ഓഹരി വിപണിയിൽ ബുൾ തരംഗം
ഓഹരി അവലോകനം /സോണിയ ഭാനു
Monday, April 21, 2025 2:02 AM IST
യുഎസ് പുതുക്കിയ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചത് രാജ്യാന്തര ഫണ്ടുകളെ നമ്മുടെ മാർക്കറ്റിലേക്ക് അടുപ്പിച്ചു. പിന്നിട്ട വാരം ഇതേ കോളത്തിൽ സൂചന നൽകിയതാണ് വിദേശ ഫണ്ടുകളുടെ സാന്നിധ്യം വർധിക്കുമെന്ന്, അത് ശരിവയ്ക്കുന്ന കണക്കുകളാണ് വിപണി കഴിഞ്ഞ ദിവസം പുറത്തുവിട്ടതും. അനുകൂല സാഹചര്യം മുതലാക്കി ആഭ്യന്തര ഫണ്ടുകൾ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് മത്സരിച്ചു. അതേസമയം വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന മൂന്ന് ദിവസങ്ങളിലും നിക്ഷേപകരായിരുന്നു. സെൻസെക്സ് 3395 പോയിന്റും നിഫ്റ്റി 1023 പോയിന്റും ഉയർന്നു.
നിഫ്റ്റി സൂചിക 22,828ൽനിന്നും നേട്ടത്തോടെയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. പ്രതീക്ഷിച്ച പോലെ തന്നെ വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ വാങ്ങലുകാരായതോടെ സൂചിക 23,872 പോയിന്റ് വരെ മുന്നേറി. പ്രദേശിക നിക്ഷേകപരും വിപണിയുടെ മുന്നേറ്റത്തിന് ശക്തമായ പിൻതുണ നൽകി, ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ വില്പനക്കാരായി ബാധ്യതകൾ കുറച്ചു.
വാരാന്ത്യക്ലോസിങിൽ നിഫ്റ്റി 23,851ലാണ്. നിഫ്റ്റിക്ക് ഈവാരം 24,187 പോയിന്റിൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 24,524ലേക്ക് സഞ്ചരിക്കാം. വിപണിയുടെ താങ്ങ് 23,198-22,546 പോയിന്റിലാണ്. മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ നിക്ഷേപകർക്ക് അനുകൂലം. അതേസമയം മറ്റ് പല ഇൻഡിക്കേറ്ററുകളും ഓവർ ബോട്ടായ സാഹചര്യത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് നീക്കം നടത്താം.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചർ നാല് ശതമാനം ഉയർന്ന് 23,851ലേക്ക് കയറി. ഇതിനിടയിൽ ഓപ്പണ്‍ ഇന്ററസ്റ്റിൽ പത്ത് ശതമാനം ഇടിവ് സംഭവിച്ച് 116.2 ലക്ഷം കരാറുകളായി. മുന്നേറ്റത്തിനിടയിൽ ഉൗഹക്കച്ചവടക്കാർ നടത്തിയ ഷോർട്ട് കവറിങ്ങായി ഇതിനെ വിലയിരുത്താം. അതേസമയം മേയ് ഫ്യൂച്ചർ നാല് ശതമാനം മികവോടെ 23,956ലേക്ക് കയറിയതിനൊപ്പം ഓപ്പണ്‍ ഇന്ററസ്റ്റ് 50 ശതമാനം വർധിച്ച് 27.2 ലക്ഷമായി. അതായത് ഹ്രസ്വകാലയളവിൽ മുന്നേറാനുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നിഫ്റ്റി ഫ്യൂച്ചർ ഡെയ്ലി ചാർട്ടും ബുള്ളിഷ് സിഗ്നലുകൾ നൽകുന്നു.
ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ സൂചിക നേരിയ റേഞ്ചിൽ നീങ്ങാമെന്ന സൂചനയാണ് മുൻവാരം നൽകിയതെങ്കിലും വിദേശ ഫണ്ടുകളുടെ കടന്നുവരവ് വിപണിയെ അടിമുടി ഉഴുതുമറിച്ചു. സെൻസെക്സ് 75,157 പോയിന്റിൽനിന്നും 78,616വരെ കുതിച്ചു. വ്യാപാരാന്ത്യം സൂചിക 78,553 പോയിന്റിലാണ്. ഈവാരം 79,727ലെ പ്രതിരോധം മറികടന്നാൽ 80,907നെ ലക്ഷ്യമാക്കും. അതേസമയം ഉയർന്ന റേഞ്ചിൽ വില്പന സമ്മർദം ഉടലെടുത്താൽ 76,268ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഓപ്പറേറ്റർമാർ മൂന്ന് ദിവസങ്ങളിലായി മൊത്തം 14,670.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 6,470.52 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിനിമയ വിപണിയിൽ രൂപ 86.05ൽനിന്നും 85.27ലേക്ക് കരുത്തു നേടിയെങ്കിലും വാരാന്ത്യം 85.37ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 85.10ലേക്കും തുടർന്ന് 85ലേക്കും രൂപയുടെ മൂല്യം വർധിക്കാം. നിലവിലെ സാഹചര്യത്തിൽ ദുർബലമായാൽ 85.70ൽ താങ്ങു പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം. എണ്ണ അവധി വിലകൾ ബാരലിന് നാല് ശതമാനം ഉയർന്ന് 68 ഡോളറായി. വിപണി 71.51 ഡോളർ വരെ മുന്നേറാമെങ്കിലും ഉയർന്ന തലത്തിൽ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം നടത്താം. അത്തരം ഒരു സാഹചര്യം ക്രൂഡ് ഓയിലിനെ 61-58 ഡോളറിലേക്ക് തിരുത്തലിനും ഇടയാക്കാം.
വിദേശനാണ്യശേഖരം ഏപ്രിൽ 11ന് അവസാനിച്ച വാരം 1.567 ബില്യണ്‍ ഡോളർ വർധിച്ച് 677.835 ബില്യണ്‍ ഡോളറായി. തുടർച്ചയായ ആറാം വാരമാണ് കരുതൽധനം ഉയരുന്നത്. തൊട്ട് മുൻവാരം കരുതൽധനം 676.268 ബില്യണ്‍ ഡോളറായിരുന്നു. സെപ്റ്റംബറിൽ വിദേശ നാണ്യ കരുതൽ ശേഖരം റിക്കാർഡായ 704.885 ബില്യണിലെത്തി. ആ അവസരത്തിലാണ് വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ വില്പനയ്ക്കും ചൈനയിൽ നിക്ഷേപത്തിനും നീക്കം നടത്തിയത്. അന്താരാഷ്ട്ര തലത്തിലെ പുതിയ മാറ്റങ്ങളും യുഎസ് -ചൈന ബന്ധത്തിലെ അസഹിഷ്ണുതയും കണക്കിലെടുത്താൽ പിൻവലിച്ച പണം തിരിച്ചെത്താനാണു സാധ്യത.
അന്താരാഷ്ട്ര സ്വർണവില കത്തിക്കയറി. ട്രോയ് ഒൗണ്‍സിന് 3227 ഡോളറിൽനിന്നും 3359.90 വരെ ഉയർന്ന് പുതിയ റിക്കാർഡ് സ്ഥാപിച്ചശേഷം വാരാന്ത്യം 3327 ഡോളറിലാണ്. ഒരു മാസത്തിനിടയിൽ ട്രോയ് ഒൗണ്‍സിന് 295 ഡോളറും ഒരു വർഷകാലയളവിൽ 945 ഡോളറും കയറി.