ നയിക്കും. മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തുടർചർച്ചകൾ ഈ മാസം 23ന് വാഷിംഗ്ടണിൽ ആരംഭിക്കും. വ്യാപാരക്കരാറിന്റെ മാർഗനിർദേശങ്ങൾ കൂടുതൽ ചർച്ച ചെയ്യുകയും ആവശ്യമെങ്കിൽ വീണ്ടും പരിഷ്കരിക്കുകയും ചെയ്യും.
ഇതേ വിഷയത്തിൽ ഉന്നതോദ്യോഗസ്ഥ തല ചർച്ചകൾ കഴിഞ്ഞ മാസം നടന്നിരുന്നു. 2030 ആകുന്നതോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 500 ബില്യണ്‍ ഡോളറിൽ എത്തിക്കുകയെന്നതാണു ലക്ഷ്യം. 2021-22 മുതൽ 2024-25 സാന്പത്തിക വർഷം യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യയാണ്.
ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച സാഹചര്യത്തിൽ ഇടക്കാല വ്യാപാരക്കരാറിന് അന്തിമരൂപം നൽകാൻ ശ്രമിക്കുമെന്ന് ഇന്ത്യയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു. ചർച്ചകൾ എത്രയും വേഗം അന്തിമഘട്ടത്തിലെത്തിക്കുമെന്ന് ഈ മാസം 15ന് കൊമേഴ്സ് സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞിരുന്നു.
വ്യവസായ ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, പെട്രോക്കെമിക്കൽ ഉൽപ്പന്നങ്ങൾ, വിവിധ കാർഷികോൽപ്പന്നങ്ങൾ എന്നിവയ്ക്ക് തീരുവയിളവ് നേടുകയെന്നതാണ് യുഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനം യുഎസിലേക്കാണ്. 6.22 ശതമാനമാണ് ഇറക്കുമതി.
പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ടെലികോം ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്വർണം, ആഭരണങ്ങൾ എന്നിവയായിരുന്നു 2024ൽ ഇന്ത്യ യുഎസിലേക്ക് കയറ്റിയയച്ച പ്രധാന വസ്തുക്കൾ. കൽക്കരി, പോളിഷ് ചെയ്ത വജ്രങ്ങൾ, ക്രൂഡ് ഓയിൽ എയർക്രാഫ്റ്റ്, സ്പേസ്ക്രാഫ്റ്റ് എന്നിവയാണ് പ്രധാനമായും ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്.