ആശ്വാസത്തിൽ ഓഹരി വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, April 14, 2025 1:15 AM IST
താരിഫ് യുദ്ധത്തിലെ വിജയപരാജയങ്ങളെ കുറിച്ചുള്ള ആശങ്കകൾ മാറിച്ചിന്തിക്കാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത് ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ആശ്വാസം പകർന്നു.
എന്നാൽ, യു എസ്-ബെയ്ജിംഗ് പോരാട്ടം പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം ഫോറെക്സ് മാർക്കറ്റിൽ ഡോളറിനെ സമ്മർദത്തിലാക്കും. അതിന്റെ ആദ്യ സൂചനയെന്നോണം മൂന്നു വർഷത്തിനിടയിൽ ഏറ്റവും മികച്ച കുതിച്ചുചാട്ടം യൂറോ കാഴ്ചവച്ചു. യുറോയുടെ പാത ജാപ്പനീസ് യെന്നും കാഴ്ചവയ്ക്കുമെന്നത് ഏഷ്യൻ നാണയങ്ങളുടെ തിളക്കം വർധിപ്പിക്കാം.
യെന്നിന്റെ വിനിമയ മൂല്യം 150ൽനിന്നും 142 ലേക്ക് കയറിയതിനിടയിൽ ഡോളറിനു മുന്നിൽ ഇന്ത്യൻ രൂപ 86.05ലേക്കു ശക്തിപ്രാപിച്ചു. നാണയ വിപണിയിലെ ഈ മണികിലുക്കം രാജ്യാന്തര ഫണ്ടുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പരവതാനി വിരിക്കുമെന്നത് ബ്ലൂചിപ്പ് ഓഹരികൾക്ക് മികവു സമ്മാനിക്കാം. കഴിഞ്ഞവാരം റിസർവ് ബാങ്ക് പലിശനിരക്കിൽ വരുത്തിയ കുറവ് പണപെരുപ്പം പിടിച്ചുനിർത്താൻ ഉപകരിക്കുമെന്നത് സന്പദ്ഘടനയുടെ വളർച്ചയ്ക്ക് വേഗത പകരും.
ഇന്ത്യൻ ഇൻഡക്സുകൾ തുടർച്ചയായ രണ്ടാം വാരത്തിലും നഷ്ടത്തിലാണെങ്കിലും അമേരിക്ക മൂന്ന് മാസ കാലയളവിലേക്ക് പുതുക്കിയ താരിഫുകൾ മരവിപ്പിക്കുമെന്നത് വിപണിക്ക് പുത്തൻ ഉണർവ് പകരും. യുഎസ് പ്രഖ്യാപനം വാരാന്ത്യം സെൻസെക്സിനെയും നിഫ്റ്റിയെയും ഉയർത്തി. അനുകൂല സാഹചര്യം മുതലാക്കാൻ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപം ഉയർത്തിയത് ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാം. അതേസമയം അവധികൾ മൂലം ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒരുങ്ങുമെന്നത് വിദേശ ഫണ്ടുകളുടെ സാന്നിധ്യം കുറയ്ക്കാം. പിന്നിട്ടവാരം സെൻസെക്സ് 207 പോയിന്റും നിഫ്റ്റി സൂചിക 75 പോയിന്റും നഷ്ടത്തിലാണ്.
കോർപറേറ്റ് മേഖലയിൽ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവന്നുതുടങ്ങി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഫെബ്രുവരിയിൽ 87.60ലേക്ക് ദുർബലമായത് പല കന്പനികളുടെയും ലാഭവിഹിതത്തിൽ പ്രതിഫലിക്കാം. അതേ സമയം മൂല്യത്തകർച്ചയിൽനിന്നും ചുരുങ്ങിയ ആഴ്ചകളിൽ ഏകദേശം ഒന്നര രൂപയുടെ തിരിച്ചുവരവ് നാണയം കാഴ്ചവച്ചത് പ്രതീക്ഷപകരുന്നു.
