തുടർച്ചയായ മൂന്നാംവർഷം സിഡ്കോയ്ക്ക് 200 കോടിക്കുമേൽ വിറ്റുവരവ്
Wednesday, April 16, 2025 1:53 AM IST
തിരുവനന്തപുരം: പ്രവർത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്പതു വർഷത്തെ ഏറ്റവും ഉയർന്ന തുകയായ 238 കോടിയിൽ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ കഴിഞ്ഞ സാമ്പത്തികവർഷം ചരിത്രനേട്ടം കൈവരിച്ചു.
2.83 കോടി രൂപയുടെ പ്രവർത്തനലാഭമാണ് 2024-25ൽ സിഡ്കോ കൈവരിച്ചത്. മുൻ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവർത്തനലാഭവുമാണ് ഉണ്ടായിരുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ വ്യവസായ സൗഹൃദ നയം ഫലപ്രദമായി നടപ്പാക്കി തുടർച്ചയായ മൂന്നാം വർഷവും 200 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് നേടാൻ സിഡ്കോയ്ക്ക് കഴിഞ്ഞത് എംഎസ്എംഇ യൂണിറ്റുകൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
സിഡ്കോയുടെ അസംസ്കൃത പദാർഥ വിപണന വിഭാഗം നേടിയ വിറ്റുവരവായ 156.61 കോടി രൂപ കഴിഞ്ഞ ഒന്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ്. 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂണിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് കഴിഞ്ഞ വർഷം നേടിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം 50 കോടി രൂപയുടെ വിറ്റുവരവിലൂടെ 264 എംഎസ്എംഇ യൂണിറ്റുകൾക്ക് വിപണനസഹായം നൽകാൻ സിഡ്കോയ്ക്ക് കഴിഞ്ഞതായി ചെയർമാൻ സി.പി. മുരളി പറഞ്ഞു. സിഡ്കോ രൂപീകരിച്ച് അര നൂറ്റാണ്ട് പൂർത്തിയാകുകയാണ്.