ചില്ലറ പണപ്പെരുപ്പം കുറയുന്നു
Wednesday, April 16, 2025 1:53 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) മാർച്ചിൽ വാർഷികാടിസ്ഥാനത്തിൽ 3.34% ആയി കുറഞ്ഞു. 2019 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഫെബ്രുവരിയിലേക്കാൾ 27 ബേസിസ് പോയിന്റിന്റെ കുറവാണ് മാർച്ചിൽ. ഫെബ്രുവരിയിലെ പണപ്പെരുപ്പം ഏഴ് മാസത്തെ കുറഞ്ഞ നിരക്കായ 3.61 ശതമാനത്തിലായിരുന്നു. കേന്ദ്രത്തിന്റെ കണക്കിനു വിരുദ്ധമായി അവശ്യവസ്തുക്കളുടെ വിലക്കയറ്റതോതിൽ കേരളം തുടർച്ചയായ മൂന്നാം മാസവും ഒന്നാമതെത്തി.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ തുടർച്ചയായ കുറവുണ്ടായതാണ് മാർച്ചിൽ പണപ്പെരുപ്പം കുറയാൻ കാരണമായത്. ഓൾ ഇന്ത്യ ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് 2024 മാർച്ചിനെ അപേക്ഷിച്ച് ഈ മാർച്ചിൽ 2.69 ശതമാനമായി. ഫെബ്രുവരിയിൽ 3.75 ശതമാനമായിരുന്നു. പച്ചക്കറികൾ, മുട്ട, പയർവർഗങ്ങൾ, മാംസം, മത്സ്യം, ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് ഭക്ഷ്യ പണപ്പെരുപ്പം കുറയാനിടയാക്കിയത്.
ഫെബ്രുവരിയെ താരതമ്യപ്പെടുത്തുന്പോൾ മാർച്ചിൽ ഭക്ഷ്യപണപ്പെരുപ്പത്തിൽ 106 ബേസിസ് പോയിന്റിന്റെ കുത്തനെയുള്ള കുറവാണുണ്ടായത്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പ നിരക്കാണിത്.
ഗ്രാമീണമേഖലയിലാണ് പണപ്പെരുപ്പ നിരക്ക് പ്രധാനമായും കുറഞ്ഞത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.79 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.25 ശതമാനമായി കുറഞ്ഞു. ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം 4.06 ശതമാനത്തിൽ നിന്ന് 2.82 ശതമാനമായി ചുരുങ്ങി. നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം മുൻ മാസത്തെ 3.32 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.43 ശതമാനത്തിലേക്ക് അല്പം ഉയർന്നു. എന്നാൽ ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.15 ശതമാനത്തെ അപേക്ഷിച്ച് മാർച്ചിൽ 2.48 ശതമാനമായി.
ഭവനമേഖലയിലെ പണപ്പെരുപ്പം മാർച്ചിൽ 3.03 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ ഇത് 2.91% ആയിരുന്നു. നഗരപ്രദേശങ്ങൾക്ക് മാത്രമായാണ് ഈ സൂചിക സമാഹരിച്ചിരിക്കുന്നത്.
ഫെബ്രുവരിയിൽ -1.33% എന്ന നെഗറ്റീവ് ടെറിട്ടറിയിൽ ആയിരുന്ന ഇന്ധന, ലൈറ്റ് പണപ്പെരുപ്പം മാർച്ചിൽ 1.48% എന്ന പോസിറ്റീവ് നിലയിലേക്ക് തിരിച്ചെത്തി.
വിദ്യാഭ്യാസ പണപ്പെരുപ്പം 3.83 ശതമാനത്തിൽനിന്ന് 3.98 ശതമാനമായി നേരിയ തോതിൽ ഉയർന്നപ്പോൾ ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം 4.12 ശതമാനത്തിൽനിന്ന് 4.26 ശതമാനമായി ഉയർന്നു. ഗതാഗത, ആശയവിനിമയ ചെലവുകളും മുൻമാസത്തെ മാസത്തെ 2.93 ശതമാനത്തിൽ നിന്ന് മാർച്ചിൽ 3.30% ആയി ഉയർന്നു.
മാർച്ചിൽ പണപ്പെരുപ്പ നിരക്ക് ഉയർന്ന അഞ്ച് ഇനങ്ങൾ- വെളിച്ചെണ്ണ (56.81%), തേങ്ങ (42.05%), സ്വർണം (34.09%), വെള്ളി (31.57%), മുന്തിരി (25.55%). പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറഞ്ഞ അഞ്ച് ഇനങ്ങൾ- ഇഞ്ചി (-38.11%), തക്കാളി (-34.96%), കോളിഫ്ളവർ (-25.99%), ജീരകം (-25.86%), വെളുത്തുള്ളി (-25.22%) എന്നിവയാണ്.
കേരളം മുന്നിൽ
അവശ്യസാധനങ്ങളുടെ വിലക്കയറ്റതോതിൽ തുടർച്ചയായ മൂന്നാം മാസവും കേരളം ഒന്നാമത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്റേത്. 6.59 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 7.31 ശതമാനത്തേക്കാൾ കുറഞ്ഞു. കർണാടക (4.44%), ഛത്തീസ്ഗഡ് (4.25%), ജമ്മു കാഷ്മീർ (4.00%), മഹാരാഷ് ട്ര (3.86%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ നാലു മുതൽ അഞ്ചു സ്ഥാനങ്ങളിൽ.