ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്താൻ ജപ്പാൻ ബുള്ളറ്റ് ട്രെയിനുകൾ നൽകും
Sunday, April 20, 2025 12:40 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്ത് വരാൻ പോകുന്ന അതിവേഗ ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടത്തിനും പരിശോധനകൾക്കുമായി ജപ്പാൻ അവരുടെ പ്രശസ്തമായ ഷിൻകൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യക്ക് കൈമാറും. മുംബൈ- അഹമ്മദാബാദ് നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടങ്ങൾക്കായി ഈ ട്രെയിനുകൾ ഉപയോഗിക്കും.
രാജ്യത്തിന് കൈമാറുന്ന പ്രത്യേക ട്രെയിനുകളുടെ നിർമാണം ജപ്പാനിൽ പുരോഗമിക്കുകയാണ്. ഒരു ട്രെയിൻ ഇ-അഞ്ച് സീരീസിലേതും മറ്റൊന്ന് ഇ-മൂന്ന് സീരീസിലേതുമായിരിക്കും. ഇന്ത്യയിലെ പരീക്ഷണ പരിശോധനാ ആവശ്യങ്ങൾക്കായി പ്രത്യേക ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ശേഷം അടുത്ത വർഷത്തിന്റെ തുടക്കത്തിൽതന്നെ രണ്ട് ട്രെയിനുകളും ഇന്ത്യയിൽ എത്തും.
മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽവേ ഇടനാഴിയിൽ 320 കിലോമീറ്റർ വേഗതയിലുള്ള ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷനാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ജപ്പാൻ നൽകുന്ന രണ്ട് ട്രെയിനുകൾ പരീക്ഷണ ഓട്ടങ്ങൾക്കായി ഇന്ത്യ ഉപയോഗിക്കും.ഇന്ത്യൻ കാലാവസ്ഥയിൽ പ്രത്യേകിച്ച് ഉയർന്ന താപനിലയിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും ബുള്ളറ്റ് ട്രെയിനുകൾ എങ്ങനെ സുഗമമായി പ്രവർത്തിപ്പിക്കാം എന്നത് സംബന്ധിച്ച പ്രധാന വിവരങ്ങൾ ശേഖരിക്കാൻ ജപ്പാൻ ട്രെയിനുകൾ സഹായകരമാകും.
ഭാവിയിൽ ഇന്ത്യ സ്വന്തമായി ഇ-10 ട്രെയിനുകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തയാറെടുപ്പുകൾക്കും ആസന്നമായ പരീക്ഷണ ഓട്ടങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജപ്പാനിലെ അതിവേഗ ഷിൻകൻസൻ ട്രെയിനുകളുടെ ഏറ്റവും പുതിയ പതിപ്പാണ് ഇ- 10.
2030ന്റെ തുടക്കത്തിൽ ഇ-10 സീരീസ് ബുള്ളറ്റ് ട്രെയിനുകൾ മുംബൈക്കും അഹമ്മദാബാദിനും മധ്യേയുള്ള 500 കിലോമീറ്റർ അതിവേഗ റെയിൽപ്പാതയിൽ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ-ജപ്പാൻ സംയുക്ത സംരംഭമായാണ് ഈ ട്രെയിനുകൾ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും 2016ൽതന്നെ ഒപ്പുവച്ചിരുന്നു. മേയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് കരാർ. ജാപ്പനീസ് ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ ഇന്ത്യയുമായി പങ്കിടാനും കരാർ അനുവദിക്കുന്നു.