സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍; പവന് 70,520 രൂപ
Thursday, April 17, 2025 12:40 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപയായിട്ടുണ്ട്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും തീരുവ തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ലാത്ത സാഹചര്യത്തിൽ സ്വര്‍ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സ്വര്‍ണവില വര്‍ധിക്കുന്നതുമൂലം ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനും മൂല്യം ഉയരുകയാണ്. ഇന്ത്യയില്‍ സ്വര്‍ണം കൈവശമുള്ളതില്‍ കേരളത്തിലാണ് ആളോഹരിയില്‍ കൂടുതലുള്ളത്. 25,000 ടണ്ണിലധികം സ്വര്‍ണമാണ് ഇന്ത്യയില്‍ ജനങ്ങളുടെ കൈവശമുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വികസിത രാജ്യങ്ങളായ അമേരിക്ക ഉള്‍പ്പെടെയുള്ള പത്തു രാജ്യങ്ങളുടെ റിസര്‍വ് സ്വര്‍ണത്തേക്കാള്‍ കൂടുതലാണിത്.
വിഷു, ഈസ്റ്റര്‍, അക്ഷയ തൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണവില വര്‍ധിക്കുന്നത് ചെറിയതോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞിട്ടില്ല.