നിഫ്റ്റി സൂചികയെ 22,904ൽനിന്നും 22,916 വരെ ഉയരാൻ വില്പനക്കാർ അനുവദിച്ചുള്ളൂ. വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്ടിച്ച വില്പന തരംഗത്തിൽ 2024 ജൂണിന് ശേഷം ആദ്യമായി നിഫ്റ്റി ഒരു വേള 21,743ലേക്ക് ഇടിഞ്ഞു. താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകർ കടന്നുവന്നത് നിഫ്റ്റിയെ വാരാന്ത്യം 22,828 പോയിന്റിലേക്ക് ഉയർത്തി. ഈ വാരം ആദ്യ താങ്ങ് 22,075 ലാണ്, ഇത് നിലനിർത്തിയാൽ മുന്നേറ്റം 23,248-23,668ലേക്ക് തുടരാം. ആദ്യം സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 21,322 ലേക്ക് പരീക്ഷണം നടത്താം. മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ, എംഎസിഡി എന്നിവ വില്പക്കാർക്ക് അനുകൂലമാണ്.
സെൻസെക്സ് 75,364 പോയിന്റിൽനിന്നും 75,424 വരെ ഉയരാനായുള്ളൂ, ഇതിനിടയിൽ വിദേശ വിപണികളിൽനിന്നുള്ള പ്രതികൂല വാർത്തകൾ ഏഷ്യൻ മാർക്കറ്റുകളെ പിടിച്ചുലച്ചതോടെ അതേ പാതയിലേക്ക് ഇന്ത്യൻ ഇൻഡക്സുകളും തിരിഞ്ഞതിനാൽ 71,990ലേക്ക് ഇടിഞ്ഞു. എന്നാൽ, വ്യാപാരാന്ത്യം പുതിയ ബയിംഗിന്റെ കരുത്തിൽ സെൻസെക്സ് 75,157 പോയിന്റിലാണ്. ഈവാരം 76,390 ലെ പ്രതിരോധം തകർക്കാൻ അവസരം ലഭിച്ചാൽ 77,624നെ ലക്ഷ്യമാക്കും. എന്നാൽ, വിൽപ്പന സമ്മർദം ഉടലെടുത്താൽ 72,956-70,756ലേക്ക് തിരിയാം. ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നത് സൂചിക നേരിയ റേഞ്ചിൽ നീങ്ങാൻ ഇടയാക്കാം.
സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ കേന്ദ്ര ബാങ്ക് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങിയാൽ രൂപയിലും വൻ ചാഞ്ചാട്ടം സംഭവിക്കുമെന്ന് മുൻവാരം സൂചിപ്പിച്ചത് ശരിവച്ചു. രൂപയുടെ മൂല്യം 85.22ൽ നിന്നും 85.85ലെ താങ്ങു മറികടന്ന് 86.70ലേക്ക് ദുർബമായെങ്കിലും വാരാന്ത്യം രൂപ 86.05ലാണ്. ഈവാരം രൂപയ്ക്ക് 86.83ൽ പ്രതിരോധവും 85.78ൽ താങ്ങുമുണ്ട്.
വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ച് മൊത്തം 20,911.30 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷപകരായി ഉറച്ചുനിന്ന് 21,955.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ആഗോള സ്വർണ വിലയിൽ ശക്തമായ മലക്കംമറിച്ചിൽ. ട്രോയ് ഔൺസിന് 3036 ഡോളറിൽ നിന്നും റിക്കാർഡായ 3164 ഡോളറിലെ പ്രതിരോധം തകർത്ത് എക്കാലത്തെയും ഉയർന്ന നിരക്കായ 3246.80 ഡോളർ വരെ മഞ്ഞലോഹം വാരാന്ത്യം മുന്നേറി. ഓഹരികളിലെ തളർച്ചയും ഡോളർ മൂല്യത്തിലുണ്ടായ ഇടിവും യൂറോയുടെ മുന്നേറ്റവുമെല്ലാം നിക്ഷേപകരെ ആകർഷിച്ചു. ഒരു മാസത്തിൽ സ്വർണ വില 250 ഡോളർ വർധിച്ചപ്പോൾ ഒരു വർഷത്തിനിടയിലെ വർധന ട്രോയ് ഔൺസിന് 893 ഡോളറാണ്.